Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്രാവിഡ് ചോദിക്കുന്നു; എനിക്ക് അരക്കോടി തന്നിട്ട് മറ്റുള്ളവരെ 20 ലക്ഷത്തിൽ ഒതുക്കുന്നത് എന്തു കഷ്ടമാണ്!

Rahul-Dravid

ന്യൂഡൽഹി∙ അടിമുടി മാന്യനാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്റ് കളത്തിലെ സമ്പൂർണ ‘ജന്റിൽമാൻ’. അടുത്തിടെ ന്യൂസീലൻഡിൽ സമാപിച്ച അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് കിരീടം സമ്മാനിച്ച പരിശീലകൻ കൂടിയാണ് ദ്രാവിഡ്. കിരീടവിജയത്തിനു പിന്നാലെ ഇതിന്റെ മുഴുവൻ ‘ക്രെഡിറ്റും’ താരങ്ങൾക്കാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ദ്രാവിഡ്, അതിന്റെ പേരിലും ഏറെ പ്രശംസിക്കപ്പെട്ടു.

ഇപ്പോഴിതാ, കിരീടവിജയത്തിന് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയിലെ ഏറ്റക്കുറച്ചിലുകളുടെ പേരിലും അനിഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ് താരം. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിരീടവിജയത്തിന് നേതൃത്വം നൽകിയ ആളെന്ന നിലയിൽ മുഖ്യ പരിശീലകനായ ദ്രാവിഡിന് അരക്കോടി രൂപയാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. ടീമിലെ താരങ്ങൾക്ക് 30 ലക്ഷം രൂപവീതവും സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 20 ലക്ഷം രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ടീമെന്ന നിലയിൽ എല്ലാവരും ഒത്തൊരുമിച്ചു നേടിയ ഈ വിജയത്തിന് നൽകുന്ന സമ്മാനത്തുകയിൽ എന്തിന് വ്യത്യാസമെന്നാണ് രാഹുലിന്റെ ചോദ്യം. കിരീടവിജയത്തിൽ ടീമംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും സമാനമായ സംഭാവനയാണ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് അരക്കോടി രൂപ നൽകിയെങ്കിൽ മറ്റുള്ളവർക്കും അതേ തുക നൽകണമെന്നാണ് ദ്രാവിഡിന്റെ നിലപാടത്രേ.

നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുകയനുസരിച്ച് ടീമിന്റെ ബോളിങ് പരിശീലകനായ പരസ് മാംബ്രെയ്ക്കും ഫീൽഡിങ് പരിശീലകൻ അഭയ് ശർമയ്ക്കും 20 ലക്ഷം രൂപ വീതമേ ലഭിക്കൂ. മുഖ്യപരിശീലകനായ ദ്രാവിഡിന് ലഭിക്കുന്നതിന്റെ പകുതി പോലുമില്ലെന്ന് ചുരുക്കം. കിരീടവിജയത്തിൽ ടീമംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഒരേ പങ്കാണെന്ന നിലപാടായിരുന്നു ആദ്യം മുതലേ ദ്രാവിഡിന്റേത്. പേരെടുത്തു പറയുന്നില്ലെങ്കിലും സപ്പോർട്ടിങ് സ്റ്റാഫിലെ ഓരോരുത്തരും വ്യക്തമായ സംഭാവനയാണ് കിരീടവിജയത്തിന് നൽകിയതെന്നും ലോകകപ്പ് നേടിയതിനു പിന്നാലെ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

അതേസമയം, താരങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുക പരിശീലകന് നൽകുന്നതും ആദ്യത്തെ സംഭവമാണ്. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്കു നയിച്ച പരിശീലകൻ ഡേവ് വാട്മോറിന് അന്നത്തെ ടീമംഗങ്ങൾക്ക് ലഭിച്ചത്ര ഉയർന്ന തുക പാരിതോഷികമായി ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയായിരുന്നു അന്ന് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ.

2012ൽ ഇന്ത്യൻ അണ്ടർ 19 ടീമിനെ കിരീടവിജയത്തിലേക്ക് നയിച്ച മുഖ്യ പരിശീലകൻ ഭരത് അരുണിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഉൻമുക്ത് ചന്ദ് നയിച്ച ടീമിലെ അംഗങ്ങൾക്കാണ് അന്ന് ഉയർന്ന പാരിതോഷികം ലഭിച്ചത്. 

related stories