Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ബാറ്റ് ഇപ്പോഴും ശബ്ദിക്കുന്നു; ജഡേജയുടെ സെഞ്ചുറി മികവിൽ സൗരാഷ്ട്രയ്ക്ക് ജയം

CRICKET-INDIA/

സെക്കന്തരാബാദ് ∙ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ ടീമിൽനിന്ന് ഏതാണ്ട് പുറത്തായ മട്ടാണെങ്കിലും രവീന്ദ്ര ജഡേജയുടെ ബാറ്റിന് വിശ്രമമില്ല. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ സെഞ്ചുറി നേടിയ ജഡേജ ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വീണ്ടും തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തപ്പോൾ 10 പന്തുകൾ ബാക്കി നിൽക്കെ ആറു വിക്കറ്റ് മാത്രം നഷ്ടത്തിൽ സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. 113 റൺസുമായി പുറത്താകാതെ നിന്ന ജഡേജയാണ് സൗരാഷ്ട്രയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

കൈക്കുഴ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും വരവോടെ ഏകദിന ടീമിൽനിന്ന് പിന്തള്ളപ്പെട്ട ജഡേജ തകർപ്പൻ പ്രകടനമാണ് ജാർഖണ്ഡിനെതിരെ പുറത്തെടുത്തത്. ബോളിങ്ങിൽ അത്രകണ്ട് ശോഭിക്കാനായില്ലെങ്കിലും ജാർഖണ്ഡ് ഉയർത്തിയ 330 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ജഡേജയുടെ മികവിലാണ് സൗരാഷ്ട്ര കുതിച്ചെത്തിയത്.

നേരത്തെ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷന്റെ അർധസെഞ്ചുറി മികവിലാണ് ജാർഖണ്ഡ് മികച്ച സ്കോറിലേക്കെതിത്യത്. 96 പന്ത് നേരിട്ട കിഷൻ അഞ്ചു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെ 93 റൺസെടുത്തു പുറത്തായി. കിഷനു പിന്നാലെ സുമിത് കുമാർ (57 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 64), വിരാട് സിങ് (63 പന്തിൽ മൂന്നു ബൗണ്ടറികളോടെ 44) എന്നിവരുടെ കരുത്തിലാണ് ജാർഖണ്ഡ് 329 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് റോബിൻ ഉത്തപ്പയും വ്യാസും ചേർന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ അഞ്ചു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാമനായിറങ്ങിയ ചേതേശ്വർ പൂജാരയും നാലാമനായിറങ്ങിയ രവീന്ദ്ര ജഡേജയും ചേർന്ന് സൗരാഷ്ട്രയെ മുന്നോട്ടു നയിച്ചു.

54 പന്തിൽ ആറു ബൗണ്ടറികളോടെ 44 റൺസെടുത്ത പൂജാര ഇടയ്ക്കു മടങ്ങിയെങ്കിലും ചിരാഗ് ജാനി (46 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 59), അർപിത് വാസവദ (24 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36) എന്നിവരെ കൂട്ടുപിടിച്ച് ജഡേജ സൗരാഷ്ട്രയെ വിജയതീരത്തെത്തിച്ചു. ജഡേജ 116 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 113 റൺസെടുത്ത് പുറത്താകാതെ നിന്നു.

related stories