Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗണ്ടിയിൽ ഇഷാന്തിന് കൂടുതൽ റൺ; ഇംഗ്ലണ്ടിൽ പൂജാര ‘ചതിക്കുമോ?

pujara-ishant ചേതേശ്വർ പൂജാര, ഇഷാന്ത് ശർമ

ഐപിഎല്ലിൽ ഏതായാലും അവസരം ലഭിച്ചില്ല, എന്നാല്‍ പിന്നെ കൗണ്ടി കളിച്ച് പ്രകടനം മെച്ചപ്പെടുത്താമെന്ന് കരുതി ഇംഗ്ലണ്ടിലേക്കു വിട്ടവരാണ് ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയും ഇഷാന്ത് ശര്‍മയും. ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനത്തിനുള്ള തയാറെടുപ്പിനെ ഇന്ത്യന്‍ ആരാധകരും കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

ഇഷാന്ത് ശര്‍മ നല്ല പ്രകടനം കാഴ്ച വച്ചപ്പോള്‍ പൂജാര മങ്ങുന്നതാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള വിശേഷം. മാത്രവുമല്ല ഇഷാന്ത് പൂജാരയെക്കാള്‍ റണ്‍സും നേടിയിരിക്കുന്നു. എട്ടു ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളില്‍നിന്ന് 12.50 റണ്‍സ് ശരാശരിയില്‍ 100 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. ഒരു അര്‍ധസെഞ്ചുറി പോലും നേടാനുമായില്ല. എന്നാല്‍ വാലറ്റക്കാരനായ ഇഷാന്ത് ശര്‍മ ആറ് ഇന്നിങ്‌സുകളില്‍നിന്ന് 25.5 റണ്‍സ് ശരാശരിയില്‍ 102 റണ്‍സ് അടിച്ചു. തന്റെ കരിയറിലെ തന്നെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയും ഇഷാന്ത് കുറിച്ചു. ഏഴ് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളില്‍നിന്ന് 15 വിക്കറ്റ്

വീഴ്ത്തി സസെക്‌സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് ഇഷാന്ത്. ‌അഞ്ച് ഏകദിന മല്‍സരങ്ങളില്‍ നിന്നായി എട്ടു വിക്കറ്റും നേടി. സസെക്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഇഷാന്തിന്റേത്. പൂജാരയുടെ ബാറ്റിങ് ടെസ്റ്റിലേതിനേക്കാൾ മെച്ചം ഏകദിനത്തിലാണെന്നും കണക്കുകൾ പറയുന്നു.

യോര്‍ക്ക്ഷറിനായി ഏഴ് ഇന്നിങ്‌സുകളില്‍നിന്ന് 61 റണ്‍സ് ശരാശരിയില്‍ 370 റണ്‍സ് നേടി. മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി. മാത്രമല്ല 90നു മുകളില്‍ സ്‌ട്രൈക് റേറ്റിലാണ് റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ടെസ്റ്റിലെ പൂജാരയുടെ മോശം പ്രകടനം ഇന്ത്യയ്ക്കു തലവേദനയാകും. പുറത്താകല്‍ ഏറെയും ബൗള്‍ഡും എല്‍ബിഡബ്ല്യുവും ആയിരുന്നു. കഴിഞ്ഞ ഇംഗ്ലിഷ് പര്യടനത്തില്‍ പൂജാര പരാജയമായിരുന്നു.

സറെക്കായി കളിക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി കഴുത്തിലെ പരുക്കു കാരണം വരവ് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഏഴയലത്തില്ലെങ്കിലും മുന്‍ ഇന്ത്യന്‍ ബോളര്‍ വരുണ്‍ ആരോണും കൗണ്ടി കളിക്കുന്നുണ്ട്. ലെസ്റ്ററിനായി ഇറങ്ങുന്ന ആരോണിന്റെ പ്രകടനം പഴയതുപോലെ തന്നെ അസ്ഥിരം. ഒരു കളിയിൽ നന്നായാല്‍ അടുത്തത് മോശമാകുന്നു. അഞ്ച് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍നിന്ന് ഒന്‍പതു വിക്കറ്റും 6 ഏകദിനത്തില്‍നിന്ന് ഏഴു വിക്കറ്റുമാണ് വരുൺ നേടിയത്.

related stories