Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുത്തിത്തിരിഞ്ഞ പന്ത് വിക്കറ്റുമായി പറന്നു; കണ്ണുതള്ളി കോഹ്‍ലി – വിഡിയോ

virat-reaction

ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ക്ലീൻബൗൾഡായപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി നടത്തിയ ‘ഭാവപ്രകടനം’ വൈറലായി. 71 പന്തിൽ എട്ടു ബൗണ്ടറിയുൾപ്പെടെ 71 റൺസെടുത്ത് നിൽക്കെയാണ് ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിന്റെ പന്തിൽ കോഹ്‍ലി ക്ലീൻബൗൾഡായത്.

മികച്ച ഫോമിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ 36–ാം ഏകദിന സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴായിരുന്നു പുറത്താകൽ. ഇതോടെ ഇന്ത്യ ഒന്നാകെ കിതയ്ക്കുകയും ചെയ്തു. ഇന്ത്യൻ ഇന്നിങ്സിലെ 31–ാം ഓവറിലായിരുന്നു സംഭവം. ലെഗ്, മിഡിൽ സ്റ്റംപുകൾക്ക് നടുവിലായി പിച്ച് ചെയ്ത പന്ത്, കോഹ്‍ലിയെ ഞെട്ടിച്ച് കുത്തിത്തിരിയുകയായിരുന്നു. കോഹ്‍ലിയുടെ പ്രതിരോധ ശ്രമങ്ങൾ നിഷ്ഫലമാക്കിയ പന്ത് ഓഫ് സ്റ്റംപിന്റെ മേൽഭാഗത്താണ് പതിച്ചത്.

കഴിഞ്ഞ നാലു വർഷത്തിനിടെ ഇതാദ്യമായാണ് തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ കോഹ്‍ലി സ്പിന്നർമാർക്ക് വിക്കറ്റ് സമ്മാനിക്കുന്നത്. ഇതിനു മുൻപ് 2104 നവംബറിൽ ശ്രീലങ്കയ്ക്കെതിരെയാണ് കോഹ‍്‍ലി തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ സ്പിന്നിനു മുൻപിൽ മുട്ടുമടക്കിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടിയ ആദ്യ ഏകദിനത്തിലും കോഹ‍്‌ലിയെ പുറത്താക്കിയത് ആദിൽ റഷീദായിരുന്നു. അന്ന് 82 പന്തിൽ 75 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. ഇന്ത്യ വലിയ തോൽവി ഏറ്റുവാങ്ങിയ രണ്ടാം ഏകദിനത്തിൽ മോയിൻ അലിയാണ് കോഹ്‍ലിയെ മടക്കിയത്. 56 പന്തിൽ 45 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.

അതേസമയം, മൂന്നാം ഏകദിനത്തിൽ മികച്ച ഫോമിലായിരുന്നു കോഹ്‍ലി. മികച്ച ബോളിങ്ങുമായി നിറഞ്ഞുനിന്ന ഇംഗ്ലിഷ് ബോളർമാരെ പരീക്ഷിച്ച കോഹ്‍ലി, എട്ടു ബൗണ്ടറിയും നേടി. രണ്ടാം വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 71 റൺസ്, മൂന്നാം വിക്കറ്റിൽ ദിനേഷ് കാർത്തിക്കുമൊത്ത് 41 റൺസ്, നാലാം വിക്കറ്റിൽ ധോണിയുമൊത്ത് 31 റൺസ് കൂട്ടുകെട്ടുകൾ തീർക്കാനും കോഹ്‍ലിക്കായി.

അതിനു പുറമെ മറ്റൊരു നേട്ടവും ഈ മൽസരത്തിൽ കോഹ്‍ലി സ്വന്തമാക്കി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3,000 റൺസ് തികയ്ക്കുന്ന ക്യാപ്റ്റൻ. 60 ഇന്നിങ്സുകളിൽനിന്നും ക്യാപ്റ്റനെന്ന നിലയിൽ 3000 റൺസ് പൂർത്തിയാക്കിയ സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് കോഹ്‍ലി തകർത്തത്. 3,000 റൺസ് നാഴികക്കല്ലു പിന്നിടാൻ ക്യാപ്റ്റൻ കോഹ്‍ലിക്കു വേണ്ടിവന്നത് 49 ഇന്നിങ്സുകൾ മാത്രം.

തന്റെ തന്നെ മുൻഗാമിയായ എം.എസ്. ധോണി (70 ഇന്നിങ്സ്), സൗരവ് ഗാംഗുലി (74 ഇന്നിങ്സ്), ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്ത്, പാക്കിസ്ഥാൻ മുൻ നായകൻ മിസ്ബാ ഉൾ ഹഖ് (83 ഇന്നിങ്സ് വീതം), ശ്രീലങ്ക മുൻ നായകൻ സനത് ജയസൂര്യ, ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ് (84 ഇന്നിങ്സ് വീതം) എന്നിവരെയും ഇക്കാര്യത്തിൽ കോഹ്‍ലി പിന്നിലാക്കി.

related stories