Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരുമാനങ്ങൾ ബുദ്ധിപൂർവം കൈക്കൊണ്ടതുതന്നെ; വിമർശകരൊക്കെ എവിടെപ്പോയി?: ശാസ്ത്രി

Virat Kohli with Ravi Shastri

ഡർബൻ ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർ തോൽവികളിൽ ഉഴറിയിരുന്ന ടീം ഇന്ത്യ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. പരിശീലന മൽസരത്തിന്റെ കുറവു മുതൽ ടീം സിലക്ഷനിലെ പാളിച്ച വരെ ടീമിനെ ബാധിച്ച പ്രശ്നങ്ങൾ പരിഹരിച്ചപ്പോഴാണ് ടീം വിജയവഴിയിലേക്ക് എത്തിയതെന്ന് ആരാധകർ ആവർത്തിക്കുമ്പോഴും ടീം മാനേജർ രവി ശാസ്ത്രി വ്യത്യസ്ത അഭിപ്രായക്കാരനാണ്. ഇതുവരെ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓരോ പിച്ചിനും സാഹചര്യങ്ങൾക്കുമനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്.

രഹാനെയ്ക്കു പകരം ആദ്യ രണ്ടു ടെസ്റ്റുകളിൽ രോഹിതിനെ കളിപ്പിച്ചതും, സെഞ്ചൂറിയൻ ടെസ്റ്റിൽനിന്ന് ഭുവനേശ്വർ കുമാറിനെ പുറത്തിരുത്തിയതുമെല്ലാം എന്തിനായിരുന്നെന്ന് ശാസ്ത്രി മനസ്സു തുറക്കുന്നു. 

രോഹിതോ രഹാനെയോ?

ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ രോഹിത് ശർമയാണ് ഫോമിലുള്ള ബാറ്റ്സ്മാനെന്ന വിലയിരുത്തലിലായിരുന്നു ടീം മാനേജ്മെന്റ്. അജിങ്ക്യ രഹാനെയാകട്ടെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഘട്ടം കൂടിയായിരുന്നു ഇത്. കളത്തിൽ മാത്രമല്ല, നെറ്റ്സിൽ പരിശീലിക്കുമ്പോൾ പോലും വളരെ ബുദ്ധിമുട്ടിയാണ് രഹാനെ കളിച്ചിരുന്നത്. ടെസ്റ്റിൽ രോഹിതിന് സമീപകാലത്ത് 200നു മുകളിൽ റൺ ശരാശരിയിലും ഏകദിനത്തിൽ 1,200ന് മുകളിൽ റണ്ണുമുണ്ടായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ടീം രോഹിതിൽ വിശ്വാസമർപ്പിച്ചാൽ അതിൽ എന്താണ് തെറ്റ്? നിങ്ങൾ ടീമിനായി നേടിയ റൺസിൽ അത്ര കാര്യമില്ലെന്ന് രോഹിതിനോട് പറയാൻ പറ്റുമോ? കളത്തിലെ പ്രകടനമാണ് ഓരോ തവണയും ടീമിനെ തിരഞ്ഞെടുക്കുമ്പോൾ മാനദണ്ഡമാക്കുന്നത്. അതുകൊണ്ടുതന്നെ രോഹിതിന് പകരം രഹാനെയെ കളിപ്പിക്കേണ്ടതായിരുന്നുവെന്ന തരത്തിൽ നടക്കുന്ന ചർച്ചകളിൽ കാര്യമില്ല. കഴിവുള്ള താരമാണ് രഹാനെയെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, ഇവിടെ വരുന്നതിനു മുൻപ് 2017ൽ രഹാനെയുടെ റൺ ശരാശരി 30 മാത്രമായിരുന്നു.

ബുമ്രയുടെ അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയിൽ ബുമ്രയ്ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നൽകിയത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഏതാണ്ട് ആറു മാസം മുൻപു തന്നെ ഇതിനുള്ള തയാറെടുപ്പ് ടീം ആരംഭിച്ചിരുന്നു. ടീം പ്രഖ്യാപനത്തിലെ അപ്രതീക്ഷിത നീക്കമായിരുന്നു ബുമ്രയെ ഉൾപ്പെടുത്തിയത്. അത് ഫലപ്രദമായി എന്നല്ലേ വ്യക്തമാകുന്നത്? ഇതിനു മുൻപ് ഒരു ബോളർ അരങ്ങേറ്റത്തിൽ ഇത്രയേറെ ആത്മവിശ്വാസത്തോടെ കളിച്ച ഒരു അവസരം പറയാമോ? ഇത്ര വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുന്ന മറ്റൊരു താരത്തെ ചൂണ്ടിക്കാട്ടാമോ? ഇത്രയും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളുടെ എണ്ണം തീരെ കുറവാണ്. കേപ്ടൗണിൽ ടീമിന് വിജയം സമ്മാനിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ബുമ്ര നമ്മെ എത്തിച്ചതാണ്. ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച പ്രകടനമായിരുന്നു ബുമ്രയുടേത്.

സെഞ്ചൂറിയൻ ടെസ്റ്റിലെ ഭുവിയുടെ ‘അസാന്നിധ്യം’

സെഞ്ചൂറിയനിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ പ്രകടനം നോക്കൂ. അതിവേഗക്കാരനായ വെർനോൺ ഫിലാൻഡർ ബോൾ ചെയ്യുമ്പോൾ വിക്കറ്റിനോടു ചേർന്നാണ് ക്വിന്റൺ ഡികോക്ക് കീപ്പ് ചെയ്തിരുന്നത്.  അത്രയ്ക്ക് വേഗം കുറഞ്ഞ പിച്ചായിരുന്നു െസഞ്ചൂറിയനിലേത്. ഈ മൽസരത്തിൽ ഇഷാന്ത് ശർമയെ കളിപ്പിക്കാനുള്ള തീരുമാനമാണ് നമുക്ക് പൊരുതാനുള്ള അവസരം നൽകിയത്. മികച്ച പ്രകടനമായിരുന്നു ഇഷാന്തിന്റേത്. വാണ്ടറേഴ്സിൽ ഭുവി കളിച്ചേ തീരൂവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, വേഗവും സ്വിങ്ങും കുറഞ്ഞ സെഞ്ചൂറിയനിലെ പിച്ചിൽ ഭുവിക്ക് കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല. മാത്രമല്ല, മൂന്നാം ടെസ്റ്റിന് കൂടുതൽ കരുത്തനായ ഭുവിയെ നമുക്ക് വേണമായിരുന്നു താനും. 

പകരം വന്ന ഇഷാന്തിന്റേത് മോശം പ്രകടനമൊന്നും ആയിരുന്നില്ല. ഡിവില്ലിയേഴ്സും ഡുപ്ലേസിയുമൊക്കെ ഇഷാന്തിനു മുന്നിൽ വിറയ്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നില്ലേ? ഇതിനു മുൻപ് എന്നാണ് ഇഷാന്ത് ഇത്ര മനോഹമരമായി ബോൾ ചെയ്തിട്ടുള്ളത്. പെർത്തിൽ പോലും ഇത്ര മികച്ചുനിൽക്കാൻ അയാൾക്കു കഴിഞ്ഞിട്ടില്ല.

ടീമിലെ മാറ്റങ്ങൾ

സാഹചര്യങ്ങൾക്കൊത്ത് അനിവാര്യമായ തീരുമാനങ്ങൾ മാത്രമേ ഇതുവരെ നാം കൈക്കൊണ്ടിട്ടുള്ളൂ. ഈ സമയത്ത് വിമർശിച്ച വിദഗ്ധരൊക്കെ ഇപ്പോൾ എവിടെപ്പോയി? സെഞ്ചൂറിയൻ ടെസ്റ്റിന്റെ സമയത്ത് നെറ്റ്സിൽ രഹാനെ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതേസമയം, രോഹിത് ശർമ സ്വാഭാവികമായ കളി കെട്ടഴിക്കാനാകാതെ ബുദ്ധിമുട്ടുകയും ചെയ്തു. അങ്ങനെയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് രഹാനെ വരുന്നതും രോഹിത് പുറത്താകുന്നതും.

വാണ്ടറേഴ്സിൽ രഹാനെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഭുവനേശ്വറിനെ പുറത്തിരുത്തിയത് പുറത്താക്കിയതല്ല. പിച്ചും സാഹചര്യങ്ങളും പരിഗണിച്ച് കൈക്കൊണ്ട തീരുമാനമായിരുന്നു ഇത്. കാര്യം വളരെ ലളിതമാണ്. കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റിലും സെഞ്ചൂറിയനിൽ നടന്ന രണ്ടാം ടെസ്റ്റിലും രണ്ടാം ഇന്നിങ്ങ്സിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായിരുന്നെങ്കിൽ നാം അനായാസം ജയിച്ചേനെ.

related stories