Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയുടെ ‘ചതിപ്പന്തുകളി’

smith കാമറൺ ബാൻക്രോഫ്റ്റും സ്റ്റീവ് സ്മിത്തും പത്രസമ്മേളനത്തിൽ.

കേപ്ടൗൺ ∙ കൃത്രിമം കാട്ടാൻ കാമറോൺ ബാൻക്രോഫ്റ്റിനു പന്തെറിഞ്ഞുകൊടുത്തതു വിക്കറ്റ് കീപ്പർ ടിം പെയ്ൻ. കൃത്രിമക്കളി ടെലിവിഷൻ പിടിച്ചെടുത്തപ്പോൾ അപായസൂചന നൽകിയതു പരിശീലകൻ ഡാരൻ ലീമാൻ, ഗ്രൗണ്ടിലിറങ്ങി താരത്തിന് ആ സന്ദേശം കൈമാറിയതു ടീമിലെ പന്ത്രണ്ടാമൻ പീറ്റർ ഹാൻഡ്സ്കോംബ്, ഒടുവിൽ വിശദീകരണം തേടാനെത്തിയ അംപയർമാർക്കു മുൻപിലും പത്രസമ്മേളനത്തിലും ബാൻക്രോഫ്റ്റിനു രക്ഷാകവചമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും.

പന്തിൽ കൃത്രിമം നിറച്ച് ഒരു ടീമൊന്നാകെ ക്രിക്കറ്റിനെ ചതിച്ചതിനാണു കേപ്ടൗൺ വേദിയായത്. കളി ജയിക്കാൻ എന്തുവഴിയും സ്വീകരിക്കുമെന്ന ഓസീസിന്റെ വിചിത്രമായ ക്രിക്കറ്റ് തന്ത്രത്തിന്റെ മറ്റൊരു പതിപ്പ്. മാധ്യമങ്ങൾക്കു മുൻപിൽ സ്റ്റീവ് സ്മിത്ത് പറഞ്ഞതിൽ എല്ലാമുണ്ട്. ‘കളി കൈവിട്ടുപോകുന്നതുപോലെ തോന്നി. തിരിച്ചുപിടിക്കാൻ ഇതല്ലാതെ മറ്റൊരു വഴി കണ്ടില്ല. ഈ മൽസരം ​ഞങ്ങൾക്കു തോൽക്കാനാവില്ലായിരുന്നു’. 

ജയിക്കാൻ ഏതു വഴിയും

മാന്യന്മാരുടെ കളിയെന്ന വിശേഷണത്തിനു കളങ്കം ചാർത്തുന്ന നടപടി എക്കാലത്തും ഓസ്ട്രേലിയയിൽനിന്നുണ്ടായിട്ടുണ്ടെങ്കിലും സംഘടിതമായ ചതിപ്രയോഗം ഒരുപക്ഷേ, ലോകക്രിക്കറ്റിൽ ആദ്യത്തേതാണ്. വ്യക്തികളുടെ അതിരുവിട്ട പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ടീമിന്റെയൊന്നാകെ ചുമലിൽ മുൻപു പതിച്ചിട്ടുണ്ടെങ്കിലും തന്ത്രങ്ങൾ പറഞ്ഞുകൊടുക്കേണ്ട കോച്ച് കുതന്ത്രങ്ങളിലൂടെ ടീമിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നതും ആദ്യം.

അജയ്യതയുടെ പര്യായം പോലെ നിറഞ്ഞുനിൽക്കുന്നവർ ഇത്തരം വഴിവിട്ട കളികളിലേക്കു നീങ്ങുമ്പോൾ ക്രിക്കറ്റ് എന്ന ഗെയിംതന്നെയാണു സംശയനിഴലിലായത്. കോഴവിവാദത്തിനു ശേഷം ക്രിക്കറ്റ് ഇത്രയേറെ സംശയനിഴലിലായ വേറെ സാഹചര്യമില്ല. 

അറിയപ്പെടാത്ത ബാൻക്രോഫ്റ്റ് 

പന്തിൽ കൃത്രിമം കാട്ടാൻ ഡ്രസിങ് റൂമിൽ വച്ചുതന്നെ തീരുമാനമെടുത്തിരുന്നുവെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയിരുന്നു. കളത്തിൽ അതു നടപ്പാക്കേണ്ട ചുമതലയായിരുന്നു ബാൻക്രോഫ്റ്റിന്. ടീമിലെ പുതുമുഖം. അധികമൊന്നും അറിയപ്പെടാത്ത താരം.

ഓസ്ട്രേലിയൻ ജഴ്സിയിൽ എട്ടാം ടെസ്റ്റുമാത്രം കളിക്കുന്ന ഇരുപത്തിനാലുകാരൻ ബാൻക്രോഫ്റ്റിനെ ദൗത്യം ഏൽപിക്കാൻ ഇതൊക്കെയായിരുന്നു കാരണങ്ങൾ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 43–ാം ഓവറിനിടെ വിക്കറ്റ് കീപ്പറിൽനിന്നു പന്തു സ്വീകരിച്ച ബാൻക്രോഫ്റ്റ് വലതു പോക്കറ്റിൽനിന്നു മഞ്ഞ ടേപ്പ് എടുത്ത്, അതിൽ മണ്ണ് തേച്ചു. സഹതാരങ്ങളിൽനിന്നു മാറിനടന്ന് കൈക്കുമ്പിളിൽ മണ്ണും പന്തും കൂട്ടിത്തിരുമി. 

ലേമാന്റെ സന്ദേശം

ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഓസ്ട്രേലിയൻ താരങ്ങൾ കളിതുടരുന്നതിനിടെ ടെലിവിഷൻ സ്ക്രീൻ ശ്രദ്ധിച്ചതു പരിശീലകൻ ഡാരൻ ലീമാനെ. ബാൻക്രോഫ്റ്റ് പന്തു തിരുമ്മുന്നതിന്റെ ദൃശ്യം ടെലിവിഷൻ ചാനൽ വീണ്ടും വീണ്ടും കാണിക്കുന്നുവെന്നതു ലീമാൻ ടീമിലെ പന്ത്രണ്ടാമൻ പീറ്റർ ഹാൻഡ്കോംബിനെ വോക്കി ടോക്കിയിലൂടെ അറിയിച്ചു. അസ്വഭാവികതയോടെ വീണ്ടും ഗ്രൗണ്ടിലിറങ്ങിയ ഹാൻഡ്സ്കോംബിനു ചുറ്റുമായിരുന്നു ക്യാമറക്കണ്ണുകൾ പിന്നീട്.

ടീമിലെ പുതുമുഖമായ, ബോളിങ് ചുമതലകളില്ലാത്ത ബാൻക്രോഫ്റ്റിനു മാത്രമായി എന്തു സന്ദേശം കൈമാറാൻ? ചാനലുകളുടെ അന്വേഷണത്വര വീണ്ടും ഓസീസിനെ കുടുക്കി. ഹാൻഡ്കോംബ് പോയതിനു പിന്നാലെ പോക്കറ്റിൽനിന്നു വീണ്ടും മഞ്ഞടേപ്പ് എടുത്തതു കൃത്യമായി ക്യാമറയിൽ പതിഞ്ഞു. ഒപ്പം അതെടുത്ത് പാന്റ്സിനുള്ളിൽ ഒളിപ്പിക്കുന്നതും. സംഭവം അന്വേഷിച്ച ഫീൽഡ് അംപയർമാരെ സൺഗ്ലാസ് തുടയ്ക്കുന്ന തുണി കാട്ടി കബളിപ്പിച്ചപ്പോൾ മഞ്ഞ ടേപ്പും അതൊളിപ്പിച്ച രീതിയും വീണ്ടും വീണ്ടും ചാനൽ എടുത്തുകാട്ടിക്കൊണ്ടിരുന്നു. 

സമ്മർദം പലവഴിക്ക്

കൃത്രിമം കാട്ടൽ പരസ്യമായതു വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദേശ പ്രകാരം സ്മിത്തും ബാൻക്രോഫ്റ്റും കുറ്റം ഏറ്റുപറഞ്ഞത്. അപ്പോഴും ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലായിരുന്നു സ്മിത്ത്. പിന്നീട് ഓസ്ട്രേലിയയും പ്രധാനമന്ത്രിയും സ്പോർട്സ് കമ്മിഷൻ മേധാവിയും മാധ്യമങ്ങളും വിമർശനമുയർത്തിയതോടെ രാജിയല്ലാതെ മറ്റുവഴിയില്ലെന്നായി.

വിശ്വസിക്കാവുന്നതിനും അപ്പുറമാണിത്! ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇത്തരമൊരു ചതിയിൽ ഉൾപ്പെട്ടുവെന്ന് കരുതാനാകുന്നില്ല– മാൽകം ടേൺബുൾ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി.

ആധുനിക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം– ബിഷൻ സിങ് ബേദി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം നിരാശാജനകം. ഇത്തരം നീക്കങ്ങൾ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാഗമല്ല - ഷെയ്ൻ വോൺ, മുൻ ഓസീസ് താരം.

എന്തൊരു അസംബന്ധമാണിത്.. ഞാൻ കണ്ടത് ഒരു ദുസ്വപ്നമായിരുന്നുവെന്ന് ആരെങ്കിലും പറയൂ - മൈക്കൾ ക്ലാർക്ക്, മുൻ ഓസീസ് താരം.

‘കോച്ചെന്ന നിലയിൽ ഇത് ഡാരൻ ലീമാന്റെ ഏറ്റവും മികച്ച ടെസ്റ്റായിരിക്കും’. കാമറോൺ ബാൻക്രോഫ്റ്റിന്റെ ചിന്തയിൽ വിരിഞ്ഞതാണിതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട് - കെവിൻ പീറ്റേഴ്സൺ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ.

പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ നടപടി നിരാശാജനകം. ഏറെ ബുദ്ധിമുട്ടിക്കുന്നത് ടീമിലെ ജൂനിയറായ താരത്തെയും അവർ ഇതിൽ ഉൾപ്പെടുത്തിയെന്നതാണ് -  ആർ.പി.സിങ്, മുൻ ഇന്ത്യൻ താരം.

related stories