Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി നിർത്താനൊരുങ്ങി താരങ്ങൾ, ഡ്രസിങ് റൂമും തകർത്തു; വിവാദച്ചുഴിയിൽ ലങ്ക–ബംഗ്ലാ പോരാട്ടം

Bangladesh-Happy ശ്രീലങ്കയെ തോൽപ്പിച്ച് ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന ബംഗ്ലദേശ് താരങ്ങളുടെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)

കൊളംബോ∙ ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ കടന്നതിനു പിന്നാലെ മൽസരത്തെ ചുറ്റിപ്പറ്റി വിവാദം. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശ് ജയിച്ചുകയറിയത്. ആദ്യം ബാറ്റുചെയ്ത് ശ്രീലങ്ക ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് മറികടന്നിരുന്നു. ഇതിനിടെ ബംഗ്ലദേശ് ഇന്നിങ്സിന്റെ അവസാന ഓവറിൽ നടന്ന നാടകീയ സംഭവങ്ങളാണ് വിവാദത്തിനു വഴിമരുന്നിട്ടത്.

ശ്രീലങ്കൻ ബോളർ ഉഡാന തുടർച്ചയായി രണ്ടു ബൗണ്‍സറുകൾ എറിഞ്ഞിട്ടും അംപയർ നോബോൾ വിളിക്കാതിരുന്നതിനെതിരെ ബംഗ്ലദേശ് താരങ്ങൾ പ്രതിഷേധിച്ചതാണ് സംഭവം. ഇവരുടെ വാദം അംപയർമാർ ചെവിക്കൊള്ളാതിരുന്നതോടെ ബംഗ്ലദേശ് താരങ്ങൾ മൽസരം നിർത്തി പോകാൻ പോലും തയാറായി. ഒടുവിൽ പരിശീലകൻ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്. തിരികെ ക്രീസിലെത്തിയ ബംഗ്ലദേശുകാർ ശ്രീലങ്കയെ തകർത്ത് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

വിവാദമായ സംഭവങ്ങളിങ്ങനെ:

160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് അവസാന ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 12 റൺസ്. ക്രീസിൽ പുതിയ ബാറ്റ്സ്മാനായ മുസ്താഫിസുർ റഹ്മാനും ബംഗ്ലദേശ് പ്രതീക്ഷകളെ തോളിലേറ്റി മഹ്മൂദുല്ലയും. 15 പന്തിൽ 31 റൺസുമായി പുറത്താകാതെ നിൽക്കുന്ന മഹ്മൂദല്ലയിൽ പ്രതീക്ഷവച്ച് ആരാധകർ കാത്തിരിക്കവെ ഉഡാനയുടെ വക ബൗണ്‍സർ  ഈ പന്തിൽ മുസ്താഫിസുറിന് റൺസൊന്നും നേടാനാകുന്നില്ല. രണ്ടാം പന്തും ബൗൺസറാണോയെന്ന് സംശയം ഉയരുന്നതിനിടെ മുസ്താഫിസുർ റണ്ണൗട്ട്.

ഇതോടെ ബംഗ്ലദേശുകാരുടെ നിയന്ത്രണം വിട്ടു. രണ്ടു ബൗണ്‍സറുകൾ അനുവദനീയമല്ലെന്നു ചൂണ്ടിക്കാട്ടി അവർ ബാറ്റിങ് നിർത്തി. ഇടയ്ക്ക് മുസ്താഫിസുറിനൊപ്പം മഹ്മൂദുല്ലയും മൈതാനം വിടുകയാണെന്ന് തോന്നി. ഇതിനിടെ പവലിയനിൽനിന്ന് രോഷാകുലനായ ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ താരങ്ങളെ തിരികെ വിളിച്ചു. ബാറ്റിങ്ങിനിടെ താരങ്ങൾ അനുവാദമില്ലാതെ പവലിയനിലേക്കു മടങ്ങിയാൽ ടീം അയോഗ്യരാകുമെന്ന നിയമം മനസ്സിലുള്ളതുകൊണ്ടാകണം, അവർ ബൗണ്ടറി കടന്നില്ല.

ഇതിനിടെ താരങ്ങളെ തണുപ്പിക്കാൻ ബംഗ്ലദേശ് പരിശീലകൻ ഖാലിദ് മഹ്മൂദം രംഗത്തെത്തി. കളി മതിയാക്കാതെ തിരിച്ചുപോയി മൽസരം പൂർത്തിയാക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച മഹ്മൂദുല്ല പുതിയ ബാറ്റ്സ്മാനായ റൂബൽ ഹുസൈനൊപ്പം വീണ്ടും ക്രീസിലേക്ക്. വിജയത്തിലേക്ക് അവർക്കു വേണ്ടത് നാലു പന്തിൽ 12 റൺസ്.

ഉഡാനയുടെ മൂന്നം പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയാണ് മഹ്മൂദുല്ല കലിപ്പു തീർത്തത്. ഇതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യം മൂന്നു പന്തിൽ എട്ടു റൺസായി താഴ്ന്നു. ലോ ഫുൾടോസായെത്തിയ അടുത്ത പന്തിൽ മഹ്മൂദുല്ല രണ്ടു റൺസെടുത്തു. വിജയലക്ഷ്യം രണ്ടു പന്തിൽ ആറു റൺസ്. അടുത്ത പന്തിൽ ശ്രീലങ്കയുടെ സ്വപ്നങ്ങൾ വീണുടഞ്ഞു. ഉഡാനയുടെ പന്ത് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ച മഹ്മൂദുല്ല ബംഗ്ലദേശിനെ ഫൈനലിലേക്ക് നയിച്ചു.

‌18 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്ന മഹ്മൂദുല്ല കളിയിലെ കേമനായി. 42 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 50 റൺസെടുത്ത ഓപ്പണർ തമിം ഇക്ബാലിന്റെ ഇന്നിങ്സിനും കയ്യടി. ആതിഥേയരായ ശ്രീലങ്കയാകട്ടെ ഫൈനൽ കാണാതെ പുറത്തേക്ക്. ഞായറാഴ്ച കൊളംബോയിൽ ഇന്ത്യയുമായാണ് ബംഗ്ലദേശിന്റെ കലാശപ്പോരാട്ടം.

related stories