ബെംഗളൂരു ∙ ശരാശരി കായികപ്രേമികൾ റഷ്യയിലെ ഫുട്ബോൾ പൂരത്തിലേക്കു കണ്ണുംനട്ടിരിക്കെ, അഫ്ഗാനിസ്ഥാന് ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം. വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തിൽ അജിങ്ക്യ രഹാനെ നയിക്കുന്ന ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്ന അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവർ മൽസരങ്ങളിൽനിന്നുള്ള സ്ഥാനക്കയറ്റത്തെ സാധൂകരിക്കുന്ന പ്രകടനം പുറത്തെടുക്കുമോ എന്നാണ് അറിയേണ്ടത്.
കഴിഞ്ഞ മാസം പൂർത്തിയായ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ സ്പിന്നർമാരായ റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ എന്നിവരടക്കം പ്രതിഭയുള്ള ഒരുപിടി താരങ്ങൾ അഫ്ഗാൻ നിരയിലുണ്ട്. കോഹ്ലിക്കു പുറമെ, പേസ് ബോളർമാരായ ഭുവനേശ്വർ കുമാർ, ബുംറ എന്നിവരും ഇന്ത്യൻ നിരയിൽ ഇല്ല. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള ഈ ടെസ്റ്റിൽ വിജയത്തിൽ കുറഞ്ഞൊന്നും ആതിഥേയർ പ്രതീക്ഷിക്കുന്നില്ലെങ്കിലും അഫ്ഗാനിസ്ഥാൻ അനായാസം മറികടക്കാവുന്ന എതിരാളികളാണെന്ന് ആരും കരുതുന്നില്ല.
റാഷിദിന്റെ പ്രകടനമാണ് ഉറ്റുനോക്കുന്നത്. ട്വന്റി20യിൽ നാല് ഓവറുകളിൽ കടുത്ത ഭീഷണി ഉയർത്തുന്ന റാഷിദിന് ആ മികവ് ടെസ്റ്റ് ക്രിക്കറ്റിലെ പത്താമത്തെയും ഇരുപതാമത്തെയും ഓവറുകളിൽ നിലനിർത്താനാകുമോ എന്നു കണ്ടറിയണം. ഒരു ചതുർദിന മൽസരം പോലും കളിച്ചിട്ടില്ലാത്ത മുജീബുർ റഹമാന്റെ ടെസ്റ്റ് അരങ്ങേറ്റവും സൂക്ഷ്മമായി വിലയിരുത്തപ്പെടും. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമയും ഉമേഷ് യാദവുമടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബോളിങ് നിരയെ അഫ്ഗാൻ ബാറ്റ്സ്മാൻമാർ നേരിടുന്ന വിധവും മൽസരഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്.
ഇന്ത്യ: രഹാനെ(ക്യാപ്റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്, ചേതേശ്വർ പൂജാര, കെ.എൽ.രാഹുൽ, കരുൺ നായർ, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ശാർദുൽ ഠാക്കൂർ, നവ്ദീപ് സെയ്നി, അശ്വിൻ, ജഡേജ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്.
അഫ്ഗാനിസ്ഥാൻ: അസ്ഗർ സ്റ്റാനിക്സായ്(ക്യാപ്റ്റൻ), മുഹമ്മദ് ഷഹ്സാദ്, ജവേദ് അഹ്മദി, റഹ്മത് ഷാ, ഇഹ്സാനുല്ല ജന്നത്ത്, നാസിർ ജമാൽ, ഹഷ്മത്തുല്ല ഷാഹിദി, അഫ്സർ സസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, സഹീർ ഖാൻ, ആമിർ ഹംസ ഹോത്തക്, സയ്യിദ് അഹ്മദ് ഷിർസാദ്, യാമിൻ അഹ്മദ്സായ് വഫാദാർ, മുജീബുർ റഹ്മാൻ.