Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈഡൻ ഗാർഡൻസിലെ ആ ലോകകപ്പ് തോൽവിക്ക് 22 വയസ്; മറക്കുമോ, ആരാധകർ?

Sachin-1996 (ചിത്രത്തിന് കടപ്പാട്: ക്രിക് ഇൻഫോ, ട്വിറ്റർ)

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എക്കാലവും മറക്കാനാഗ്രഹിക്കുന്ന ആ ലോകകപ്പ് തോൽവിക്ക് ഇന്ന് 22 വയസ്. 1996 ലോകകപ്പിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ ശ്രീലങ്ക സെമിഫൈനൽ പോരാട്ടത്തിനാണ് 22 വയസ് പൂർത്തിയായത്. ഇന്ത്യ‍ തോൽവിയിലേക്കു നീങ്ങുന്നത് കണ്ടു നിയന്ത്രണം നഷ്ടമായ കാണികളുടെ ഇടപെടിലിലൂടെ കുപ്രസിദ്ധമായ മൽസരമാണിത്. മൽസരം തുടരാനാകാതെ പോയതോടെ അംപയർമാർ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ശ്രീലങ്ക കിരീടം നേടുകയും ചെയ്തു.

ടോസ് നഷ്‌ടപ്പെട്ടിട്ടും ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക ഇന്ത്യക്കു നൽകിയ വിജയലക്ഷ്യം 252. ചാമിന്ദവാസിന്റെ പന്തിൽ, എട്ടു റൺസെടുത്ത സിദ്ദു പുറത്തായെങ്കിലും സച്ചിൻ തെൻഡുൽക്കറുടെ മികവിൽ മൽസരത്തിലേക്കു മടങ്ങി വന്ന ഇന്ത്യയെ സനത് ജയസൂര്യയുടെ മാന്ത്രിക സ്‌പിൻ തകർത്തു കളഞ്ഞു.

ഒന്നിനു 98 എന്ന നിലയിൽനിന്ന് ഇന്ത്യ എട്ടിന് 120 എന്ന നിലയിലേക്കു കൂപ്പുകുത്തിയതോടെ കൊൽക്കത്തയിലെ നിരാശരായ കാണികൾ കളിയിൽ ഇടപെടുകയായിരുന്നു. ഗ്രൗണ്ടിലേക്കു വെള്ളക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞ അക്രമാസക്‌തരായ ജനക്കൂട്ടത്തെ ശാന്തരാക്കാൻ കഴിയാതെ വന്നതോടെ, മാച്ച് റഫറി ക്ലൈവ് ലോയ്‌ഡ് ശ്രീലങ്ക വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു.

മൽസരത്തിനു ശേഷം നിറകണ്ണുകളോടെ മൈതാനത്തിനു പുറത്തേക്കു നടക്കുന്ന വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്‌തിരുന്നു. ‘ ആ സമയത്തു ഞാൻ മാത്രമല്ല, ടീമിലെ മിക്കവാറും അംഗങ്ങൾ കരയുകയായിരുന്നു. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാതെ പോയതിന്റെ വിഷാദമായിരുന്നു ഞങ്ങളിൽ.’’ കാംബ്ലി പറഞ്ഞു. ആ തോൽവിയോടെ രാജ്യാന്തര ക്രിക്കറ്റിൽ വിനോദ് കാംബ്ലിയുടെ സ്‌ഥാനവും നഷ്‌ടമായി. 

അടുത്തിടെ, ഈ മൽസരത്തിൽ ഒത്തുകളി നടന്നതായി മുൻ ക്രിക്കറ്റർ വിനോദ് കാംബ്ലി സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ദയനീയമായി പരാജയപ്പെട്ട മൽസരത്തിൽ, ടോസ് ലഭിച്ചിട്ടും ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ തീരുമാനം സംശയം ജനിപ്പിക്കുന്നതാണെന്ന് ഒരു ടെലിവിഷൻ പരിപാടിയിലാണ് കാംബ്ലി അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ പരാജയങ്ങളിലൊന്നായി കരുതപ്പെടുന്ന ആ കളിയിൽ, ശ്രീലങ്കയെ ആദ്യം ബാറ്റു ചെയ്യാൻ ക്ഷണിച്ച ക്യാപ്‌റ്റൻ അസ്‌ഹറുദ്ദീന്റെ തീരുമാനമാണു പിഴച്ചതെന്നു പിന്നീട് വിലയിരുത്തപ്പെട്ടിരുന്നു. മറുപടി ബാറ്റിങ്ങിൽ അസ്‌ഹറുദ്ദീനും അജയ് ജഡേജയും പൂജ്യത്തിനു പുറത്തായതും തന്റെ സംശയം വർധിപ്പിക്കുന്നുവെന്നായിരുന്നു കാംബ്ലിയുടെ പരാമർശം. എന്നാൽ ഇതു തള്ളി അസ്ഹറുദ്ദീൻ പിന്നീട് രംഗത്തെത്തി.

related stories