Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേഷ്യം (ആവേശം?) അതിരുവിട്ടു; ഡ്രസിങ് റൂം അടിച്ചുതകർത്ത് ബംഗ്ലദേശ് താരങ്ങൾ

Dressing-Room-Colombo ബംഗ്ലദേശ് താരങ്ങൾ ഡ്രസിങ് റൂം അടിച്ചുതകർത്ത നിലയിൽ.

കൊളംബോ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ വെള്ളിയാഴ്ച ആതിഥേയരും ബംഗ്ലദേശും തമ്മിൽ നടന്ന പോരാട്ടത്തിൽ വിവാദ സംഭവങ്ങളും. പോരാട്ടച്ചൂടിൽ വെന്തുരുകിയ താരങ്ങൾ നിലവിട്ടു പെരുമാറിയത് കളത്തിൽ മാത്രമല്ല, കളത്തിനു പുറത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണ് ഇതെന്നാണ് ആരോപണം.

ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് ‘വില്ലനെ’ കണ്ടെത്താനാണ് നിർദ്ദേസം. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, മോശം പെരുമാറ്റത്തിന് ബംഗ്ലദേശ് ടീമിനെ ഐസിസി ശിക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലദേശ് ലക്ഷ്യത്തിലെത്തുകയായിരുന്നു. മൽസരം അവസാനത്തോട് അടുക്കുന്തോറും ആവേശം മുറുകിയതോടെ അത്ര പന്തിയല്ലാത്ത രംഗങ്ങൾക്കും മൽസരം വേദിയായിരുന്നു.

അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. ബംഗ്ലദേശ് മൽസരം അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങിയെങ്കിലും പരിശീലകൻ താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക കുശാൽ പെരേര (40 പന്തിൽ 61), തിസാര പെരേര (37 പന്തിൽ 58) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും മികച്ച പ്രകടനവുമായി കളം നിറഞ്ഞെങ്കിലും മറ്റു താരങ്ങൾ പരാജയപ്പെട്ടതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ബംഗ്ലദേശ് ബോളർമാരുടെ മികച്ച പ്രകടനം കൂടിയായതോടെ ആതിഥേയർ 20 ഓവറിൽ 159 റൺസിൽ ഒതുങ്ങി.

160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തമിം ഇക്ബാൽ (42 പന്തിൽ 50), മഹ്മൂദുല്ല (18 പന്തിൽ പുറത്താകാതെ 43) എന്നിവരുടെ പ്രകടനം തുണയായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കിയെങ്കിലും മഹ്മൂദുല്ലയുടെ ഒറ്റയാൾ പോരാട്ടം അവർക്കു വിജയം സമ്മാനിച്ചു.

related stories