Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ ആസ്ഥാനം ബെംഗളൂരുവിലേക്ക്

bcci മുംബൈയിലെ ബിസിസിഐ ആസ്ഥാനം

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ആസ്ഥാനം മുംബൈയിൽ നിന്നു ബെംഗളൂരുവിലേക്കു നീക്കാൻ ബിസിസിഐ പദ്ധതി. നിലവിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലുള്ള ആസ്ഥാനം, ഏതാനും വർഷങ്ങൾക്കുള്ളിൽ ബെംഗളൂരുവിലേക്കു മാറ്റാനുള്ള പ്രാരംഭ നടപടികൾ ബോർഡിൽ ആരംഭിച്ചു.

ബെംഗളൂരു നഗരാതിർത്തിയിൽ വിമാനത്താവളത്തിനു സമീപം 40 ഏക്കറിലായി നിർമിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ആസ്ഥാനം മാറ്റാനാണ് ആലോചന. ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റുന്നതു സംബന്ധിച്ച് അഭിപ്രായം തേടി എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും ബോർഡ് ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന കത്തയച്ചു. 

വാങ്കഡെ സ്റ്റേഡിയത്തിൽ ബോർഡിനു പ്രവർത്തിക്കാൻ സൗകര്യം കുറവാണെന്നും അവിടെ വികസനത്തിനു സാധ്യതയില്ലെന്നും ഖന്ന കത്തിൽ ചൂണ്ടിക്കാട്ടി. 

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്ഥലം ഉചിതമായി ഉപയോഗിച്ച്, ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റണമെന്നാണു തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിൽ അടുത്ത ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 

ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റിയാൽ, ഇന്ത്യൻ ക്രിക്കറ്റിൽ മുംബൈയ്ക്കുള്ള പ്രാധാന്യത്തിനു മങ്ങലേൽക്കും. 

ബെംഗളൂരുവിൽ സ്വന്തം കെട്ടിടമുയരുമ്പോൾ, വൻ വാടക നൽകി മുംബൈയിൽ ആസ്ഥാനം നിലനിർത്തേണ്ടതില്ലെന്നാണു ബിസിസിഐയിൽ ഒരു വിഭാഗത്തിന്റെ നിലപാട്. ബിസിസിഐ ഭരണകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഇടക്കാല ഭരണസമിതിക്കും ഇതിനോട് എതിർപ്പില്ലെന്നാണു സൂചന. 

∙ പാഴ്ചെലവ് നിയന്ത്രിക്കാൻ

യോഗങ്ങൾ ചേരാനും ഭാരവാഹികൾക്കു താമസിക്കാനുമുള്ള സൗകര്യങ്ങൾ പുതുതായി നിർമിക്കുന്ന അക്കാദമിയിൽ സജ്ജമാക്കും. താരങ്ങൾക്കും വിവിധ പദവിയിലുള്ള ഭാരവാഹികൾക്കുമായി വ്യ‌ത്യസ്ത സൗകര്യങ്ങളിലുള്ള അപാർട്ട്മെന്റുകൾ നിർമിക്കും. നിലവിൽ, പഞ്ചനക്ഷത ഹോട്ടലുകളിലാണു ബിസിസിഐ യോഗങ്ങൾ ചേരുന്നത്. ഇതിനു പുറമെ, ഭാരവാഹികളുടെ താമസത്തിനായും ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നു.

ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമൊരുക്കിയതിന്റെ പേരിൽ പ്രതിമാസം ബിസിസിഐ കോടികൾ ചെലവഴിച്ചതിനെ അടുത്തിടെ ഇടക്കാല ഭരണസമിതി ചോദ്യം ചെയ്തിരുന്നു.

പഞ്ചനക്ഷത ഹോട്ടലുകളിൽ ഭാരവാഹികൾക്കെല്ലാം താമസം ഒരുക്കുന്നതു വഴി വൻ സാമ്പത്തിക ബാധ്യതയാണു ബിസിസിഐ നേരിടുന്നത്. ബെംഗളൂരുവിലെ സ്വന്തം കെട്ടിടത്തിലേക്കു യോഗങ്ങളും ഭാരവാഹികളുടെ താമസവും മാറ്റുന്നതു വഴി ഈ പാഴ്‌ചെലവ് നിയന്ത്രിക്കാമെന്നാണ് അധികൃതരുടെ വാദം.

related stories