Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൾട്ടാനെതിരെ പാക്ക് താരം ഷഹീന്റെ പ്രകടനം, 3.4-1-4-5; നന്ദി ദ്രാവിഡിനും

Dravid-Afridi രാഹുൽ ദ്രാവിഡ്, ഷഹീൻ അഫ്രീദി

പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് പാക്കിസ്ഥാനിൽനിന്നൊരു പതിനേഴുകാരൻ താരം. ലഹോർ ക്വലൻഡേഴ്സ് താരമായ ഷഹീൻ അഫ്രീദിയാണ് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ ദ്രാവിഡിന് നന്ദി പറഞ്ഞ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

പോയിന്റ് പട്ടികയിൽ മുൻപൻമാരായ മുൾട്ടാൻ സുൽത്താൻസിനെതിരെയായിരുന്നു ഷഹീൻ അഫ്രീദിയുടെ തകർപ്പൻ പ്രകടനം. 3.4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ നാലു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് അഫ്രീദി നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുൾട്ടാൻ സുൽത്താൻസ് 19.4 ഓവറിൽ 114 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 8.1 ഓവറിൽ അഹമ്മദ് ഷെഹ്സാദ്–കുമാർ സംഗക്കാര സഖ്യം 61 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു മുൾട്ടാന്റെ തകർച്ച. അതിനു വഴിവച്ചതാകട്ടെ ഷഹീൻ അഫ്രീദിയും.

ക്യാപ്റ്റൻ ഷോയ്ബ് മാലിക്കിനെ പുറത്താക്കിയാണ് ഷഹീൻ അഫ്രീദി വിക്കറ്റ് വേട്ട ആരംഭിച്ചത്. 10 പന്തിൽ മൂന്നു റൺസെടുത്ത മാലിക്കിനെ അഫ്രീദി സുഹൈൽ അക്തറിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വൈറ്റ്‌ലി (0), സെയ്ഫ് ബദർ (0), ജുനൈദ് ഖാൻ (1), മുഹമ്മദ് ഇര്‍ഫാൻ (0) എന്നിവരെയും മടക്കിയാണ് അഫ്രീദി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഹോർ 18.4 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയും ചെയ്തു.

ഈ പ്രകടനത്തിലൂടെ ഇന്ത്യയുടെ അനിൽ കുംബ്ലെയുടെ പേരിലുള്ള റെക്കോർഡും ഈ പതിനേഴുകാരൻ സ്വന്തം പേരിലാക്കി. ഒൻപതു വർഷം പഴക്കമുള്ള കുംബ്ലെയുടെ റെക്കോർ‍ഡാണ് അഫ്രീദി തകർത്തത്. ട്വന്റി20യിലെ ഏറ്റവും മികച്ച ഇക്കണോമിക്കൽ സ്പെല്ലാണിത്. 2009ൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി രാജസ്ഥാൻ റോയൽസിനെതിരെ അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു കുംബ്ലെയുടെ സമ്പാദ്യം. ഇതാണ് നാല് റൺസ് അഞ്ചു വിക്കറ്റാക്കി അഫ്രീദി പരിഷ്കരിച്ചത്. അതേസമയം, ഫസ്റ്റ് ക്ലാസ് ട്വന്റി20യിലെ ഏറ്റവും മികച്ച പ്രകടനം ഇതല്ല. ശ്രീലങ്കൻ താരം രംഗന ഹെറാത്ത്, അഫ്ഗാൻ താരം റാഷിദ് ഖാൻ, പാക്ക് താരം സുഹൈൽ തൻവീർ എന്നിവർ മൂന്നു റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ക്രിക്കറ്റിലെ ഇതിഹാസമായ രാഹുൽ ദ്രാവിഡിന്റെ പ്രോത്സാഹനമാണ് മികച്ച പ്രകടനം നടത്താൻ തനിക്കു പ്രചോദനമെന്നായിരുന്നു മൽസരശേഷമുള്ള അഫ്രീദിയുടെ വാക്കുകൾ. ദ്രാവി‍ഡ് സാറിന്റെ പ്രോത്സാഹനം എനിക്കു വലിയ സന്തോഷമാണ് നൽകിയത്. അദ്ദേഹത്തോട് പലതവണ വ്യക്തിപരമായി സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്രയും സീനിയറായ ഒരാൾ നൽകിയ പ്രോത്സാഹനം ഒരിക്കലും മറക്കാനാകില്ല – അഫ്രീദി പറഞ്ഞു.

ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ 8.5 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഇന്ത്യയ്ക്കെതിരെയും മികച്ച പ്രകടനം നടത്തിയ ഷഹീൻ അഫ്രീദിയെ മൽസരശേഷം ദ്രാവിഡ് പാക്ക് ഡ്രസിങ് റൂമിൽ പോയി അഭിനന്ദിച്ചിരുന്നു. താരവുമായി സംസാരിക്കുകയും ചെയ്തു. ഷഹീൻ അഫ്രീദി പാക്ക് ദേശീയ ടീമിന് സമീപ ഭാവിയിൽത്തന്നെ മുതൽക്കൂട്ടാകുമെന്നും ദ്രാവി‍ഡ് ടീം മാനേജരോട് പറഞ്ഞിരുന്നു.

related stories