Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ ഇന്ന് ഇന്ത്യ–ബംഗ്ലദേശ്; ആത്മവിശ്വാസം x ആവേശം

Cricket ഇന്ത്യൻ താരങ്ങളായ ഷാര്‍ദുൽ താക്കൂർ, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ പരിശീലനത്തിനിടെ

കൊളംബോ ∙ ഇന്ത്യ–പാക്കിസ്ഥാൻ, ഇന്ത്യ–ശ്രീലങ്ക പോരാട്ടങ്ങൾ മറക്കാം. ഇന്ത്യ–ബംഗ്ലദേശ് വൈരത്തിനാണ് ഇപ്പോൾ വീര്യം കൂടുതൽ. ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ന് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുമ്പോൾ വീറും വാശിയും ‘ബൗൺസർ ഉയരത്തോളം’ പ്രതീക്ഷിക്കാം. തുടർജയങ്ങളുടെ ആത്മവിശ്വാസമാണ് ഇന്ത്യയുടെ കരുത്തെങ്കിൽ നാടകീയ ജയങ്ങളുടെ ആവേശമാണ് ബംഗ്ലദേശിനു കൈമുതൽ. ശ്രീലങ്കയ്ക്കെതിരെ ഫലത്തിൽ ‘സെമിഫൈനൽ’ പോലെയായ പോരാട്ടത്തിൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സറിലൂടെയാണ് ബംഗ്ലദേശ് രണ്ടു വിക്കറ്റിനു ജയിച്ചത്. അതേ ഊർജത്തിൽ ബംഗ്ലദേശ് ഇറങ്ങുമ്പോൾ വിശ്രമദിനത്തിന്റെ ആലസ്യത്തിലാണ് ഇന്ത്യ. മൽസരം രാത്രി ഏഴു മുതൽ ഡി സ്പോർട്സിൽ തൽസമയം കാണാം.

2015 ഏകദിന ലോകകപ്പിലാണ് ഇന്ത്യ–ബംഗ്ലദേശ് വൈരത്തിനു തുടക്കമാകുന്നത്. അന്ന് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോടു തോറ്റത് ഉൾക്കൊള്ളാൻ ബംഗ്ലദേശ് ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അരയ്ക്കു മുകളിൽ വന്ന പന്തിൽ രോഹിത് ശർമയെ ക്യാച്ചെടുത്തെങ്കിലും അംപയർ നോബോൾ വിളിച്ചതു പ്രതിഷേധങ്ങൾക്കിടയാക്കി. ലോകകപ്പിനു മുൻപ് സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്ത ‘മോക്ക മോക്ക’ പരസ്യം അപമാനിക്കുന്നതായി തോന്നിയ ബംഗ്ലദേശിന് ആ തോൽവി മുറിവിൽ മുളകു പുരട്ടുന്നതായി. 

ലോകകപ്പിനുശേഷം നടന്ന ഏകദിന പരമ്പരയ്ക്കിടെ ഇന്ത്യൻ താരങ്ങളുടെ പകുതി ഷേവ് ചെയ്ത കട്ടൗട്ടുകൾ ധാക്ക തെരുവുകളിലെങ്ങും പതിച്ചാണ് ബംഗ്ലദേശ് പകരം വീട്ടിയത്. പിറ്റേവർഷം ട്വന്റി20 ലോകകപ്പിൽ കണ്ടുമുട്ടിയപ്പോൾ ബംഗ്ലദേശ് പടിക്കൽ കലമുടച്ചു. അവസാന പന്തിൽ മുസ്തഫിസുർ റഹ്മാനെ റൺഔട്ടാക്കിയ ധോണി ഇന്ത്യയ്ക്കു സമ്മാനിച്ചത് ഒരു റൺ ജയം. 

കളിമികവിൽ ഇന്ത്യയുടെ രണ്ടാംനിര തന്നെ ബംഗ്ലദേശിനെ വീഴ്ത്താൻ ധാരാളം. രോഹിത് ശർമ–ശിഖർ ധവാൻ ഓപ്പണിങ് സഖ്യം മുതൽ തുടങ്ങുന്നു മുൻതൂക്കം. തമിം ഇഖ്ബാൽ–ലിറ്റൻ ദാസ് കൂട്ടുകെട്ടിന് മികവുണ്ടെങ്കിലും രോഹിതും ധവാനും എത്രയോ മുന്നിൽ.