Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലിപ്പില്ല’, കപ്പടിക്കണം; കാരണം, ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’!

Rahul Dravid

ആരാണു സന്തോഷം ആഗ്രഹിക്കാത്തത്..! ഈ പരസ്യം സിനിമാ തിയറ്ററുകളിൽ കണ്ടുപഴകി ഉള്ള സന്തോഷം പോയപ്പോഴാണ് രാഹുൽ ദ്രാവിഡ് സൗമ്യനായി സ്ക്രീനിലേക്കു വന്നത്. ക്രിക്കറ്റ് പിച്ചിലും ദ്രാവിഡ് സൗമ്യനായിരുന്നു, വിശ്വസ്തനായിരുന്നു. മാന്യൻമാരുടെ കളിയിലെ മാന്യൻ, ഇന്ത്യയുടെ വൻമതിൽ!.. വിശേഷണങ്ങൾ ഒരുപാടുണ്ട് രാഹുൽ ദ്രാവിഡ് എന്ന ക്രിക്കറ്റർക്ക്. വിലപേശി പരസ്യങ്ങളിൽ അഭിനയിക്കാനോ, പണമൊഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കടിച്ചുതൂങ്ങാനോ ദ്രാവിഡിനെ കിട്ടില്ല. കളത്തിലും ജീവിതത്തിലും രാഹുൽ ദ്രാവിഡ് ക്ലാസാണ്. 

ക്രിക്കറ്റ് കരിയർ അവസാനിച്ചതിനുശേഷം ഇന്ത്യൻ ക്രിക്കറ്റിലെ ഗ്ലാമർ ലോകത്ത് ദ്രാവിഡിനെ പിന്നീടു കണ്ടില്ല. അണ്ടർ 19 ടീമിനെ കെട്ടിപ്പടുക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ദ്രാവിഡ്. ടീം ഇന്ത്യയുടെ നീല ജഴ്സിയിൽ നാളെ കളിക്കേണ്ടവരെ ഒരുക്കുകയെന്ന ദൗത്യം ദ്രാവിഡ് ഏറ്റെടുത്തു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനു മുൻപായി പരിശീലന മൽസരങ്ങൾക്കിറങ്ങാനുള്ള അവസരം വേണ്ടെന്നുവച്ച സീനിയർ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും ആവശ്യത്തിലധികം പഴി ഇതിനകംതന്നെ കേട്ടുകഴിഞ്ഞു. ഇവിടെയാണ് ദ്രാവിഡ് വ്യത്യസ്തനാകുന്നത്.

ന്യൂസീലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിന് ഇന്ത്യൻ താരങ്ങളെ നേരത്തേ അയയ്ക്കണമെന്ന് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ പങ്കെടുക്കുന്ന താരങ്ങളിൽ ശ്രീലങ്കയുമായുള്ള പരമ്പരയിൽ ഇല്ലാത്തവരെ നേരത്തേ പരിശീലനത്തിനായി അയയ്ക്കാമെന്ന് ബിസിസിഐ പറഞ്ഞിട്ടും വേണ്ടെന്നുവയ്ക്കാനായിരുന്നു സീനിയർ ടീമിന് താൽപര്യം. 

അണ്ടർ 19 ലോകകപ്പിന് താരങ്ങളെ ഒരുക്കുന്നതിലും വ്യക്തമായ തീരുമാനങ്ങൾ ദ്രാവിഡിനുണ്ടായിരുന്നു. ഓരോ കളിക്കാരനെയും പ്രത്യേകം മോണിട്ടർ ചെയ്തും അവസരങ്ങൾ കൃത്യമായി നൽകിയുമാണ് ടീമിനെ ഒരുക്കിയത്. ലോകകപ്പിനു മുന്നോടിയായി നടന്ന അണ്ടർ 19 ഏഷ്യാ കപ്പിലെ പ്രകടനം ആശാവഹമായിരുന്നില്ല. പക്ഷേ, ക്യാപ്റ്റൻ പൃഥ്വി ഷാ അടക്കമുള്ള പ്രമുഖർ ഈ ടീമിലില്ലായിരുന്നു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിൽ സീനിയർ താരങ്ങൾക്കൊപ്പം മൽസര പരിചയം നേടാൻ ദ്രാവിഡ് തന്നെയാണ് ഇവരെ ഏഷ്യാകപ്പ് ടീമി‍ൽ ഉൾപ്പെടുത്താതിരുന്നത്. 

വളർന്നുവരുന്ന താരങ്ങളെ ദ്രാവിഡ് എത്രമാത്രം പ്രോൽസാഹിപ്പിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണം സഞ്ജു സാംസണാണ്. രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന ദ്രാവിഡാണ് സഞ്ജുവിന് ഐപിഎല്ലിൽ അവസരം നൽകിയത്. കരിയർ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ദ്രാവിഡ് നൽകാറുണ്ടായിരുന്നെന്ന് സഞ്ജു തന്നെ ഒട്ടേറെ അവസരങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ കളിക്കാരനും പ്രാധാന്യം നൽകുമ്പോൾ തന്നെ ക്രിക്കറ്റ് എന്നതൊരു ടീം ഗെയിമാണെന്നു പഠിപ്പിക്കാനും ദ്രാവിഡ് മറക്കാറില്ല. ഈ ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകളുയർത്തുന്ന താരമാരെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാ കുട്ടികളും കഴിവുള്ളവരാണ്, ഒരാളുടെ കഴിവിൽ ആശ്രയിക്കുന്നതിനു പകരം ഒരു ടീമിന്റെയാകെ പ്രകടനത്തിൽ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് ലക്ഷ്യംവയ്ക്കുന്നത്. ടീമിൽ ചിലർക്കു കളിപരിചയം കൂടുതലായുണ്ടാവാം, പക്ഷേ, അത് മറ്റുള്ളവരുടെ പ്രകടനത്തെ ബാധിക്കേണ്ടതില്ല. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർക്കും മുൻനിരയിലെത്താൻ കഴിയുമെന്നും ദ്രാവിഡ് പറഞ്ഞുവയ്ക്കുന്നു. 

താരമൂല്യങ്ങൾക്ക് അമിതപ്രസക്തി കൽപ്പിക്കാത്ത, എല്ലാവർക്കുമൊപ്പം നിൽക്കുന്ന പരിശീലകർ അപൂർവമായി വരുന്നിടത്താണ് ദ്രാവിഡ് സ്പെഷലാകുന്നത്. ഇക്കഴിഞ്ഞ ദിവസം ദ്രാവിഡിന്റെ ജന്മദിനത്തിൽ സച്ചിൻ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ്: ലോകത്ത് പല മതിലുകളുമുണ്ട്. പക്ഷേ വൻമതിൽ ഒന്നേയുള്ളു, രാഹുൽ ദ്രാവിഡ് !

related stories