Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചോദിച്ചു ചോദിച്ച്’ വേതനം പകുതി കുറപ്പിച്ചു; ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്ന് ആരാധകർ

Rahul Dravid

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കാമോ? ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടേതാണ്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ യാതൊരു അമാന്തവുമില്ലാതെ വോട്ടു ചെയ്യാമെന്നും ആരാധകർ ആണയിടുന്നു. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ കുട്ടിപ്പടയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ തനിക്കു ലഭിച്ച അരക്കോടി രൂപയുടെ പ്രതിഫലം വെട്ടിക്കുറച്ച് എല്ലാവർക്കും തുല്യ വേതനം നൽകണമെന്ന നിലപാടെടുത്തതോടെയാണ് ദ്രാവിഡ് പ്രധാനമന്ത്രിയായാൽ കൊള്ളാം എന്ന ചിന്ത ആരാധകർക്ക് വന്നുതുടങ്ങിയത്.

ദ്രാവിഡിന്റെ ആവശ്യം അംഗീകരിച്ച ബിസിസിഐ അദ്ദേഹത്തിന്റെ വേതനം നേർപകുതിയായി (25 ലക്ഷം) കുറയ്ക്കുകയും സപ്പോർട്ടിങ് സ്റ്റാഫുകളുടെ പ്രതിഫലം 25 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. നേരത്തേയിത് 20 ലക്ഷം വീതമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ബിസിസിഐ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സപ്പോർട്ടിങ് സ്റ്റാഫിലെ അംഗങ്ങൾക്കും തനിക്കൊത്ത പ്രതിഫലം കിട്ടണമെന്ന നിലപാടാണ് ദ്രാവിഡ് സ്വീകരിച്ചത്. തന്റെ വേതനം കുറച്ച് മറ്റുള്ളവർക്ക് മതിയായ പ്രതിഫലം ഉറപ്പുവരുത്തണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടതായി റായി അറിയിച്ചു. വളരെ സീനിയറായ താരമെന്ന പരിഗണനയിലാണ് ദ്രാവിഡിന് കൂടുതൽ പ്രതിഫലം ഉറപ്പാക്കിയതെന്ന് റായി പറഞ്ഞു. തീരെ ജൂനിയറായ കളിക്കാർക്കും ദ്രാവിഡിനും ഒരേ പ്രതിഫലം നൽകുന്നതിലെ അനൗചിത്യവും ബോർഡ് കണക്കിലെടുത്തെന്ന് റായി പറഞ്ഞു. എന്നാൽ, തന്റെ വേതനം കുറച്ച് എല്ലാവർക്കും തുല്യ പ്രതിഫലം ഉറപ്പാക്കാനുള്ള ദ്രാവിഡിന്റെ ആവശ്യം ബോർഡ് അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടൂർണമെന്റിൽ തന്നെ സഹായിച്ച സപ്പോർട്ടിങ് സ്റ്റാഫുകൾക്കു പുറമെ, അടുത്തിടെ അണ്ടർ 19 ടീമിനെ വാർത്തെടുക്കാൻ സഹായിച്ച ഒരു പിടി സ്റ്റാഫുകളുടെ പേരും ദ്രാവിഡ് ബിസിസിഐയ്ക്കു കൈമാറിയതായി റായി അറിയിച്ചു. ഇവർക്കും ആവശ്യമായ പ്രതിഫലം നൽകണമെന്ന ആവശ്യത്തോടെയാണിത്. കഴിഞ്ഞ കുറേ കാലങ്ങളായി ടീമിനൊപ്പം ഉണ്ടായിരുന്നവരും ഇപ്പോഴത്തെ ടീമിനെ വാർത്തെടുക്കുന്നതിൽ സഹായിച്ചിരുന്നവരുമായ സ്റ്റാഫുകളുടെ പേരാണ് നൽകിയത്. ഇവർ ന്യൂസീലൻഡിൽ നടന്ന ലോകകപ്പ് സമയത്ത് ടീമിനൊപ്പമുണ്ടായിരുന്നില്ല. മുൻ ഇന്ത്യൻ ഓപ്പണർ ഡബ്ല്യു.വി. രാമൻ (ഇംഗ്ലണ്ട് പര്യടനത്തിൽ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകൻ), അമോഗ് പണ്ഡിറ്റ് (ട്രെയിനർ), രാജേഷ് സാവന്ത് (ട്രെയിനർ) തുടങ്ങിയവുടെ പേരുകളാണ് ദ്രാവിഡ് നൽകിയ പട്ടികയിലുള്ളത്.

നേരത്തെ, കിരീടവിജയത്തിന് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയിലെ ഏറ്റക്കുറച്ചിലുകളുടെ പേരിൽ അപ്പോൾത്തന്നെ ദ്രാവിഡ് അനിഷ്ടം രേഖപ്പെടുത്തിയിരുന്നു. കിരീടവിജയത്തിന്റെ ബഹളങ്ങളെല്ലാം അസ്തമിച്ചതോടെ ഈ ആവശ്യവുമായി അദ്ദേഹം ബിസിസിഐയെ പ്രത്യേകം സമീപിക്കുകയും ചെയ്തു. കിരീടവിജയത്തിന് നേതൃത്വം നൽകിയ ആളെന്ന നിലയിലാണ് മുഖ്യ പരിശീലകനായ ദ്രാവിഡിന് അരക്കോടി രൂപ ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. ടീമിലെ താരങ്ങൾക്ക് 30 ലക്ഷം രൂപവീതവും സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 20 ലക്ഷം രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ടീമെന്ന നിലയിൽ എല്ലാവരും ഒത്തൊരുമിച്ചു നേടിയ ഈ വിജയത്തിന് നൽകുന്ന സമ്മാനത്തുകയിൽ എന്തിന് വ്യത്യാസമെന്നായിരുന്നു രാഹുലിന്റെ ചോദ്യം. കിരീടവിജയത്തിൽ ടീമംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും സമാനമായ സംഭാവനയാണ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്കും മറ്റുള്ളവർക്കുള്ള അതേ തുക മതിയെന്നായിരുന്നു ദ്രാവിഡിന്റെ നിലപാട്.

നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുകയനുസരിച്ച് ടീമിന്റെ ബോളിങ് പരിശീലകനായ പരസ് മാംബ്രെയ്ക്കും ഫീൽഡിങ് പരിശീലകൻ അഭയ് ശർമയ്ക്കും 20 ലക്ഷം രൂപ വീതമേ ലഭിക്കൂ. മുഖ്യപരിശീലകനായ ദ്രാവിഡിന് ലഭിക്കുന്നതിന്റെ പകുതി പോലുമില്ലെന്ന് ചുരുക്കം. കിരീടവിജയത്തിൽ ടീമംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഒരേ പങ്കാണെന്ന നിലപാടായിരുന്നു ആദ്യം മുതലേ ദ്രാവിഡിന്റേത്. പേരെടുത്തു പറയുന്നില്ലെങ്കിലും സപ്പോർട്ടിങ് സ്റ്റാഫിലെ ഓരോരുത്തരും വ്യക്തമായ സംഭാവനയാണ് കിരീടവിജയത്തിന് നൽകിയതെന്നും ലോകകപ്പ് നേടിയതിനു പിന്നാലെ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് വ്യത്യസ്തനായ ദ്രാവിഡിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കണമെന്ന അമ്പരിപ്പിക്കുന്ന ആവശ്യവുമായി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയത്. ‘ദ്രാവിഡ് ഫോര്‍ പിഎം’ എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. എന്തുതന്നെ വന്നാലും ദ്രാവിഡിനെ പ്രധാനമന്ത്രിയായി കാണമെന്ന് ആരാധകർ പ്രത്യാശിക്കുന്നു. ദ്രാവിഡിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചാൽ ഇടവും വലവും പാർട്ടിയുമൊന്നു നോക്കാതെ വോട്ട് ചെയ്യുമെന്നും ചങ്കിനകത്ത് കൊണ്ട് നടക്കുമെന്നും ആരാധകർ പ്രതികരിക്കുന്നു.

നമുക്ക് ദ്രാവിഡിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാമോ? ഇന്ത്യക്ക് ആവശ്യമുള്ള ആളാണ് ഇത്. മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ആൾ. എല്ലാം പഠിക്കാൻ സാധിക്കും – ആരാധകർ കുറിക്കുന്നു.

related stories