Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനത് ജയസൂര്യ ഇതാ ക്രെച്ചസിൽ; എന്താണ് സത്യാവസ്ഥ?

Jayasuriya

കൊളംബോ ∙ ഒരു കാലത്ത് പവർ ഹിറ്റുകളിലൂടെ ബോളർമാരുടെ ഉറക്കം കെടുത്തിയിരുന്ന മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രങ്ങൾ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ? വർഷങ്ങളായി അലട്ടുന്ന മുട്ടുവേദന അടുത്തിടെ കലശലായതാണ് നാൽപ്പത്തിയെട്ടുകാരനായ ജയസൂര്യയെ ക്രച്ചസിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ക്രച്ചസിന്റെ സഹായത്തോടെയല്ലാതെ നടക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ജയസൂര്യയെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ജയസൂര്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

ഉടൻ തന്നെ ഓസ്ട്രേലിയയിലെ മെൽബണിൽ ജയസൂര്യ പ്രധാനപ്പെട്ടൊരു സർജറിക്ക് വിധേയനാകുമെന്നാണ് റിപ്പോർട്ട്. ഓപ്പറേഷനു ശേഷം കുറഞ്ഞത് ഒരു മാസമെങ്കിലും ജയസൂര്യയ്ക്ക് സമ്പൂർണ വിശ്രമം  വേണ്ടിവരുമെന്നാണ് വിവരം. അതുവരെ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും.

ശ്രീലങ്കൻ ക്രിക്കറ്റിനെ മികവിന്റെ ഔന്നത്യങ്ങളിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് ജയസൂര്യ. ശ്രീലങ്ക ലോകചാംപ്യൻമാരായ 1996 ലോകകപ്പോടെയാണ് ജയസൂര്യയുടെ കരിയറിലെ സുവർണ കാലഘട്ടം ആരംഭിക്കുന്നത്. 1999 മുതൽ 2003 വരെ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ജയസൂര്യ. 2003ലെ ഏകദിന ലോകകപ്പിൽ സെമിയിൽ തോറ്റതോടെയാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്.

ടെസ്റ്റും ഏകദിനവും ട്വന്റി20യുമുൾപ്പെടെ 586 രാജ്യാന്തര മൽസരങ്ങളാണ് ജയസൂര്യ കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 21,000ൽ അധികം റൺസും 440 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള ജയസൂര്യ, ലക്ഷണമൊത്ത ഒരു ഓൾറൗണ്ടർ കൂടിയായിരുന്നു. ടെസ്റ്റിൽ 14ഉം ഏകദിനത്തിൽ 28ഉം സെഞ്ചുറിയും ജയസൂര്യയുടെ പേരിലുണ്ട്. ഐപിഎല്ലിന്റെ തുടക്കകാലത്ത് മുംബൈ ഇന്ത്യൻസിന്റെ താരം കൂടിയായിരുന്നു ജയസൂര്യ.

2011ൽ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ജയസൂര്യ, 2013ൽ മുഖ്യ സെലക്ടറായി അവരോധിക്കപ്പെട്ടു. നാലു വർഷത്തോളം ഈ പദവിയിലിരുന്ന ജയസൂര്യ, കഴിഞ്ഞ വർഷം ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങളിൽ ശ്രീലങ്ക ഇന്ത്യയോടു തോറ്റതോടെയാണ് തൽസ്ഥാനം രാജിവച്ചത്.

related stories