Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഖർ സമാന് ഇരട്ട സെഞ്ചുറി; നേട്ടം സ്വന്തമാക്കുന്ന ആദ്യ പാക്കിസ്ഥാൻ താരം

fakhar-zaman സെഞ്ചുറി നേടിയ ഫഖർ സമാന്റെ ആഹ്ലാദം.

ബലുവായോ∙ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമെന്ന റെക്കോർഡ് ഇനി ഫഖർ സമാനു സ്വന്തം. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ നാലാം ഏകദിനത്തിലെ   പ്രകടനത്തിലൂടെയാണ് (156 പന്തിൽ 210 നോട്ടൗട്ട് ) ഫഖർ റെക്കോർഡ് സ്വന്തമാക്കിയത്. 24 ബൗണ്ടറികളും അഞ്ചു സിക്സുകളും അടങ്ങുന്നതാണു ഫഖറിന്റെ ഇന്നിങ്ങ്സ്. 17 മൽസരങ്ങൾ മാത്രം കളിച്ച ഫഖർ 980 റൺസ് നേടിക്കഴിഞ്ഞു.  മൂന്നു കളികളിൽനിന്ന് 20 റൺസ് കൂടി നേടിയാൽ  ചുരുങ്ങിയ കളികളിൽനിന്നു 1000 റൺസ് തികച്ചയാളെന്ന റെക്കോർഡും ഫഖറിനു നേടാം. 

കളിയിൽ, പാക്കിസ്ഥാൻ 244 റൺസിനു ജയിച്ചു.  ആദ്യം ബാറ്റ്ചെയ്ത പാക്കിസ്ഥാൻ 399 റൺസാണു നേടിയത്. ഏകദിനത്തിലെ പാക്കിസ്ഥാന്റെ ഉയർന്ന സ്കോറാണിത്. ആദ്യ വിക്കറ്റിൽ ഇമാം ഉൽ ഹഖുമൊത്ത് 304 റൺസാണു ഫഖർ ചേർത്തത്. ഒന്നാം വിക്കറ്റിലെ ലോകറെക്കോർഡാണിത്. 2006ൽ  ശ്രീലങ്കയുടെ  ജയസൂര്യ–ഉപുൽ തരംഗ സഖ്യം നേടിയ 286 റൺസിന്റെ റെക്കോർഡാണു തകർന്നത്. രാജ്യാന്തര ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ താരമാണു ഫഖർ. ഇന്ത്യയുടെ സച്ചിൻ, രോഹിത് ശർമ,  സേവാഗ്, ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ, വിൻഡീസിന്റെ ക്രിസ് ഗെയ്ൽ എന്നിവരാണ്   മറ്റു താരങ്ങൾ.