Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിയും ശാസ്ത്രിയും അവഗണിച്ച രഹാനെയ്ക്കുമുണ്ട്, ഡർബനിലൊരു റെക്കോർഡ്!

rahane

ഡർബൻ ∙ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാനുള്ള ഇന്ത്യയുടെ യജ്ഞത്തിന് ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിലെ തകർപ്പൻ വിജയത്തിലൂടെ തുടക്കമായിക്കഴിഞ്ഞു. ഇതുവരെ വിജയം കനിഞ്ഞിട്ടില്ലാത്ത ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ ആതിഥേയരെ തീർത്തും നിഷ്പ്രഭരാക്കി നേടിയ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നതുമായി.

ആദ്യം ബാറ്റു ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം 27 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. സെഞ്ചുറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം ഈ വിജയത്തിൽ നിർണായക സംഭാവന നൽകിയ താരമാണ് അജിങ്ക്യ രഹാനെ. അതേസമയം, ഈ പരമ്പരയിൽ കോഹ്‍ലി ഏറ്റവും കൂടുതൽ ആരാധക രോഷത്തിന് ഇരയായത് ഇതേ രഹാനെയുടെ പേരിലാണ്. വിദേശത്ത് മികച്ച ബാറ്റിങ് റെക്കോർഡുള്ള രഹാനെയ്ക്ക് ആദ്യ രണ്ടു ടെസ്റ്റുകളിൽ അവസരം നിഷേധിച്ചപ്പോഴായിരുന്നു ഇത്. ഈ രണ്ടു മൽസരങ്ങളും തോറ്റത് വിമർശനത്തിന് ആക്കം കൂട്ടുകയും ചെയ്തു.

എന്നാൽ, രഹാനെയ്ക്ക് ആദ്യമായി അവസരം നൽകിയ മൽസരത്തിൽ ഇന്ത്യ വിജയത്തോടെ തിരിച്ചടിക്കുകയും ചെയ്തു. ഈ മൽസരത്തിൽ ബാറ്റുകൊണ്ട് രഹാനെ കനമേറിയ സംഭാവന നൽകുക കൂടി ചെയ്തതോടെ ടീമിന് അവഗണിക്കാനാകാത്ത ശക്തിയായി രഹാനെ മാറി. ഇതിനു പിന്നാലെയാണ് ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിലും രഹാനെ ‘തനിനിറം’ കാട്ടിയത്.

കോഹ്‍ലിക്കൊപ്പം 189 റൺസാണ് മൂന്നാം വിക്കറ്റിൽ രഹാനെ കൂട്ടിച്ചേർത്തത്. ഡർബനിലെ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ഇതിനു പുറമെ, ഏകദിനത്തിൽ തുടർച്ചയായി അഞ്ച് അർധസെഞ്ചുറി നേടുന്ന താരമായും രഹാനെ മാറി. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‍ലി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് രഹാനെ. 2012ലും 2013ലും കോഹ്‍ലി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 86 പന്തുകളിൽനിന്ന് 79 റൺസെടുത്ത രഹാനെ ഇന്ത്യ വിജയമുറപ്പിച്ചതിനു പിന്നാലെയാണ് പുറത്തായത്.

related stories