Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ ‘മെയ്ക്ക് ഓവർ’

royals-logo

കാതു കുത്തിയവനായി പോയി കടുക്കൻ ഇട്ടവനായി തിരികെ വന്നിരിക്കുകയാണു രാജസ്ഥാൻ റോയൽസ്. രണ്ടു വർഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്ന റോയൽസിനു വന്നിട്ടുള്ള മാറ്റം ചില്ലറയൊന്നുമല്ല. വൻതോക്കുകളില്ലാതെ ഒരുകൂട്ടം യൂട്ടിലിറ്റി താരങ്ങളുമായി കൈമെയ് മറന്നു പോരാടുന്നവരായിരുന്നു പഴയ രാജസ്ഥാൻ. എന്നാൽ ഈ വരവിൽ ട്വന്റി20ക്കു യോജിച്ച സർവസന്നാഹങ്ങളും ഒരുക്കി സവായ് മാൻസിങ് സ്റ്റേഡിയത്തിലേക്കു ‘മാസ് എൻട്രി’ നടത്തുകയാണു റോയൽപ്പട. 

സൂപ്പർ ഹിറ്റ് ലേലം

ബെംഗളൂരുവിലെ താരലേലമാണു റോയൽസ് മാറ്റത്തിന്റെ പ്രഭവകേന്ദ്രം. സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിർത്തിയെത്തിയ ടീം പണം ചെലവിടുന്നതിലെ കരുതൽ കൈവിട്ടപ്പോൾ എതിരാളികളും ആരാധകരും ഒരുപോലെ അമ്പരന്നു. ലേലത്തിലെ മുന്തിയ ഇനം ആകുമെന്ന് ഏവരും കണക്കുകൂട്ടിയ ബെൻ സ്റ്റോക്സിനു വേണ്ടി രാജസ്ഥാൻ വിളി തുടങ്ങിയപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. ഒടുവിൽ 12.5 കോടിക്കു സ്റ്റോക്സ് ‘റോയൽ’ ആയപ്പോൾ കാറ്റു പോയത് ഒരുകൂട്ടം പ്രവചനങ്ങൾക്കു കൂടിയാണ്.

സ്റ്റോക്സിനെ പോലൊരു ഹോട്ട് ഐറ്റം ഇതുപോലൊരു കൊച്ചു ടീമിലേക്കെത്തില്ലെന്നു പ്രവചിച്ചവർ അന്നു പിന്നെയും ഞെട്ടി, പലവട്ടം. ബിഗ് ബാഷിലെ വെടിക്കെട്ടുതാരം ഡാർസി ഷോർട്ട്, പുത്തൻ സെൻസേഷൻ ജോഫ്ര ആർച്ചർ, ലോക്കൽ ട്വന്റി20 സ്പെഷലിസ്റ്റ് കൃഷ്ണപ്പ ഗൗതം, റോയൽസിന്റെ സ്വന്തം വിശ്വസ്തൻ സഞ്ജു സാംസൺ എന്നിവരെ വിടാതെ വിളിച്ചു വൻവിലയ്ക്കു കൂടാരത്തിലെത്തിച്ചു റോയൽസ്. ഒടുവിൽ ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്കടിനെ മോഹവില നൽകി ‘വിലയേറിയ’ ഇന്ത്യൻ താരമാക്കിയാണു റോയലിന്റെ ലേലപ്പടയോട്ടം അവസാനിച്ചത്. 

ബോളിങ്ങിലെ പ്രതീക്ഷകൾ

ബാറ്റിങ്ങിലെ കനം കാണാനാകില്ലെങ്കിലും അവഗണിക്കാനാകുന്നതല്ല ബോളിങ് വിഭാഗം. പരിചയസമ്പന്നനായ ബെൻ ലാഫ്‌ലിനും ലങ്കൻ താരം ദുഷ്മന്ത ചമീരയും സ്റ്റോക്സും ഇന്ത്യൻ താരങ്ങളായ ഉനദ്കടും ധവാൽ കുൽക്കർണിയും അനുരീത് സിങ്ങുമുള്ള ബോളിങ്ങിലെ തുരുപ്പുചീട്ട് യുവതാരം ആർച്ചറാകും.

ബിഗ്ബാഷിലെ പ്രകടനം ഇവിടെയും തുടരാൻ ആർച്ചറുടെ പേസിനും മൂവ്മെന്റിനും സാധിക്കുമെന്നാകും ടീം കണക്കുകൂട്ടൽ. ഷെയ്ൻ വോൺ ‘മെന്റർ’ റോളിൽ തിരിച്ചെത്തുമ്പോഴും സ്പിൻ വിഭാഗത്തിന് അത്ര തിളക്കമില്ല. ഗൗതത്തിനും ശ്രേയസിനും പുറമേ അങ്കീത് ശർമ, അഫ്ഗാൻ താരം സാഹിർ ഖാൻ, മലയാളി താരം മിഥുൻ എന്നിവരുമുണ്ട് ടീമിന്റെ സ്പിന്നിങ് ഓപ്ഷൻസ‌ിൽ.

ബാറ്റിങ് പവർഹൗസ്

ലേലത്തിലൂടെ കടലാസിൽ കൈവന്ന കരുത്ത് കളത്തിലും പുറത്തെടുത്താൽ ഒരു ദശകം മുൻപത്തെ കിരീടാദ്ഭുതം ആവർത്തിക്കാൻ രാജസ്ഥാനായേക്കും. 

ഏതു സ്ഥാനത്തും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു സംഘം ബാറ്റ്സ്മാൻമാരുടെ സങ്കേതമാണ് ഈ ടീം. ഇവരിൽ പലരും ട്വന്റി20യിലെ മിന്നുംതാരങ്ങൾ. ഓപ്പണിങ് സ്ലോട്ടിലേക്കു യോജിച്ചവരെ കാണുക – അജിൻക്യ രഹാനെ, ഡാർസി ഷോർട്ട്, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, ജോസ് ബട്‌ലർ, പ്രശാന്ത് ചോപ്ര... സ്മിത്തിന്റെ അഭാവം ബാറ്റ്സ്മാനെന്ന നിലയിൽ ടീമിനെ ബാധിക്കില്ലെന്നു പുതുനായകൻ രഹാനെ പറയുന്നതും പ്രതിഭകളുടെ ആർഭാടനിര കണ്ടു തന്നെ. 

ലോകത്തെ ഒന്നാം നമ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പിന്തുണയ്ക്കാൻ കാത്തിരിക്കുന്നവരും മോശക്കാരല്ല. സ്റ്റുവർട്ട് ബിന്നി, കെ.ഗൗതം, ആര്യമാൻ ബിർള, മഹിപാൽ ലോംറോർ, ശ്രേയസ് ഗോപാൽ എന്നിങ്ങനെ നീളുന്നു ഓൾറൗണ്ട് കരുത്ത്. ഇതോടൊപ്പം ഒരാൾകൂടി ചേരുന്നുണ്ട് –  സ്മിത്തിനു പകരക്കാരനാകുന്ന ദക്ഷിണാഫ്രിക്കയുടെ പുത്തൻ കണ്ടെത്തൽ ഹെൻറിച്ച് ക്ലാസൻ.  

DREAM ELEVEN

രാഹുൽ ത്രിപാഠി  

സഞ്ജു സാംസൺ 

അജിൻക്യ രഹാനെ 

ഹെൻറിച്ച് ക്ലാസൻ

ബെൻ സ്റ്റോക്സ് 

ജോസ് ബട്‌ലർ 

കെ.ഗൗതം 

ജോഫ്ര ആർച്ചർ 

ശ്രേയസ് ഗോപാൽ 

ജയ്ദേവ് ഉനദ്കട് 

ധവാൽ കുൽക്കർണി

related stories