Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുപ്റ്റിലിനോട് ഐപിഎൽ ടീമുകൾ; നീ പക പോക്കുകയാണല്ലേ?

Martin-Guptil-1

മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ താരലേലത്തിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയ സംഗതി എന്തായിരിക്കും? ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കടിനായി കോടികൾ ഒഴുക്കിയ രാജസ്ഥാൻ റോയൽസിന്റെ ചൂതാട്ടമോ? അതോ ഏറെ നാളായി ഒപ്പമുള്ള ഗൗതം ഗംഭീറിനെ തഴയാനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തീരുമാനമോ? അതോ അണ്ടർ 19 ലോകകപ്പ് താരങ്ങൾക്കായി കോടികൾ മറിച്ച കൊൽക്കത്തയുടെ തന്നെ എടുത്തു ചാട്ടമോ?

എന്തായാലും, ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരെ അദ്ഭുതപ്പെടുത്തിയത് ന്യൂസീലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെ ലേലത്തിൽ എടുക്കാൻ ആളില്ലാതെ പോയതാണ്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഒയിൻ മോർഗൻ, ശ്രീലങ്കൻ താരം ലസിത് മലിംഗ, ദക്ഷിണാഫ്രിക്കൻ താരം ഹഷിം അംല തുടങ്ങിയവർ ആരും വാങ്ങാൻ ആളില്ലാതെ പോയവരുടെ പട്ടികയിൽ ഉണ്ടെങ്കിലും ആരാധകരെ ‘ഞെട്ടിച്ചത്’ ഗുപ്റ്റിലിനെ എല്ലാവരും തഴഞ്ഞതാണ്.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ താരമാണ് ഗുപ്റ്റിൽ എന്നത് പലകുറി തെളിയിക്കപ്പെട്ടതാണ്. കിങ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകൾക്കായി ഐപിഎല്ലിൽ മുൻപ് കളിച്ചിട്ടുള്ള താരമാണ് ഗുപ്റ്റിൽ. ഇക്കുറി താരലേലത്തിൽ ഇവരും ഗുപ്റ്റിലിന്റെ േപരു വന്നപ്പോൾ കണ്ണടച്ചു. പഞ്ചാബിനായി ഏഴു മൽസരങ്ങളിൽനിന്ന് 132 റൺസും മുംബൈയിക്കായി മൂന്നു മൽസരങ്ങളിൽനിന്ന് 57 റൺസും നേടിയിട്ടുള്ള താരമാണ് ഗുപ്റ്റിൽ. 75 ലക്ഷം രൂപ മാത്രമായിരുന്നു അടിസ്ഥാന വിലയെങ്കിലും ലേലത്തിൽ ഗുപ്റ്റിൽ നിർദാക്ഷിണ്യം തഴയപ്പെട്ടു.

കഴിഞ്ഞ വർഷം രാജ്യാന്തര ട്വന്റി20യിൽ പുറത്തെടുത്ത ദയനീയ പ്രകടനമാകാം ഗുപ്റ്റിലിനെ തഴയാൻ ടീമുകളെ പ്രേരിപ്പിച്ചത്. എന്നാൽ, ഐപിഎൽ താരലേലം തീർന്നതു മുതൽ ക്രിക്കറ്റ് ലോകം കണ്ടത് താരത്തിന്റെ തികച്ചും വ്യത്യസ്തമായ മുഖമാണ്. ലേലം തീർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡിലേക്ക് ഗുപ്റ്റിൽ അടിച്ചുതകർത്തു കയറുന്നതു കണ്ട് ഐപിഎൽ ടീമുകൾ അന്തം വിട്ടു കാണും.

കരുത്തരായ ബോളർമാർ നിറഞ്ഞ സാക്ഷാൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഗുപ്റ്റിലിന്റെ റെക്കോർഡ് പ്രകടനം. 49 പന്തുകളിൽ സെഞ്ചുറി പൂർത്തിയാക്കിയ ഗുപ്റ്റിൽ, അതിവേഗ സെഞ്ചുറിയുടെ കാര്യത്തിൽ ന്യൂസീലൻഡ് താരത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഒരു തവണ 50 പന്തിലും മറ്റൊരു തവണ 51 പന്തിലും സെഞ്ചുറി കടന്ന സാക്ഷാൽ ബ്രണ്ടൻ മക്കല്ലം, 52 പന്തുകളിൽ സെഞ്ചുറി കടന്ന കോളിൻ മൺറോ, പിന്നീട് 54 പന്തുകളിൽ സെഞ്ചുറി കടന്ന ഇതേ മൺറോയുടെ റെക്കോർഡ്... എല്ലാം ഓക്‌ലൻഡിലെ ഗുപ്റ്റിലിന്റെ തേരോട്ടത്തിനു മുന്നിൽ ചതഞ്ഞരഞ്ഞ് പോയി.

ഇതിനു പുറമെ രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സുകൾ നേടുന്ന ന്യൂസീലൻഡ് താരമായും ഗുപ്റ്റിൽ മാറി. 75 മൽസരങ്ങൾ കളിച്ച് 103 സിക്സുകളാണ് ഗുപ്റ്റില്‍ സ്വന്തമാക്കിയത്. 71 മൽസരങ്ങളിൽനിന്ന് 91 സിക്സ് നേടിയ ബ്രണ്ടൻ മക്കല്ലമാണ് ഇതോടെ രണ്ടാമതായത്. 43 മൽസരങ്ങളിൽനിന്ന് 69 സിക്സ് നേടിയ കോളിൻ മൺറോയൊക്കെ ബഹുദൂരം പിന്നിൽ. രാജ്യാന്തര ട്വന്റി20യിൽ ക്രിസ് ഗെയ്‌ലിനു ശേഷം 100 സിക്സ് പിന്നിടുള്ള താരം കൂടിയാണ് ഗുപ്റ്റിൽ. ഇരുവരുടെയും പേരിൽ നിലവിൽ 103 സിക്സുകൾ വീതമാണുള്ളത്.

ഏറ്റവും അവസാനം കളിച്ച അഞ്ച് ട്വന്റി20 മൽസരങ്ങളിൽ ഗുപ്റ്റിലിന്റെ പ്രകടനം ഇങ്ങനെ: ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ അഞ്ച്, ഇംഗ്ലണ്ടിനെതിരെ വെല്ലിങ്ടണിൽ 65, ഓസ്ട്രേലിയയ്ക്കെതിരെ ഓക്‌ലൻഡിൽ 105, ഇംഗ്ലണ്ടിനെതിരെ ഹാമിൽട്ടണിൽ 62, ഓസ്ട്രേലിയയ്ക്കെതിരെ ഓക്‌ലൻഡിൽ 21.

ഈ വർഷം ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മറ്റാരുമല്ല. 10 മൽസരങ്ങളിൽനിന്ന് 41 റൺസ് ശരാശരിയിൽ 410 റൺസാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് – 146.95! ഒൻപതു മൽസരങ്ങളിൽനിന്ന് 396 റൺസ് നേടിയ ന്യൂസീലൻഡിന്റെ തന്നെ കോളിൻ മൺറോ രണ്ടാമതും അഞ്ച് മൽസരങ്ങളിൽനിന്ന് 288 റൺസ് നേടിയ ഇന്ത്യൻ താരം ശിഖർ ധവാൻ മൂന്നാമതും നിൽക്കുന്നു.

രാജ്യന്തര ട്വന്റി20യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മറ്റാരുമല്ല. 75 മൽസരങ്ങളിൽനിന്ന് 34.40 റൺസ് ശരാശരിയിൽ 2271 റൺസാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം. ഉയർന്ന സ്കോർ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 105 റൺസ്. സ്ട്രൈക്ക് റേറ്റ് 132.88! 71 മൽസരങ്ങളിൽനിന്ന് 35.66 റൺസ് ശരാശരിയിൽ 2140 റൺസ് നേടിയ ന്യൂസീലൻഡിന്റെ തന്നെ ബ്രണ്ടൻ മക്കല്ലമാണ് രണ്ടാമത്. 57 മൽസരങ്ങളിൽനിന്ന് 50.84 റൺസ് ശരാശരിയിൽ 1983 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മൂന്നാമതുണ്ട്.

രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സെഞ്ചുറികളുള്ള താരങ്ങളുടെ പട്ടികയിലും ഗുപ്റ്റിൽ ഇടം നേടി. മൂന്നു സെഞ്ചുറിയുള്ള കോളിൻ മൺറോ, രണ്ടു വീതം സെഞ്ചുറികളുള്ള ക്രിസ് ഗെയ്‍ൽ, ബ്രണ്ടൻ മക്കല്ലം, എവിൻ ലൂയിസ്, രോഹിത് ശർമ എന്നിവർക്കൊപ്പമാണ് നിലവിൽ ഗുപ്റ്റിലിന്റെ സ്ഥാനം.

എന്തായാലും ഐപിഎൽ താരലേലത്തിനു പിന്നാലെ നടന്ന കരീബിയൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ഏറ്റവും ഉയർന്ന താരവുമായി ഗുപ്റ്റിൽ. ക്രിസ് ഗെയ്‌ൽ, ആന്ദ്രെ റസൽ, ലെൻഡ്‌ൽ സിമ്മൺസ്, ഡ്വയിൻ ബ്രാവോ, സൊഹൈൽ തൻവിർ എന്നിവർക്കൊപ്പമാണ് ഗുപ്റ്റിലും ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്.

എല്ലാം കണ്ട് കണ്ണു മിഴിച്ചിരിക്കുകയാണ് ഐപിഎൽ ടീമുകൾ. താരലേലത്തിൽ കുട്ടിത്താരങ്ങൾക്കായി പോലും കോടികൾ ഒഴുക്കിയ ടീമുകൾ ലക്ഷങ്ങൾ മാത്രം വിലയുണ്ടായിരുന്ന ഗുപ്റ്റിലിനെ തഴഞ്ഞതല്ലേ ഈ ലേലത്തിലെ ഏറ്റവും കൗതുകകരമായ സംഗതി?

related stories