Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി കഴിഞ്ഞ് പന്ത് ചോദിച്ചുവാങ്ങി; ധോണി വിരമിച്ചെന്ന് അഭ്യൂഹം

ms-dhoni-ball അംപയറില്‍ നിന്ന് പന്ത് ചോദിച്ചു വാങ്ങുന്ന ധോണി

ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യം സഹിതമാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. കോഹ്‌ലിക്കു പിന്നിലായി അംപയർമാർക്കൊപ്പം നടന്നെത്തിയ ധോണി പന്ത് ചോദിച്ചുവാങ്ങുന്നതാണു വിഡിയോയിൽ. പതിവായി കളി കഴിഞ്ഞ് സ്റ്റംപുകളിലൊന്ന് ഊരിയെടുക്കാറുള്ള ധോണി ഇത്തവണ പന്ത് ചോദിച്ചുവാങ്ങിയത് വിരമിക്കലിന്റെ സൂചനയാണെന്നായി ഊഹാപോഹങ്ങൾ.

ധോണി വിരമിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളും ഇതിന് അകമ്പടിയായി. 2014ലെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയ്ക്കു വച്ച് അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ധോണി, ഇപ്പോഴത്തെ മങ്ങിയ ഫോമിന്റെ പശ്ചാത്തലത്തിൽ വെടിപൊട്ടിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു നല്ലൊരുപങ്ക് ക്രിക്കറ്റ് ആരാധകരും. ഐപിഎൽ ക്രിക്കറ്റിൽ ധോണി തുടരുമെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാൽ, ധോണിയുടെ വിരമിക്കൽ വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷത്തെ ലോകകപ്പ് വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചന.

ഇപ്പോഴത്തെ ക്രിക്കറ്റ് സ്റ്റംപുകൾ എൽഇഡി കണക്‌ഷനുള്ളത് ആയതിനാലാണ് ധോണി അതിനു പകരം ക്രിക്കറ്റ് ബോൾ ആവശ്യപ്പെട്ടതെന്നാണു സൂചന. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച പരമ്പരയുടെ ഓർമയ്ക്കാവാം പന്ത് ചോദിച്ചു വാങ്ങിയതെന്നും സൂചനയുണ്ട്.