Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മിത്തും വാർണറും ഇല്ല, ബൗണ്ടറികള്‍ പറത്താൻ‌ താരങ്ങളെ തിരഞ്ഞ് രാജസ്ഥാനും സൺറൈസേഴ്സും

warner-smith ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്

ടീമൊക്കെ സെറ്റാക്കി പരിശീലനത്തിനിറങ്ങാന്‍ നേരം ഇങ്ങനെയൊരു പണി വരുമെന്ന് സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും സ്വപ്‌നേപി വിചാരിച്ചു കാണില്ല. കണ്ണടച്ചു തുറക്കും വേഗത്തിലല്ലേ ക്യാപ്റ്റന്‍മാരെ നഷ്ടമായത്. ഒപ്പം പോയത് ടീമിന്റെ സന്തുലിതാവസ്ഥയുമാണ്. ഇനിയുള്ള പാട് കുറഞ്ഞ സമയംകൊണ്ട് ഇവര്‍ക്കു പകരം താരങ്ങളെ കണ്ടെത്തുകയെന്നതാണ്. ഐപിഎല്‍ ലേലത്തിലുണ്ടായിട്ടും വില്‍ക്കാതെപോയ താരങ്ങളെ വേണം ടീമിലെത്തിക്കാന്‍. സാധ്യത ഇവര്‍ക്കൊക്കെ.

1. ജോ റൂട്ട്

കോഹ്ലി, സ്മിത്, വില്യംസണ്‍, റൂട്ട് ഈ തലമുറയിലെ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍മാരെ തിരയുമ്പോള്‍ ലഭിക്കുന്ന മറുപടിയാണ്. എന്നിട്ടും ആദ്യ മൂന്നുപേര്‍ക്കും ഐപിഎല്ലില്‍ ഇടം ലഭിച്ചപ്പോള്‍ ആദ്യമായി ഐപിഎല്ലിനെത്തിയ ജോ റൂട്ട് തഴയപ്പെട്ടു. കളി മോശമായതുകൊണ്ടൊന്നുമല്ല, ടീമുകള്‍ തിരയുന്ന താരമായില്ല റൂട്ട് എന്നു മാത്രം. എന്നാല്‍ ഇപ്പോള്‍ കളിമാറി. സ്മിത് പോയതോടെ രാജസ്ഥാന്റെ മൂന്നാം നമ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. റൂട്ടാണെങ്കില്‍ നിന്ന് വേരിറക്കി കളിക്കുന്ന താരം. ഫോമിലായിക്കഴിഞ്ഞാല്‍ സ്മിത്തിനെക്കാള്‍ ഗുണവും ചെയ്യും.

Joe-Root ജോ റൂട്ട്

2. മാര്‍ട്ടിന്‍ ഗപ്ടില്‍

ഗപ്ടിലിന്റെ പ്രഹരശേഷിയില്‍ ആര്‍ക്കും സംശയമില്ല, പക്ഷേ വേണ്ട സമയത്ത് തിളങ്ങില്ലെന്നതാണ് പഞ്ചാബ് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ കാരണം. ലേലത്തില്‍ ആരും എടുക്കാതിരുന്നതിന്റെ അരിശം ഗപ്ടില്‍ പക്ഷേ തീര്‍ത്തത് ഏറ്റവും വേഗമേറിയ ടി 20 സെഞ്ച്വറി നേടിക്കൊണ്ടാണ്. രാജ്യാന്തര ട്വന്റി 20യിലെ ടോപ് സ്‌കോററായ ഗപ്ടില്‍ വാര്‍ണറിന്റെ അഭാവത്തില്‍ സണ്‍റൈസേഴ്‌സിന് ഓപ്പണറായി പരിഗണിക്കാവുന്നതാണ്. ഫോമിലായിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത അടിയാണ് ഈ കീവി ബാറ്റ്‌സ്മാന്റെ പ്രത്യേകത.

3. ഹാഷിം അംല

കഴിഞ്ഞ സീസണില്‍ നന്നായി കളിച്ചിട്ടും ആരും വാങ്ങാതെപോയ താരമാണ് ഹാഷിം അംല. 10 കളികളില്‍നിന്ന് 60 റണ്‍ ശരാശരിയില്‍ 460 റണ്‍സാണ് അംല കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്. രണ്ടു സെഞ്ച്വറികള്‍ അടക്കമാണിത്. 145 റണ്‍സായിരുന്നു സ്‌ട്രൈക് റേറ്റ്. ഇരു ടീമുകള്‍ക്കും ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരമാണ് അംല. നിലവില്‍ ഫോം ഇല്ലാത്തതാണ് പ്രതികൂല ഘടകം.

Hashim-Amla-Practice

4. ലെന്‍ഡല്‍ സിമ്മണ്‍സ്

ആരും അറിയാതെ നാശം വിതച്ചുപോകുന്നൊരു കാറ്റാണ് സിമ്മണ്‍സ്. നാലു സീസണില്‍ കളിച്ചെങ്കിലും ശ്രദ്ധനേടാനായില്ല. 2015ലെ ഐപിഎല്ലില്‍ മുംബയ്യെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു ഈ വെസ്റ്റിന്‍ഡീസുകാരന്. ഇന്ത്യയുടെ കഴിഞ്ഞ ടി 20 ലോകകപ്പില്‍ സെമിയില്‍ മടക്ക ടിക്കറ്റ് തന്നതും സിമ്മണ്‍സ് തന്നെ. സര്‍പ്രൈസ് പാക്കേജായി സിമ്മണ്‍സിനെ ടീമിലെടുക്കാനുള്ള സാധ്യത തള്ളാനാകില്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.