Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ 2018ൽ ‘മലയാളിത്തം’ കുറഞ്ഞുപോയോ?

sanju-asif-basil സഞ്ജു സാംസൺ, കെ.എം. ആസിഫ്, ബേസിൽ തമ്പി

ഇന്ത്യൻ ജഴ്സി സ്വപ്നം കണ്ടു വണ്ടി പിടിച്ചു പോയത് ആറു പേർ. മൂന്നു പേർക്കു കിട്ടി ലോട്ടറി, അവർ അവസരം മുതലാക്കി. ബാക്കി മൂന്നു പേർക്ക് അവസരം കിട്ടിയതേയില്ല. മലയാളി താരങ്ങളിൽ സഞ്ജു സാംസണും ബേസിൽ തമ്പിയും കെ.എം.ആസിഫും സാന്നിധ്യമറിയിച്ചപ്പോൾ സച്ചിൻ ബേബിക്കും എം.ഡി.നിധീഷിനും എസ്.മിഥുനും ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ഈ സീസൺ‌ അവസാനിക്കുമ്പോൾ മലയാളി താരങ്ങളുടെ പ്രകടനം ഇങ്ങനെ... 

സഞ്ജു വി. സാംസൺ 

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ഈ ഇരുപത്തിമൂന്നുകാരൻ ഇന്ത്യൻ താരമായി ‘വളർന്ന’ ശേഷമുള്ള ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ വർഷം മുതൽ രാജസ്ഥാൻ‌ റോയൽസിനു വേണ്ടി കളത്തിലിറങ്ങിയ സ‍ഞ്ജു ടീമിനു വിലക്കു വന്ന രണ്ടു സീസണിൽ മാത്രമാണ് ഡൽഹിയിലേക്ക് ചേക്കേറിയത്. 

ഇത്തവണ രാജസ്ഥാനിൽ തിരിച്ചെത്തിയത് എട്ടു കോടി രൂപയ്ക്ക്. ഒരു കേരള താരത്തിന് ഐപിഎൽ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക. കളിച്ച 15 മത്സരങ്ങളിലും പാഡണിഞ്ഞ സ‍ഞ്ജു 441 റൺസ് അടിച്ചു കൂട്ടി. ഏതു സീസണിലെയും മികച്ച ടോട്ടൽ, സ്ട്രൈക്ക് റേറ്റ് 137.81. ഉയർന്ന സ്കോർ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ പുറത്താകാതെ നേടിയ 92 റൺസ്. അതുൾപ്പെടെ ഈ സീസണിൽ മൂന്ന് അർധ ശതകങ്ങൾ. ആകെ പറത്തിയത് 19 സിക്സറും 30 ഫോറും. മികച്ച ക്യാച്ചുകളിലൂടെ ഫീൽഡിങ്ങിലും സഞ്ജു സ്വന്തം സ്റ്റൈൽ അടയാളപ്പെടുത്തി. 

ബേസിൽ തമ്പി 

2017ൽ ഗുജറാത്ത് ലയൺസിനു വേണ്ടി കളിച്ച് ഐപിഎല്ലിൽ അരങ്ങേറിയ എറണാകുളം പെരുമ്പാവൂരുകാരൻ ബേസിൽ തമ്പി എമേർജിങ് പ്ലെയർ അവാർഡ് നേടിയാണ് കഴിഞ്ഞ തവണ ഞെട്ടിച്ചത്. 12 കളികളിൽനിന്ന് 11 വിക്കറ്റായിരുന്നു നേട്ടം. 3/29 മികച്ച ബോളിങ് പ്രകടനം. ഒരോവറിൽ ശരാശരി 9.49. ആ പ്രകടനത്തിനുള്ള അംഗീകാരമായിരുന്നു തമ്പിയെ ഇത്തവണ കാത്തിരുന്നത്. 95 ലക്ഷം രൂപ നൽകി ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് തമ്പിയെ ടീമിലെത്തിച്ചു. 

പക്ഷേ, പ്രതിഭകളുടെ കൂട്ടയിടിയുള്ള ടീമിൽ തമ്പിക്ക് പലപ്പോഴും അവസാന ഇലവനിൽ‌ എത്താനായില്ല. അവസരം കിട്ടിയ നാലു കളികളിൽ മൂന്നിലും നന്നായി പന്തെറിഞ്ഞ തമ്പി അഞ്ചു വിക്കറ്റും വീഴ്ത്തി. പക്ഷേ, നാലാം മത്സരത്തിൽ നാലോവറിൽ 70 റൺസ് വഴങ്ങിയ തമ്പി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളറെന്ന ‘ചീത്തപ്പേര്’ സ്വന്തമാക്കി. ഇത്തവണ ഇക്കോണമി 11.21ൽ എത്തുകയും ചെയ്തു. 

കെ.എം.ആസിഫ് 

മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഫുട്ബോൾ കളിച്ച നടന്ന പയ്യനിലെ ക്രിക്കറ്ററെ കണ്ടെത്തിയത് പഴയ ഓസ്ട്രേലിയൻ പേസർ ജെഫ് തോംസൺ. ആ പയ്യന് പേസ് ബോളറായി മെയ്ക്ക്ഓവർ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 40 ലക്ഷം രൂപക്ക് ധോണിപ്പട ആസിഫിനെ ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയിച്ചു. കേരളത്തിനു വേണ്ടി ഒരു രഞ്ജി പോലും കളിച്ചിട്ടില്ലാത്ത ആസിഫ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. 

ചെന്നൈയ്ക്കു വേണ്ടി രണ്ടു കളികളിൽ പന്തെറിഞ്ഞ ആസിഫ് മൂന്നു വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഭാവിയുടെ ഇന്ത്യൻ പേസർ എന്ന വിശേഷണം ഈ രണ്ടു കളികളിൽനിന്നു നേടാനായത് ആ വിക്കറ്റിനേക്കാൾ വിലമതിക്കുന്ന നേട്ടം. 24 വയസ്സുള്ള ആസിഫിന് ഇനിയും കാലമേറെ മുന്നിലുണ്ടെന്ന മെച്ചം വേറെ. 

സച്ചിൻ ബേബി 

രഞ്ജിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പോരാട്ടത്തിലൂടെ കേരളത്തെ മുൻനിരയിൽ എത്തിച്ച നായകൻ. പക്ഷേ, കേരളത്തിന്റെ സച്ചിന് ഐപിഎൽ ഇത്തവണ നൽകിയത് നിരാശയാണ്. പ്രതീക്ഷയോടെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ജഴ്സി അണിഞ്ഞെങ്കിലും സൈഡ് ബെഞ്ചിൽതന്നെ ഇരിക്കാനായിരുന്നു വിധി. 

തൊടുപുഴ സ്വദേശിയായ സച്ചിൻ ബേബി നേരത്തെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം അംഗമായിരുന്നു. 29 വയസ്സുള്ള സച്ചിനെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ഇത്തവണ ടീമിലെത്തിച്ചത്. 

എം.ഡി.നിധീഷ് 

ഈ കോട്ടയംകാരൻ ഏറെ പ്രതീക്ഷയോടെയാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. സ്വപ്നസാക്ഷാത്കാരമായിരുന്നു നിധീഷിനെ സംബന്ധിച്ച് ഈ ടീം സിലക്‌ഷൻ. 

20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ സ്ഥാനം കിട്ടിയ നിധീഷിന് പക്ഷേ, ആദ്യ ഐപിഎല്ലിൽ അരങ്ങേറാനായില്ല. മുംബൈ ടീമിലെത്തിയ ആദ്യ മലയാളിയെന്ന പേര് ഇരുപത്തിയാറുകാരനായ മീഡിയം പേസറിനു സ്വന്തമായെങ്കിലും കളിക്കാൻ ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം. നിധീഷ് 2017 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ആറു മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് നേടിയാണ് ശ്രദ്ധേയനായത്. പക്ഷേ, ഒരു മത്സരം പോലും കളിക്കാനാകാതെ തിരികെ പോരേണ്ടി വന്നു എന്ന നിരാശ മാത്രം. 

എസ്.മിഥുൻ 

കായംകുളം സ്വദേശിയായ മിഥുനെ സഞ്ജുവാണ് രാജസ്ഥാൻ ടീം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മികച്ച ലെഗ് ബ്രേക്ക് ബോളറായ മിഥുൻ എസ്ബിഐ താരമാണ്. 

ഈ സീസണിൽ ആദ്യമായി കേരള ടീമിൽ എത്തിയ മിഥുൻ ഐപിഎല്ലിന്റെ ഭാഗമായത് ഏവരെയും ഞെട്ടിച്ചു കൊണ്ടാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് കേരളത്തിനായി പന്തെറിഞ്ഞത്.