Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് സ്കോട്ടിഷ് പടയോട്ടം

Scotland's celebration ഏകദിനത്തിൽ വിജയം കുറിച്ചപ്പോൾ സ്കോട്‌ലൻഡ് താരങ്ങളുടെ ആഹ്ലാദം

എഡിൻബറോ∙ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ലോക ഒന്നാംനമ്പർ ടീമായ ഇംഗ്ലണ്ടിനെ കുഞ്ഞന്മാരായ സ്കോട്‌ലൻഡ് വീഴ്ത്തി. ആവേശം അടിമുടി നിറഞ്ഞ പോരാട്ടത്തിൽ ആറു റൺസിനായിരുന്നു സ്കോട്‌ലൻഡിന്റെ ക്രിക്കറ്റ് ഭാവിക്ക് ഊർജമേകിയ വിജയം. ആദ്യം ബാറ്റു ചെയ്ത സ്കോട്‌ലൻഡ് അഞ്ചു വിക്കറ്റിന് 371 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 365 റൺസിൽ അവസാനിച്ചു. കാലും മക്‌‌ലിയോഡ് പുറത്താകാതെ നേടിയ 140 റൺസാണ് സ്കോട്ടിഷ് ഇന്നിങ്സിന്റെ അടിത്തറ. 105 റൺസെടുത്ത ബെയർസ്റ്റോയിലൂടെ തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം മധ്യനിരയുടെ തകർച്ചമൂലം യാഥാർഥ്യമായില്ല. 

ക്യാപ്റ്റൻ കൈൽ കോട്സറും(58) മാത്യു ക്രോസും(48) ചേർന്ന് സ്കോട്‌ലൻഡിന് സെഞ്ചുറി കൂട്ടുകെട്ടോടെ ഉജ്വല തുടക്കം സമ്മാനിച്ചു. എന്നാൽ രണ്ടുപേരെയും തുടർച്ചയായി നഷ്ടമാകുമ്പോൾ അവർക്കു 107 റൺസ്. മക്‌‌ലിയോഡും ജോർജ് മുൻസെയും(55) ചേർന്നു നാലാം വിക്കറ്റിൽ 107 റൺസെടുത്തതോടെ സ്കോട്‌ലൻഡ് വീണ്ടും കുതിപ്പിന്റെ വഴിയിൽ. ഡർഹം ബാറ്റ്സ്മാനായ മക്‌‌ലിയോഡ് 70 പന്തുകളിൽ 100 റൺസ് കടന്നു. മൊത്തം 94 പന്തുകൾ നേരിട്ട മക്‌‌ലിയോഡ് 16 ബൗണ്ടറിയും മൂന്നു സിക്സറുമടക്കമാണ് 140 റൺസിലെത്തിയത്. ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ബോളർ മോയിൻ അലി പോലും 10 ഓവറിൽ 66 റൺസ് വഴങ്ങി. പ്ലങ്കറ്റിന്റെ പത്തോവറിൽ നിന്ന് സ്കോട്‌ലൻഡ് 85 റൺസ് സ്വന്തമാക്കി. 

ഒന്നാം വിക്കറ്റിൽ 129 റൺസെടുത്ത ഇംഗ്ലണ്ടും നല്ല തുടക്കം കുറിച്ചു. 34 റൺസെടുത്ത ജാസൻ റോയ് ആണ് ആദ്യം പുറത്തായത്. പിന്നീട് ബെയർ സ്റ്റോയ്ക്കൊപ്പം അർധ സെഞ്ചുറിയോടെ അലക്സ് ഹെയ്ൽസ്(52) പട നയിച്ചു. പിന്നീടെത്തിയവർ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പുറത്തായതോടെ ഇംഗ്ലണ്ട് സ്കോർ ഏഴിന് 276 റൺസിലെത്തി. എട്ടാം വിക്കറ്റിൽ മോയിൻ അലിയും(46) പ്ലങ്കറ്റും(47) ചേർന്ന് 71 റൺസോടെ വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും 347 റൺസിൽ അലി പുറത്തായതോടെ സ്കോട്‌ലൻഡിനായി മേൽക്കൈ. 48.5 ഓവറിൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിച്ചു.

ഏകദിനത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഒരു അസോഷ്യേറ്റ് അംഗം കുറിക്കുന്ന ഏറ്റവും വലിയ സ്കോറാണു സ്കോട്‌ലൻഡിന്റെ 371 റൺസ്. 1997ൽ ബംഗ്ലദേശിനെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കെനിയ കുറിച്ച 347 റൺസ് ആയിരുന്നു ഇതുവരെ റെക്കോർഡ്. 2014ൽ കാനഡയ്ക്കെതിരെ നേടിയ 341 റൺസ് ആയിരുന്നു സ്കോട്‌ലൻഡിന്റെ ഇതുവരെയുള്ള മികച്ച സ്കോർ.