Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയൊരുങ്ങുന്നു, ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെ കോടതിയിൽ ചോദ്യം ചെയ്യാൻ!

BCCI Logo

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെയും (ബിസിസിഐ), അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ച് വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരാനാണ് ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷായ നിയമ കമ്മിഷന്റെ ശുപാർശ.

ഇതോടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളവർക്ക് ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനും വഴിയൊരുങ്ങി. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ടീം സെലക്ഷനുൾപ്പെടെയുള്ള വിഷയങ്ങളിൽ ആർക്കും കോടതിയെ സമീപിക്കാൻ സാധിക്കും. ദേശീയ, സംസ്ഥാന, സോണൽ ടീമുകളിലേക്കുള്ള സിലക്ഷനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യാനും സാധിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും (ഐസിസി) മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളുമായും ബിസിസിഐ ഏർപ്പെടുന്ന കരാറുകളെയും കോടതിയിൽ ചോദ്യം ചെയ്യാൻ ഇതിലൂടെ വഴിയൊരുങ്ങും.

രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നിരിക്കെ, ബിസിസിഐയെ മാത്രം ഒഴിവാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് നിയമ കമ്മിഷൻ ശുപാർശ. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിശോധിക്കാൻ സുപ്രീംകോടതിയാണ് നിയമ കമ്മിഷനോട് ആവശ്യപ്പെട്ടത്. 2016 ജൂലൈയിലാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചത്.

സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ, നിലവിൽ തമിഴ്നാട് സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ടിനു കീഴിൽ ഒരു സ്വകാര്യ സംരംഭമായാണ് പ്രവർത്തിക്കുന്നത്. ഇതിനു പകരം, ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 12 പ്രകാരം ‘സ്റ്റേറ്റ്’ വിഭാഗത്തിൽ ബിസിസിഐയെയും ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറിയ റിപ്പോർട്ടിൽ കമ്മിഷൻ ശുപാർശ ചെയ്യുന്നത്. ഭരണഘടനയിലെ ‘സ്റ്റേറ്റ്’ വിഭാഗത്തിൽപ്പെടുന്ന സംഘടനകളുടെ അധികാരങ്ങളും അവകാശങ്ങളും ബിസിസിഐ കയ്യാളുന്നതായും കമ്മിഷൻ ചൂണ്ടിക്കാട്ടി.

related stories