Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ ഭാരവാഹികളുടെ ചിറകരിഞ്ഞ് ഭരണസമിതി

BCCI Logo

ന്യൂഡൽഹി∙ ബിസിസിഐ ഭാരവാഹികളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ ‘പവർ പ്ലേ.’ ബോർഡിന്റെ ദൈനംദിന നടത്തിപ്പിൽ നിലവിൽ ഭാരവാഹികൾക്കുള്ള അധികാരങ്ങൾക്കു കർശന നിയന്ത്രണമേർപ്പെടുത്തുന്ന നിർദേശങ്ങൾ ഭരണസമിതി അധ്യക്ഷൻ വിനോദ് റായ് പുറപ്പെടുവിച്ചു.

ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെയാവും നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുക. ഭരണസമിതി തീരുമാനം ഫാഷിസ്റ്റ് നടപടിയാണെന്നും ഭാരവാഹികൾക്കു സുപ്രീം കോടതി നൽകിയ അധികാരങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും ബിസിസിഐ വൃത്തങ്ങൾ ആരോപിച്ചു. 

ഭരണസമിതിയുടെ പ്രധാന നിർദേശങ്ങൾ ഇവ:

∙ ജനറൽ ബോഡി, സബ് കമ്മിറ്റി യോഗങ്ങൾ എന്നിവ വിളിക്കാൻ ഭരണസമിതിയുടെ മുൻകൂർ അനുമതി നേടണം. 

∙ ഭരണസമിതിയുമായി നടത്തിയ ആശയവിനിമയത്തിലെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണം. 

∙ ഭാരവാഹികൾ തമ്മിലുള്ള എല്ലാ ഒൗദ്യോഗിക സന്ദേശങ്ങളുടെയും പകർപ്പ് ഭരണസമിതിക്കു ലഭ്യമാക്കണം.

∙ ബിസിസിഐയുടെ ചെലവിലുള്ള യാത്രകൾക്കു ഭാരവാഹികൾ ഭരണസമിതിയുടെ മുൻകൂർ അനുമതി വാങ്ങണം.

∙ സുപ്രീം കോടതിയിലെ വിവിധ കേസുകളിൽ ഭാരവാഹി സ്വന്തം നിലയിൽ നിയമോപദേശം തേടിയാൽ അതിന്റെ ചെലവ് ബിസിസിഐ വഹിക്കേണ്ടതില്ല.

∙ കോടതിയിൽ സമർപ്പിക്കേണ്ട വാദങ്ങൾ, സത്യവാങ്മൂലങ്ങൾ എന്നിവയിൽ ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഒപ്പിടണം. 

∙ 25 ലക്ഷത്തിനു മേലുള്ള എല്ലാ കരാറുകൾക്കും ഭരണസമിതിയുടെ മുൻകൂർ അനുമതി നേടണം. 

∙ ബിസിസിഐയുടെ പേരിലുള്ള പണമിടപാടുകൾ ആക്ടിങ് സെക്രട്ടറിയും സിഇഒയും അംഗീകരിക്കണം. ഇവർ തമ്മിൽ തർക്കമുണ്ടായാൽ, അക്കാര്യം ഭരണസമിതിയുടെ പരിഗണനയ്ക്കു വിടണം. 

related stories