Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വെടിക്കെട്ട് ‘വീട്ടുകാര്യം’; വെൽകം ബാക്ക് യുവീ.. തറവാട്ടിലേക്കു മടങ്ങി വരൂ...

Yuvraj-Preity യുവരാജ് സിങ്, പ്രീതി സിന്റ

വെൽകം ബാക്ക് യുവീ.. തറവാട്ടിലേക്കു മടങ്ങി വരൂ.. കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക് യുവ്‌രാജ് സിങ്ങിനെ ടീം ഉടമ പ്രീതി സിന്റാ ഇരുകയ്യും നീട്ടി സ്വാഗതമരുളുകയാണ്. ഐപിഎൽ തുടങ്ങിയ 2008 എഡിഷനിൽ യുവ്‌രാജിന്റെ ടീമായിരുന്നു പഞ്ചാബ്. പിന്നീട് പുണെ വാരിയേഴ്‌സ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്, ഡെൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിൽ കളിച്ചശേഷമാണ് മടങ്ങിപ്പോക്ക്.

ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്‌സറടിച്ചിട്ടുള്ള, ഫോമിലായാൽ എതിരാളികൾപോലും ആരാധനയോടെ കളി കണ്ടുനിന്നുപോകുന്ന പ്രതിഭ പക്ഷേ ഐപിഎല്ലിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ല. വിരലിലെണ്ണാവുന്ന ബാറ്റിങ് മിന്നലാട്ടങ്ങളെക്കാൾ യുവി സാന്നിധ്യമായത് ഫീൽഡിലാണ്. കഴിഞ്ഞ സീസണിൽ 252 റൺസും ഒരു വിക്കറ്റുമാണ് സമ്പാദ്യം. ആകെ 120 കളികളിൽനിന്ന് 2587 റൺസും 36 വിക്കറ്റും. 83 റൺസാണ് ഉയർന്ന സ്‌കോർ. ആകെ ശരാശരി 25.61. 2014ൽ 376 റൺസ് നേടിയതാണ് മികച്ച സീസൺ. 

ഐപിഎൽ പ്രകടനത്തിൽ യുവിയെക്കാൾ മെച്ചമാണ് ആദ്യവീട്ടിലേക്കു തിരിച്ചു ചെല്ലുന്ന ഗൗതം ഗംഭീറിന്റെ കാര്യം. കൊൽക്കത്തയെ മുൾമുനയിൽ നിർത്തിയ കണിശക്കാരനായ ക്യാപ്റ്റൻ ബാറ്റിങ്ങിലും പിറകിലായിരുന്നില്ല. 

കഴിഞ്ഞ സീസണിൽ 16 മൽസരങ്ങളിൽനിന്ന് 498 റൺസാണ് ഗംഭീർ നേടിയത്. കരിയറിൽ 148 കളികളിൽനിന്ന് 4132 റൺസ് നേടി. 2017 ൽ 389, 16ൽ 411 ഇങ്ങനെയാണ് ഗംഭീർ അടിച്ചു കൂട്ടിയ റൺസിന്റെ കണക്ക്. ആദ്യ സീസണിൽ ഡൽഹിക്കായി 379 റൺസ് സ്‌കോർ ചെയ്തിരുന്നു. ഡെയർ ഡെവിളായി തിരിച്ചെത്തുന്ന ഗംഭീറിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. 

ആദ്യ സീസണുകളിൽ വിജയം തുടർക്കഥയാക്കിയ ചെന്നൈ സൂപ്പർകിങ്‌സിലെ ആഘോഷിക്കപ്പെടാതെ പോയ വെടിക്കെട്ടു വീരനാണ് മുരളി വിജയ്. ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിത ബാറ്റിൽ കയറിയതോടെ ഇപ്പോൾ സ്‌ഫോടനമൽപം കുറവാണ്. പഞ്ചാബ് കിങ്‌സ് താരമായിരുന്ന വിജയെ അതിനാൽ തന്നെ ആദ്യ റൗണ്ടിൽ ആരും തിരിഞ്ഞു നോക്കിയുമില്ല. രണ്ടാം റൗണ്ടിൽ ചെന്നൈ കൂടെക്കൂട്ടുകയായിരുന്നു.

100 മൽസരങ്ങളിൽനിന്ന് 26.43 ശരാശരിയിൽ 2511 റൺസാണ് ഐപിഎല്ലിൽ വിജയ് കുറിച്ചത്. രണ്ടു സെഞ്ച്വറികൾ സ്വന്തം പേരിലുണ്ട്. 2010ൽ ആണ് വിജയ് സംഹാര താണ്ഡവമാടിയത് 156 റൺസ് സ്‌ട്രൈക്ക് റേറ്റിൽ 458 റൺസ് നേടി. രാജസ്ഥാനെതിരായ മൽസരത്തിൽ 55 പന്തിൽ 11 സിക്‌സറോടെ 127 റൺസടിച്ചു. പരുക്കു കാരണം കഴിഞ്ഞ സീസണിൽ വിജയ് ഐപിഎല്ലിനില്ലായിരുന്നു. ട്വന്റി 20 മികവു മാഞ്ഞു പോയിട്ടില്ലെന്നു തെളിയിക്കാനാകും വീണ്ടും ചെന്നൈ മഞ്ഞയിലേക്കു ചേരുമ്പോൾ വിജയ് നേരിടുന്ന പ്രധാന വെല്ലുവിളി. 

മലയാളി താരം സഞ്ജു സാംസണിനും പഴയ ടീമിലേക്കുള്ള മടങ്ങിപ്പോക്കാണ് 2018 സീസൺ. രാജസ്ഥാനിൽ തുടങ്ങിയ സഞ്ജു, ആദ്യ സീസണുകളിൽ നടത്തിയ മിന്നൽ പ്രകടനമാണ് എട്ടു കോടി വിലയുള്ള താരമായി വളർത്തിയത്. കഴിഞ്ഞ വർഷം ഡൽഹിക്കായി നേടിയ സെഞ്ചുറിയും ശ്രദ്ധ നേടിക്കൊടുത്തു. കഴിഞ്ഞ സീസണിൽ 386 റൺസാണ് സഞ്ജു നേടിയത്.

related stories