Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ വൻമതിലിനു മുന്നിലും തുറന്നുകിട്ടി, മൂന്നു തവണ കൈവിട്ട ലോകകിരീടം!

Dravid-Return

ലോകകപ്പ് നേടാതെ അവസാനിക്കുമോ ആ ഇതിഹാസത്തിന്റെ ക്രിക്കറ്റ് കരിയർ? സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെക്കുറിച്ച് ഈ ആശങ്ക ഒരിക്കലെങ്കിലും അനുഭവിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എല്ലാത്തവണയും ഹോട്ട് ഫേവറിറ്റുകളായി ലോകകപ്പിനെത്തുകയും ഒരിക്കൽപ്പോലും കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം ലഭിക്കാതെ പോവുകയും ചെയ്ത ടീം ഇന്ത്യ, ആരാധകരെ സംബന്ധിച്ചിടത്തോളം നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. സ്വാഭാവികമായും ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ തലമുറയ്ക്ക് ലോകകപ്പ് കൂടാതെത്തന്നെ കരിയർ അവസാനിപ്പിക്കേണ്ടി വരുമെന്ന് ഏകദേശം ഉറപ്പുമായിരുന്നു.

സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുവശത്ത് നിൽക്കുമ്പോഴും ലോകകപ്പില്ലാത്ത ക്രിക്കറ്റ് കരിയറിനെച്ചൊല്ലി ആരാധകർക്കുള്ള ആശങ്ക, സച്ചിൻ തെൻഡുൽക്കറെ മാത്രം ചുറ്റിപ്പറ്റിയായിരുന്നു. സ്വാഭാവികമായും ക്രിക്കറ്റ് ലോകകിരീടങ്ങൾ ഇല്ലാതെ അവസാനിച്ച ഗാംഗുലിയുടെയും ദ്രാവിഡിന്റെയും കരിയറുകൾ ആരാധകർക്കിടയിൽ അപൂർവമായി മാത്രം ചർച്ചയായി.

ഒടുവിൽ 2011 ലോകകപ്പിൽ മഹേന്ദ്രസിങ് ധോണിയെന്ന ക്രിക്കറ്റ് തന്ത്രജ്ഞനു കീഴിൽ ടീം ഇന്ത്യ ലോകകിരീടം ഉയർത്തിയപ്പോൾ, ആരാധകരുടെ ഏറ്റവും വലിയ ആശ്വാസവും സച്ചിന് ലഭിച്ച ലോകകപ്പിനെക്കുറിച്ചായിരുന്നു. എന്നാൽ, പേരിനൊപ്പം ചേർക്കാൻ ഒരു ലോകകപ്പില്ലാതെ ദ്രാവിഡ് അപ്പോഴും ഒരു വശത്തുണ്ടായിരുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടുന്നതിനും വളരെ മുൻപേ ദ്രാവിഡ് ടീമിൽനിന്നും തഴയപ്പെട്ടിരുന്നു. ലോകകപ്പ് വിജയത്തിനു ശേഷവും ഏകദിനത്തിൽ ടീം ഇന്ത്യ ദ്രാവിഡിന്റെ ‘സേവനം’ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകകപ്പ് ടീമിൽ ദ്രാവിഡ് ഉണ്ടായിരുന്നില്ല.

കയ്യകലത്തെത്തി മോഹിപ്പിച്ചെങ്കിലും കയ്യിലൊതുക്കാനാകാതെ പോയ ലോകകപ്പാണ് ഇത്തവണ അണ്ടർ 19 ലോകകപ്പ് നേടിയ കുട്ടിപ്പട ഇത്തവണ ദ്രാവിഡിന്റെ കയ്യിൽ വച്ചുകൊടുത്തത്. പേരിനൊപ്പം ചേർത്തുവയ്ക്കാൻ ഒരു ഏകദിന ലോകകപ്പ് പോലുമില്ലാതെ അവസാനിക്കേണ്ടിയിരുന്ന കരിയറിനാണ് ഇതോടെ സുവർണശോഭ കൈവന്നത്.

ലോകകപ്പും ദ്രാവിഡും

ദ്രാവിഡ് ഏകദിന അരങ്ങേറ്റം കുറിച്ച നാളുകളിലാണ് ഇന്ത്യയിലും ശ്രീലങ്കയും പാക്കിസ്ഥാനും സംയുക്തമായി ആതിഥ്യം വഹിച്ച 1996ലെ ലോകകപ്പ് അരങ്ങേറുന്നത്. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോൾ ദ്രാവിഡ് ടീമിനു പുറത്ത്. യുവതാരത്തെ പുറത്തിരുത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. കാണികളുടെ ഇടപെടലിലൂടെ കുപ്രസിദ്ധമായ കൊൽക്കത്ത ഈഡൻ‌ ഗാർഡൻസിലെ ശ്രീലങ്കയ്ക്കെതിരായ സെമിഫൈനൽ പോരാട്ടം ഈ ലോകകപ്പിലാണ് നടന്നത്. അന്ന് മൽസരം പൂർത്തിയാക്കാനാകാതെ പോയതോടെ ശ്രീലങ്കയെ വിജയകളായി പ്രഖ്യാപിച്ചു. അവർ കിരീടം നേടുകയും ചെയ്തു.

ദ്രാവിഡിന്റെ ലോകകപ്പ് അരങ്ങേറ്റം നടക്കുന്നത് 1999ലാണ്. ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച ഈ ലോകകപ്പിൽ പതിവുപോലെ ഹോട്ട് ഫേവറിറ്റുകളായിരുന്നു ഇന്ത്യ. സച്ചിനും ഗാംഗുലിയും ദ്രാവിഡും ഉൾപ്പെടെയുള്ള സുവർണ തലമുറയുടെ നല്ലകാലമെന്നതും ഇന്ത്യയുടെ സാധ്യത വർധിപ്പിച്ച ഘടകമായിരുന്നു. എന്നാൽ, കളി തുടങ്ങിയതോടെ കഥ മാറി.

പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനമല്ല ഇന്ത്യ ഇംഗ്ലണ്ടിൽ പുറത്തെടുത്തത്. തുടർച്ചയായ രണ്ട് തോൽവികളോടെയായിരുന്നു ഇന്ത്യയുടെ അരങ്ങേറ്റം. എന്നാൽ തുടർന്നുള്ള മൂന്നു മ‍ൽസരങ്ങളിൽ വിജയം പിടിച്ചെടുത്ത ടീം സൂപ്പർ സിക്സ് ഘട്ടത്തിലേ‍ക്ക് മുന്നേറി. ദ്രാവിഡിന്റെ ശ്രദ്ധേയ പ്രകടനമായിരുന്നു ഈ മൽസരങ്ങളിലെ ഹൈലൈറ്റ്.

സൂപ്പർ സിക്സ് ഘട്ടത്തിൽ ഇന്ത്യ വീണ്ടും പതറി. ഓസ്ട്രേലിയയോടും ന്യൂസീലൻഡിനോടും തോറ്റ ഇന്ത്യയ്ക്ക് ജയം നേടാനായത് പാക്കിസ്ഥാനെതിരെ മാത്രം. ഫലം, ലോകകപ്പ് പ്രതീക്ഷയുമായെത്തിയ ടീം ഇന്ത്യ സെമി കാണാതെ പുറത്ത്.

2003ൽ വീണ്ടും ലോകകപ്പ് പ്രതീക്ഷയുമായി ടീം ഇന്ത്യ ആഫ്രിക്കയിലേക്ക് വിമാനം കയറി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിച്ച ഈ ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പായിരുന്നു ഇന്ത്യയുടേത്. തകർപ്പൻ വിജയങ്ങളുമായി ഫൈനലിലേക്കു മുന്നേറിയ ടീമിന് കലാശപ്പോരിൽ അടിപതറി. ഓസ്ട്രേലിയയോട് വൻ തോൽവി ഏറ്റുവാങ്ങിയതോടെ ദ്രാവിഡ് ഉൾപ്പെടെയുള്ള സുവർണ തലമുറയ്ക്ക് കിരീടമില്ലാതെ മറ്റൊരു ലോകകപ്പു കൂടി.

2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പാകും ‘സുവർണ തലമുറ’ ഏറ്റവും കൂടുതൽ മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പ്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഇന്ത്യ ലോകകപ്പിനെത്തിയത്. കിരീട പ്രതീക്ഷയുമായി വിൻഡീസിലെത്തിയ ടീമിന് പക്ഷേ പ്രതീക്ഷയുടെ ഏഴയലത്തുപോലും എത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളോടു തോറ്റ ഇന്ത്യയ്ക്ക് വിജയം നേടാനായത് ബെർമുഡയ്ക്കെതിരെ മാത്രം. ഫലം, ദയനീയ പ്രകടനവുമായി ടീം ഇന്ത്യ ഗ്രൂപ്പു ഘട്ടത്തിൽത്തന്നെ ലോകകപ്പിനു പുറത്ത്.

കളിക്കാരനെന്ന നിലയിൽ കൈവിട്ട ഈ ലോകകിരീടമാണ് പരിശീലകനെന്ന നിലയിൽ കഴിഞ്ഞ ദിവസം ദ്രാവിഡിന്റെ ഷെൽഫിലെത്തിയത്. താരമെന്ന നിലയിൽ കൊതിപ്പിച്ചു കടന്ന ഏകദിന ലോകകപ്പ് കിരീടം, പരിശീലകനെന്ന നിലയിൽ ദ്രാവിഡിന്റെ കൈകളിലെത്തുമ്പോൾ അത് കാവ്യനീതിയുമാകുന്നു.

related stories