Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനൽ നേടാൻ ഇന്ത്യ; ഇന്ന് ബംഗ്ലദേശിനെതിരെ

Indian-Cricket-Team-1

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ലീഗ് ഘട്ടത്തിൽ തങ്ങളുടെ അവസാന മൽസരത്തിൽ ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ ലക്ഷ്യം വിജയം മാത്രം. കണക്കിലെ കളികളുടെ തുണയില്ലാതെ ഫൈനൽ ഉറപ്പിക്കാൻ വിജയം ഇന്ത്യയെ സഹായിക്കും. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടേറ്റ തോൽവിക്കുശേഷം  തുടർച്ചയായ രണ്ടുവിജയങ്ങളോടെ ഇന്ത്യ തിരിച്ചെത്തിയെങ്കിലും ബംഗ്ലദേശും ഇപ്പോൾ തകർപ്പൻ ഫോമിലാണെന്നതു ലക്ഷ്യം കഠിനമാക്കുന്നുണ്ട്. 

ശ്രീലങ്കയ്ക്കെതിരെ 215 റൺസ് പിന്തുടർന്നു ജയിച്ച ബംഗ്ലദേശിന് ഇന്നു ജയിക്കാനായാൽ ഫൈനൽ ബെർത്തിൽ പ്രതീക്ഷയർപ്പിക്കാം. ഇന്നു തോറ്റാലും ഇന്ത്യയുടെ വഴി അടയുന്നില്ല. ശ്രീലങ്ക– ബംഗ്ലദേശ് മൽസരത്തിന്റെ ഫലവും നെറ്റ് റൺറേറ്റും ഘടകമാവുമെന്നു മാത്രം. തുടർച്ചയായി രണ്ടു വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യ റൺറേറ്റിൽ മികച്ചനിലയിലാണ്. 

സ്ഥിരം താരങ്ങൾക്കു വിശ്രമം നൽകിയപ്പോൾ യുവതാരങ്ങളെയാണ് ഇന്ത്യ ടൂർണമെന്റിൽ പരീക്ഷിക്കുന്നത്. എന്നാൽ ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ തുടങ്ങിയ താരങ്ങൾക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലും ഹൂഡയ്ക്ക് അവസാന ഇലവനിൽ എത്താൻ കഴിഞ്ഞില്ല. 

ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമിനെക്കുറിച്ചാണ്. ആദ്യ മൂന്നുമൽസരങ്ങളിലും തിളങ്ങാൻ രോഹിത്തിനു കഴിഞ്ഞില്ല. എന്നാൽ സഹ ഓപ്പണർ ശിഖർ ധവാനാകട്ടെ 153 റൺസുമായി മിന്നും ഫോമിലും. സുരേഷ് റെയ്നയും മനീഷ് പാണ്ഡെയും വൻ സ്കോർ നേടിയില്ലെങ്കിലും ഫലപ്രദമാണ്. 

25 പന്തുകളിൽ ശ്രീലങ്കയ്ക്കെതിരെ 39 റൺസടിച്ച ദിനേഷ് കാർത്തിക്കും മികച്ച ഫോമിലാണ്. ലഭിച്ച രണ്ട് അവസരങ്ങളും നഷ്ടമാക്കിയ ഋഷഭ് പന്തിന് ഇന്നും പുറത്തിരിക്കേണ്ടിവരും. 

ബംഗ്ലദേശിന്റെ ബാറ്റ്സ്മാൻമാർ മികച്ച ഫോമിലാണ്. ശ്രീലങ്കയ്ക്കെതിരെ തമിം ഇക്ബാൽ, ലിറ്റൻ ദാസ്, മുഷ്ഫിഖ്വർ റഹിം തുടങ്ങിയവർ അടിച്ചുതകർത്തു. ശ്രീലങ്കൻ മണ്ണിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയാണു ബംഗ്ല ടീം വിജയം നേടിയത്.