Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് മുന്നിൽ അവർക്കു പിടിച്ചുനിൽക്കാനാകില്ല; ത്രിരാഷ്ട്ര പരമ്പരയിൽ മുൻ ശ്രീലങ്കൻ താരം

Mahela മഹേല ജയവര്‍ധനെ

ന്യൂഡല്‍ഹി∙ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലദേശിന് ഏറെ വിയർക്കേണ്ടിവരുമെന്നു മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനെ. ഇന്ത്യയുടെ പേസ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പോലുമാകാതെ ബംഗ്ലദേശ് തകരാനാണു സാധ്യത. തുടർച്ചയായി മൂന്നു വിജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്. ബംഗ്ലദേശിന് ഇന്ത്യയുടെ മുന്നിൽ ഒന്നും നഷ്ടപ്പെടാനില്ല. എന്നാൽ സ്വന്തമാക്കാൻ ഏറെയുണ്ട്. പ്രതീക്ഷയുടെ സമ്മർദമില്ലാതെയാണ് ബംഗ്ലദേശ് ഇന്ത്യയെ നേരിടേണ്ടതെന്നും ജയവർധനെ അഭിപ്രായപ്പെട്ടു.

മുതിർന്ന താരങ്ങളില്ലാതെയാണ് ഇന്ത്യ ത്രിരാഷ്ട്ര പരമ്പരയ്ക്കെത്തിയത്. എന്നാൽ ഇന്ത്യയുടെ രണ്ടാം നിരയ്ക്കു മൽസരത്തിന്റെ എല്ലാ മേഖലകളിലും മേധാവിത്വമുണ്ട്. ബംഗ്ലദേശിന്റെ മുൻനിര ബാറ്റ്്സ്മാൻമാർ പലര്‍ക്കും നല്ല പ്രകടനം പുറത്തെടുക്കാനുമായിട്ടില്ല. എങ്കിലും സമ്മർദം ഒഴിവാക്കി കളിക്കുന്നവർക്കായിരിക്കും മൽസരത്തിൽ ആധിപത്യം ലഭിക്കുക– ജയവർധനെ പറഞ്ഞു. 

ശ്രീലങ്ക– ബംഗ്ലദേശ് മൽസരം ഐസിസി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പയർമാർക്കുണ്ടായ പിഴവാണ് ശ്രീലങ്ക– ബംഗ്ലദേശ് മൽസരത്തിന്റെ അവസാനം പ്രശ്നങ്ങളിലേക്കു നയിച്ചത്. എന്നാൽ ഇരു ടീമുകൾക്കും ഇടയിലെ തർക്കം പരിഹരിക്കാൻ അമ്പയര്‍മാർ മുതിർന്നില്ല. ഇത് പ്രശ്നം കൂടുതൽ വഷളാക്കി. ബംഗ്ലദേശ് ടീം ഗ്രൗണ്ട് വിട്ടുപോകാന്‍ ശ്രമിച്ചത് ശരിയായ കാര്യമല്ല. തുടർച്ചയായ മൂന്നു തോൽവികൾ ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് ഫൈനൽ കളിക്കാനുള്ള യോഗ്യതയില്ലെന്നും ജയവർധനെ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് അവസാന ഓവറിലെ കൂട്ടപ്പൊരിച്ചിലിനും സംഘർഷത്തിനുമൊടുവിലാണ് ജയം നേടിയത്.  രണ്ടു വിക്കറ്റുകൾ ബാക്കിനിൽക്കെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സറിലൂടെയായിരുന്നു അവർ വിജയലക്ഷ്യം കുറിച്ചത്. അതേ ഊർജത്തിലാണ് ബംഗ്ലദേശ് ടീം ഇന്ത്യയെയും നേരിടാനിറങ്ങുന്നത്. രാത്രി ഏഴിനാണ് മൽസരം. 

related stories