Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ടിന് റെക്കോർഡ് സ്കോർ (481), കൂറ്റൻ ജയം; നാണംകെട്ട് ഓസീസ്

 Alex Hales-England-Cricket-Eoin Morgan വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ. (ട്വിറ്റർ ചിത്രം)

നോട്ടിങ്ഹാം∙ രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറുൾപ്പെടെ റെക്കോർഡുകൾ പലതും കടപുഴകിയ ആവേശപ്പോരിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ തോൽവി. 242 റൺസിനാണ് ഇംഗ്ലണ്ട് ഓസീസിനെ മറികടന്നത്. തുടർച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് ഉറപ്പാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസെടുത്തപ്പോൾ, ഓസീസിന്റെ മറുപടി 37 ഓവറിൽ 239 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 242 റൺസ് വിജയം. റൺ അടിസ്ഥാനത്തിൽ അവരുടെ ഏറ്റവും ഉയർന്ന വിജയമാണിത്. റൺ അടിസ്ഥാനത്തിൽ ഓസീസിന്റെ ഏറ്റവും വലിയ തോൽവിയും.

തകർന്നടിഞ്ഞ് ഓസീസ്

ഇംഗ്ലണ്ട് ഉയർത്തിയ രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിനു മുന്നിൽ ഓസീസിന്റെ ബാറ്റിങ് നിര തീർത്തും നിഷ്പ്രഭരാവുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ രണ്ടു പേർ സെഞ്ചുറിയും രണ്ടു പേർ അർധസെഞ്ചുറിയും നേടിയപ്പോൾ, ഓസീസ് നിരയിൽ പിറന്നത് ഒരേയൊരു അർധസെഞ്ചുറി. 39 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 51 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്കോറർ. സ്റ്റോയ്നിസ് 37 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്തു.

ഡാർസി ഷോർട്ട് (12 പന്തിൽ 15), ഷോൺ മാർഷ് (30 പന്തിൽ 24), ആരോൺ ഫിഞ്ച് (19 പന്തിൽ 20), ഗ്ലെൻ മാക്സ്‍വെൽ (19 പന്തിൽ 19), ടിം പെയ്ൻ (ഒൻപതു പന്തിൽ അഞ്ച്), ആഷ്ടൻ ആഗർ (23 പന്തിൽ 25), റിച്ചാർഡ്സൻ (25 പന്തിൽ 14), സ്റ്റാൻലേക്ക് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 10 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മോയിൻ അലി അഞ്ച് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നും ഡേവിഡ് വില്ലി ഏഴ് ഓവറിൽ 56 റൺസ് വഴങ്ങ രണ്ടു വിക്കറ്റും നേടി.

തകർത്തടിച്ച് ഇംഗ്ലണ്ട്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസാണെടുത്തത്. സെഞ്ചുറി നേടിയ അലക്സ് ഹെയ്‌ൽസ് (92 പന്തിൽ 147), ജോണി ബെയർസ്റ്റോ (92 പന്തിൽ 139) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. ജേസൺ റോയി (61 പന്തിൽ 82), ഒയിൻ മോർഗൻ (30 പന്തിൽ 67) എന്നിവരുടെ പ്രകടനവും നിർണായകമായി. 500 റൺസ് ലക്ഷ്യമിട്ട് നീങ്ങിയ ഇംഗ്ലണ്ടിന് അവസാന ഓവറുകളിൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതാണ് ഓസീസിനെ കൂടുതൽ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 2016ൽ ഇംഗ്ലണ്ട് തന്നെ പാക്കിസ്ഥാനെതിരെ നേടിയ 444 റൺസിന്റെ റെക്കോർഡാണ് ഓസീസിനെതിരായ പടയോട്ടത്തിൽ തകർന്നത്. അന്നും ഇതേ വേദിയിലായിരുന്നു ഇംഗ്ലിഷ് പടയുടെ വെടിക്കെട്ട്.

ഒന്നാം വിക്കറ്റിൽ 159, രണ്ടാം വിക്കറ്റിൽ 151 റൺസ് കൂട്ടുകെട്ടുകൾ തീർത്താണ് ഇംഗ്ലിഷ് ബാറ്റിങ് നിര ഓസീസ് ബോളിങ്ങിനെ തച്ചുതടച്ചത്. ട്വന്റി20 ശൈലിയിൽ ബാറ്റു വീശിയ ഓപ്പണർമാരായ ജേസൺ റോയി–ജോണി ബെയർസ്റ്റോ സഖ്യം 19.3 ഓവറിലാണ് 159 റൺസ് കൂട്ടിച്ചേർത്തത്. 61 പന്തിൽ 82 റൺസെടുത്ത റോയി റണ്ണൗട്ടായെങ്കിലും വൺഡൗണായെത്തിയ അലക്സ് ഹെയ്ൽസിനെ കൂട്ടുപിടിച്ച ബെയർസ്റ്റോ ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.

61 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് റോയി 82 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ ഓസീസ് ബോളിങ്ങിനെ നിലംപരിചാക്കിയ ബെയർസ്റ്റോയും ഹെയ്‌ൽസും സെഞ്ചുറി പൂർത്തിയാക്കിയാണ് വഴിപിരിഞ്ഞത്. 92 പന്തിൽ 15 ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 139 റൺസെടുത്ത ബെയർസ്റ്റോയാണ് ആദ്യം പുറത്തായത്. അപ്പോൾ ഇംഗ്ലണ്ട് സ്കോർ 34 .1 ഓവറിൽ 310 റൺസ്!

തുടർന്നെത്തിയ ജോസ് ബട്‍ലറിന് കാര്യമായ പ്രകടനം സാധ്യമായില്ല. 12 പന്തിൽ ഒരു സിക്സ് സഹിതം 11 റൺസെടുത്ത ബട്‌ലറിനെ റിച്ചാർഡ്സൻ മടക്കി. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗനും ഹെയ്‌ൽസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് സ്കോർ 450 കടത്തി. നാലാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത് 124 റൺസ്! 92 പന്തിൽ 16 ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 147 റൺസെടുത്ത ഹെയിൽസിനെയും മടക്കിയത് റിച്ചാർഡ്സൻ തന്നെ.

അവസാന ഓവറുകളിൽ റൺസ് വാരാനുള്ള ശ്രമത്തിൽ ഇംഗ്ലണ്ടിന് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും അപ്പോഴേക്കും അവർ റെക്കോർഡ് സ്കോറിലേക്കെത്തിയിരുന്നു. ഒയിൻ മോർഗൻ 30 പന്തിൽ മൂന്നു ബൗണ്ടറിയും ആറു സിക്സും സഹിതം 67 റൺസെടുത്തു പുറത്തായി. മോയിൻ അലി ഒൻപതു പന്തിൽ 11 റൺസെടുത്തു. ജോ റൂട്ട് (ആറു പന്തിൽ നാല്), ഡേവിഡ് വില്ലി (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

ഒൻപത് ഓവറിൽ 100 റൺസ് വഴങ്ങിയ ആൻഡ്രൂ ടൈയാണ് ഓസീസ് ബോളർമാരിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. സ്റ്റോയ്നിസ് എട്ട് ഓവറിൽ 85 റൺസും റിച്ചാർഡ്സൻ 10 ഓവറിൽ 92 റൺസും വഴങ്ങി. അതേസമയം റിച്ചാർഡ്സൻ മൂന്നു വിക്കറ്റും വീഴ്ത്തി. സ്റ്റാൻലേയ്ക് എട്ട് ഓവറിൽ 74, ആഷ്ടൻ ആഗർ 10 ഓവറിൽ 70, മാക്സ്‍വെൽ രണ്ട് ഓവറിൽ 21, ആരോൺ ഫിഞ്ച് ഒരു ഓവറിൽ ഏഴ്, ഡാർസി ഷോർട്ട് രണ്ട് ഓവറിൽ 23 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.