Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർത്തടിച്ച് ധവാൻ, രോഹിത്; അയർലൻ‍ഡിനെതിരെ ഇന്ത്യയ്ക്ക് 76 റൺസ് ജയം

Rohit-Dhawan അയർലൻഡിനെതിരായ മൽസരത്തിനിടെ ധവാനും രോഹിതും.

ഡബ്ലിന്‍∙അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്ക് 76 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അയർലൻഡിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ സാധിച്ചുള്ളു. 

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിരുന്നു. സെഞ്ചുറിക്ക് മൂന്നു റൺസകലെ പുറത്തായ രോഹിത് ശർമ, അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

അര്‍ധസെഞ്ചുറി നേടിയ ജെയിംസ് ഷാനന് മാത്രമാണ് ഐറിഷ് നിരയിൽ തിളങ്ങാനായത്. 35 പന്തുകളിൽ നിന്ന് 60 റൺസെടുത്ത് ഷാനൻ പുറത്തായി. ഷാനന് പുറമെ കെവിൻ ഒബ്രീൻ (അഞ്ച് പന്തിൽ പത്ത്), സ്റ്റുവർട്ട് തോംസൺ (എട്ട് പന്തിൽ 12), ആൻഡി ബാല്‍ബിർനി (14 പന്തിൽ 11) എന്നിവരും അയർലൻഡിന് വേണ്ടി രണ്ടക്കം കടന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. യുസ്‍വേന്ദ്ര ചഹൽ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റും സ്വന്തമാക്കി. 

സെഞ്ചുറിക്കരികെ വീണ് രോഹിത്

ഒന്നാം വിക്കറ്റിൽ ധവാൻ–രോഹിത് സഖ്യം കൂട്ടിച്ചേർത്ത 160 റൺസാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറിന് അടിത്തറയൊരുക്കിയത്. രോഹിത് ശർമ 61 പന്തിൽ എട്ടു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 97 റൺസെടുത്താണ് മടങ്ങിയത്. ഓപ്പണറായിറങ്ങിയ രോഹിത് 19–ാം ഓവറിന്റെ മൂന്നാം പന്തിലാണ് മടങ്ങിയത്. ധവാൻ 45 പന്തിൽ അഞ്ചു വീതം ബൗണ്ടറിയും സിക്സും സഹിതം 74 റൺസെടുത്തു.

ധവാൻ പുറത്തായശേഷമെത്തിയ താരങ്ങൾ റണ്ണടിച്ചുകൂട്ടാനുള്ള ശ്രമത്തിൽ കൂട്ടത്തോടെ കൂടാരം കയറിയതാണ് ഇന്ത്യയുടെ സ്കോർ 208ൽ ഒതുക്കിയത്. സുരേഷ് റെയ്ന (ആറു പന്തിൽ 10), മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തിൽ 11),  ക്യാപ്റ്റൻ വിരാട് കോഹ്‍ലി (രണ്ടു പന്തിൽ പൂജ്യം) എന്നിവർ കാര്യമായ പ്രകടനം കൂടാതെ മടങ്ങി. അവസാന പന്തു നേരിട്ട ഹാർദിക് പാണ്ഡ്യ സിക്സ് നേടി പുറത്താകാതെ നിന്നു.

അയർലൻഡിനായി പീറ്റർ ചേസ് നാല് ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കെവിൻ ഒബ്രീൻ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. അയർലൻഡ് നിരയിൽ ഏഴു പേരാണ് പന്തെടുത്തത്.

related stories