Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐക്ക് പത്തു വർഷത്തെ നികുതിയിളവ് 2168.32 കോടി രൂപ; ബോർഡ് വിവരമറിയും !

BCCI

ന്യൂഡൽഹി∙ 2168.32 കോടി രൂപ! 1997 മുതൽ 2007 വരെയുള്ള കാലയളവിൽ വിവിധ സർക്കാരുകൾ നൽകിയ നികുതി ഇളവുകളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നേടിയ സാമ്പത്തിക ലാഭത്തിന്റെ ആകെത്തുകയാണിത്. സർക്കാരിന്റെ ഇളവു സമ്പാദിച്ച് ആയിരക്കണക്കിനു കോടി രൂപ ലാഭിച്ച ബിസിസിഐ പറയുന്നു: ഞങ്ങൾ  സ്വകാര്യ സ്ഥാപനമാണ്; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. സർക്കാർ ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട! 

ബിസിസിഐയെ വിവരാവകാശ നിമയത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നു കേന്ദ്ര നിയമ മന്ത്രാലയത്തോടു ശുപാർശ ചെയ്തു നിയമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് സംഘടന നേടിയ ലാഭത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുള്ളത്. സ്വകാര്യ സ്ഥാപനമാണെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള ബിസിസിഐയുടെ മുടന്തൻ ന്യായം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അടിവരയിട്ടു പറയുന്നു – സർക്കാരിൽനിന്ന് ഇളവു നേടിയ ബിസിസിഐ പൊതുസ്ഥാപനമാണ്, വിവരാവകാശത്തിന്റെ പരിധിയിൽ ബോർഡിനെ ഉൾപ്പെടുത്തണം. 

വിവരാവകാശത്തിന്റെ പരിധിയിൽ ബിസിസിഐയെ ഉൾപ്പെടുത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കാൻ 2016ൽ സുപ്രീം കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മറ്റു കായിക സംഘടനകളെ പോലെ ബോർഡിനെയും വിവരാവകാശത്തിന്റെ പരിധിയിലുൾപ്പെടുത്തണമെന്ന വാദത്തിനു കരുത്തുപകരുന്നതാണു സുപ്രീം കോടതി മുൻ ജഡ്ജി ബി.എസ്. ചൗഹാൻ അധ്യക്ഷനായ കമ്മിഷന്റെ ശുപാർശ. 

തമിഴ്നാട് സൊസൈറ്റി ചട്ടങ്ങൾ പ്രകാരം റജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനമായ ബിസിസിഐ സർക്കാരിൽനിന്ന് ഒരു ചില്ലിക്കാശ് പോലും സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള ബോർഡ് മേധാവികളുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണു കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ. 

സർക്കാരിനു തങ്ങളുടെമേൽ ഒരുവിധ അധികാരവുമില്ലെന്ന ബോർഡിന്റെ വാദത്തെയും കമ്മിഷൻ ഖണ്ഡിച്ചു. ബിസിസിഐയുടെ പ്രവർത്തനത്തിൽ സർക്കാർ നയങ്ങൾക്കു വ്യക്തമായ സ്വാധീനമുണ്ട്. പാക്കിസ്ഥാനുമായി ഇന്ത്യയുടെ ബന്ധം വഷളായപ്പോൾ അവരുമായുള്ള ക്രിക്കറ്റ് പരമ്പരകൾ ബിസിസിഐ റദ്ദാക്കി. ഇങ്ങനെ നോക്കുമ്പോൾ, ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങളുടേതുപോലുള്ള അധികാരങ്ങൾ ബിസിസിഐ ഉപയോഗിക്കുന്നു. സ്വകാര്യ സ്ഥാപനമാണെന്നു വാദിച്ചു ബിസിസിഐയ്ക്കു മാറിനിൽക്കാനാവില്ല.

ദേശീയ കായിക ഫെഡറേഷൻ എന്ന നിലയിൽ തങ്ങളെ പരിഗണിക്കാനാവില്ലെന്നു പറയുന്ന ബിസിസിഐ മറ്റു സംഘടനകളെ പോലെ അർജുന പുരസ്കാരങ്ങൾക്കു ക്രിക്കറ്റ് താരങ്ങളുടെ പേരു ശുപാർശ ചെയ്യുന്നു. അതിനാൽ, ദേശീയ കായിക സംഘടനകളെ പോലെ ബിസിസിഐയും സർക്കാരിനോട് ഉത്തരം പറയേണ്ടതുണ്ട്. മറ്റു കായിക സംഘടനകൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുമ്പോൾ ബിസിസിഐയെ മാത്രം മാറ്റിനിർത്താനാവില്ല.

ബിസിസിഐയുടെ ഏകാധിപത്യ നടപടികൾ വ്യക്തികളുടെയും താരങ്ങളുടെയും ഭാരവാഹികളുടെയും മൗലികാവകാശങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ബിസിസിഐയ്ക്കെതിരെ ആർക്കും കോടതിയെ സമീപിക്കാൻ അധികാരമുണ്ട്.  – കമ്മിഷൻ ചൂണ്ടിക്കാട്ടി.

കോടതിയിൽ പോകാം 

കമ്മിഷൻ നൽകുന്ന ശുപാർശ അതേപടി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിനു ബാധ്യതയില്ല. ബിസിസിഐയുടെ പ്രവർത്തനം സുതാര്യമാക്കാൻ കർശന നടപടികൾ ആവശ്യമാണെന്നു വാദിക്കുന്ന സർക്കാരിന്റെ തുടർനടപടി ഇനി നിർണായകമാണ്.

ശുപാർശ ചോദ്യം ചെയ്തു ബോർഡിനു സുപ്രീം കോടതിയെ സമീപിക്കാം. ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ, ദേശീയ കായിക സംഘടന എന്ന നിർവചനത്തിന്റെ പരിധിയിൽ ബിസിസിഐയും ഭാഗമാകും. ബോർഡിലെ വരവ്, ചെലവ് കണക്കുകൾ, പ്രവർത്തനരീതി, താരങ്ങളുടെ സിലക്‌ഷൻ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വിവരാവകാശത്തിന്റെ പരിധിയിൽവരും. ഇതുവരെ രഹസ്യമാക്കിവച്ചിരുന്ന ബോർഡിന്റെ കണക്കുകളെല്ലാം പൊതുജനത്തിനു ലഭിക്കും.

related stories