Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണായക സമയത്ത് നിശബ്ദത വെടിഞ്ഞ് നായകന്റെ ബാറ്റ്; ഇന്ത്യയ്ക്ക് ആശ്വാസം

Rohit Sharma

ന്യൂഡൽഹി∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഫൈനൽ ഉറപ്പാക്കാൻ ബംഗ്ലദേശിനെ നേരിടാൻ ഇറങ്ങിയ ഇന്ത്യയുടെ ആശങ്കയത്രയും ഒരേയൊരാളെ ചുറ്റിപ്പറ്റിയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയെ. ട്രാക്കിലായാൽ ലോകത്തെ ഏറ്റവും വിനാശകാരിയായ താരത്തിന് ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മൂന്നു മൽസരങ്ങളിലും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിരുന്നില്ല. പ്രമുഖ താരങ്ങൾക്കു വിശ്രമം അനുവദിച്ച് യുവതാരങ്ങളുമായി ലങ്കയിലെത്തിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്റെ ബാറ്റ് പതിവിലുമധികം നിശബ്ദമായത് ടീമിനു സൃഷ്ടിച്ച തലവേദന ചെറുതല്ല.

എന്നാൽ, ഒറ്റ മൽസരംകൊണ്ട് ഈ തലവേദനയത്രയും മായ്ച്ചു കളഞ്ഞിരിക്കുന്നു, ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാൻ. ഓപ്പണറായിറങ്ങി ഇന്നിങ്സിന്റെ അവസാന പന്തിൽ മാത്രം പുറത്തായ രോഹിതിന്റെ മികവിലാണ് ഈ മൽസരത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 61 പന്തിൽ അഞ്ചു ബൗണ്ടറിയും അഞ്ചു പടുകൂറ്റൻ സിക്സുകളും സഹിതം 89 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.

എന്നാൽ, സുരേഷ് റെയ്നയുമൊത്തുള്ള കൂട്ടുകെട്ടാണ് മൽസരത്തിൽ നിർണായകമായതെന്ന അഭിപ്രായക്കാരനാണ് രോഹിത്. ഈ മൽസരത്തിൽ മികച്ചൊരു പ്രകടനം തന്റെ ആവശ്യമായിരുന്നെന്നും രോഹിത് പറയുന്നു. നിലയുറപ്പിക്കാൻ സമയമെടുത്ത് പിന്നീട് ആഞ്ഞടിക്കാനായിരുന്നു എന്റെ ശ്രമം. ഇന്നിങ്സ് തീരുമ്പോൾ ആവശ്യമായതിലും 10–15 റൺസ് പിന്നിലായിരുന്നു നമ്മളെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. പക്ഷേ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞത് ഗുണകരമായി. വാഷിങ്ടൻ സുന്ദർ വളരെ മികച്ച രീതിയിലാണ് ബോൾ ചെയ്തത്. അദ്ദേഹത്തിന്റെ മാന്ത്രിക സ്പെല്ലാണ് മൽസരം നമുക്ക് അനുകൂലമാക്കിയത്. മറ്റു ബോളർമാരും അവസരത്തിനൊത്ത് ഉയർന്ന് മികച്ച രീതിയിൽ ബോൾ ചെയ്തു – രോഹിത് പറഞ്ഞു.

മുൻപു കളിച്ച സ്വഭാവമായിരുന്നില്ല പിച്ചിന്റേതെന്നും എടുത്തുപറയണം. അതുകൊണ്ടാണ് നിലയുറപ്പിക്കാൻ നമ്മൾ കൂടുതൽ സമയമെടുത്തത്. ഒരിക്കൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ അയാൾ തന്നെ ക്രീസിൽ തുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നിയിരുന്നു. പുതിയൊരാൾ ക്രീസിലെത്തിയാൽ പിച്ചിനെ മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേനെയെന്നും രോഹിത് പറഞ്ഞു. റെയ്നയും ഞാനുമൊത്തുള്ള കൂട്ടുകെട്ട് വളരെ നിർണായകമായിരുന്നു. റെയ്ന പന്തിനെ മെരുക്കിയെടുക്കുന്ന കാഴ്ച നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് കാണാൻ നല്ല ചന്തമായിരുന്നു. ഫൈനലിലും ഇതേ പ്രകടനം പുറത്തെടക്കാൻ റെയ്നയ്ക്കാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ വാഷിങ്ടൻ സുന്ദറിനെയും രോഹിത് പുകഴ്ത്തി. പന്തു ഫ്ലൈറ്റ് ചെയ്യിക്കുന്നതിൽ സുന്ദർ കാട്ടിയ മികവ് എടുത്തുപറയണം. സ്വന്തം നിലയ്ക്ക് ഫീൽഡിങ് സെറ്റ് ചെയ്ത് കളിക്കുന്ന രീതിതന്നെ അയാളെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഫീൽഡിങ് ക്രമീകരണങ്ങൾ നടത്താൻ ഇത്തരം ഇടപെടലുകൾ നമുക്ക് സഹായകരമാണ് – രോഹിത് പറഞ്ഞു.

അവസാന ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ 28 റൺസ് വേണ്ടിയിരുന്നപ്പോൾ ഏറ്റവും ലളിതമായി ബോൾ ചെയ്യാനാണ് താൻ സിറാജിന് നിർദ്ദേശം നൽകിയതെന്നും രോഹിത് വെളിപ്പെടുത്തി. വലിയ ഷോട്ടുകൾക്ക് ശ്രമിച്ചാൽ മാത്രമേ ഈ മൽസരത്തിൽ ബംഗ്ലദേശിന് സാധ്യതയുണ്ടായിരുന്നുള്ളൂ. അതിനെ ചെറുക്കാനുള്ള വിദ്യയൊക്കെ സിറാജിന്റെ കൈവശമുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സിറാജിന് സാധിക്കുകയും ചെയ്തു. ഈ മൽസരം മൊത്തത്തിൽ സിറാജിന് അത്ര മികച്ച അനുഭവമായിരുന്നിരിക്കില്ല. എങ്കിലും വളരെയേറെ പ്രതിഭയുള്ള താരമാണ് അദ്ദേഹം – രോഹിത് പറഞ്ഞു.

related stories