Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര ക്രിക്കറ്റിൽ 500 ഇരകൾ; മുത്തയ്യ അസ്തമിച്ചപ്പോൾ രംഗന ഉദിച്ചു

Herath-Muraleedharan രംഗന ഹെറാത്ത്, മുത്തയ്യ മുരളീധരൻ

തണലടിച്ചു കഴിഞ്ഞാൽ മുകളിലേക്കുള്ള വളർച്ച നിലയ്ക്കും. ഉയർന്നു പൊങ്ങാൻ, ഒന്നുകിൽ പ്രതിബന്ധമായി നിൽക്കുന്ന വസ്തുവിനെ വെട്ടിയൊഴിവാക്കണം; അല്ലെങ്കിൽ അതു സ്വയം നശിക്കണം. മുത്തയ്യ മുരളീധരൻ എന്ന വൻമരത്തിനു കീഴെ വളരാനാകാതെ പോയ ലങ്കൻ സ്പിന്നർ രംഗന ഹെറാത്ത് മുരളിയുടെ കൊഴിഞ്ഞുപോക്കിനു ശേഷമെങ്കിലും അംഗീകരിക്കപ്പെടുകയാണ്. 500 രാജ്യാന്തര വിക്കറ്റുകളെന്ന അനുപമമായ നേട്ടമാണ് ഇക്കഴിഞ്ഞ ബംഗ്ലദേശ് പര്യടനത്തിനൊടുവിൽ ഹെറാത്ത് സ്വന്തമാക്കിയത്. 

1999 ൽ രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ഈ ഇടംകൈയ്യൻ സ്പിന്നർ ആകെ കളിച്ചത് 88 ടെസ്റ്റുകളാണ്. 2008 വരെ തുടർന്ന മുരളീയുഗത്തിനിടെ 14 ടെസ്റ്റുകളിലേ അവസരം ലഭിച്ചുള്ളൂ. 14 ടെസ്റ്റുകളിൽനിന്നാകട്ടെ 39 റൺസ് ശരാശരിയിൽ ആകെ നേടാനായത് 36 വിക്കറ്റുകളും. എല്ലാ ടെസ്റ്റിലും എന്ന കണക്കിന് അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്ന മുരളിക്കു പിന്നിലായിപ്പോയതിൽ അദ്ഭുതമുണ്ടോ! 

എന്നാൽ മുരളി പടിയിറങ്ങിയതോടെ ഹെറാത്തിൽ ആത്മവിശ്വാസം കയറുന്നത് കാണാം. പിന്നീട് കളിച്ച 74 ടെസ്റ്റുകളിൽനിന്ന് 27 റൺ ശരാശരിയോടെ 373 വിക്കറ്റാണ് അദ്ദേഹം കൊയ്തു കൂട്ടിയത്. 415 ടെസ്റ്റ് വിക്കറ്റുകളുമായി ഇപ്പോൾ ഇടംകയ്യൻ സ്പിന്നർമാരിൽ മുമ്പനാണ് ഹെറാത്ത്. രണ്ടാമതുള്ള ഡാനിയേൽ വെട്ടോറിക്ക് 363 വിക്കറ്റുകൾ. ജയവർധനെ, സംഗക്കാര തുടങ്ങിയ മഹാൻമാരായ ക്രിക്കറ്റർമാർ രംഗമൊഴിഞ്ഞ് കാലിയായ ടീമിനുവേണ്ടിയായിപ്പോയി ഹെറാത്തിന്റെ മികച്ച പ്രകടനങ്ങളെന്നതും വിജയകഥകളിൽ ഈ അധ്വാനിയായ കളിക്കാരന്റെ പേരുചേരുന്നതിനു തടസ്സമായി.

വിജയങ്ങൾ തുടർക്കഥയാക്കിയ പഴയ ലങ്കൻ ടീമിനൊപ്പമായിരുന്നു യാത്രയെങ്കിൽ ഹെറാത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നു. വോണിന്റെയും മുരളിയുടെയുമൊന്നും സ്ഥാനം നൽകിയില്ലെങ്കിലും കുംബ്ലെക്കൊപ്പമെങ്കിലും നിൽക്കാനുള്ള കളി മികവുണ്ട് ഹെറാത്തിന്. അത്രയെങ്കിലും അംഗീകരിക്കണം... 

related stories