Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറന്നുവോ ഹ്യൂസിനെ? ക്രിക്കറ്റിലുണ്ട്, ചോര മണക്കുന്ന കരിയറുകൾ!

career-ending-injuries-cricket

നഷ്ടമാകുന്നത് 12 ടെസ്റ്റുകൾ. ഒരു വർഷം. തോളിനേറ്റ പരുക്ക് ചികിൽസിച്ചതിലെ പാകപ്പിഴവുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കരിയർ തന്നെ ചോദ്യചിഹ്നമാകുകയാണ്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ രണ്ടു ഡോക്ടർമാർ ചികിൽസിച്ചതിലെ പിഴവ് തിരുത്താൻ മാഞ്ചസ്റ്ററിൽ ശസ്ത്രക്രിയയ്ക്കൊരുങ്ങുകയാണ് സാഹ. ടെസ്റ്റ് ടീമിൽ മാത്രം ഇടമുള്ള സാഹയുടെ കരിയറിനേറ്റ കനത്ത തിരിച്ചടിയാകും ഈ ഇടവേള. മുപ്പത്തിമൂന്നുകാരന് ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു മാസത്തേക്ക് ബാറ്റ് പൊക്കാൻ തന്നെ പറ്റില്ല. 

ഇന്ത്യയുടെ വിദേശ പര്യടനങ്ങളെല്ലാം നഷ്ടപ്പെടും. സാഹയുടെ ഒഴിവിൽ ഫോമിലുള്ള ദിനേഷ് കാർത്തിക് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പറാകും. കാർത്തിക് സ്ഥാനമുറപ്പിച്ചാൽ പിന്നെ സാഹയ്ക്കൊരു തിരിച്ചുവരവ് ‘സാഹസമാകും’. കാർത്തിക്കിനു സ്റ്റാൻഡ് ബൈ ആയി എടുത്തത് യുവതാരം ഋഷഭ് പന്തിനെ. മികവു കാണിക്കാൻ അവസരം കാത്തിരിക്കുകയാണ് പന്ത്.

ചുരുക്കത്തിൽ സാഹയുടെ ഭാവി ഒട്ടും സുഖകരമാകില്ല. സാഹയുടെ പരുക്ക് വരുത്തിവച്ചതാണെന്ന് പറയാമെങ്കിലും അതല്ലാതെ പരുക്കിന്റെ ഇരുൾവീണ് കരിയർ നിന്നുപോയ താരങ്ങൾ വേറെയുണ്ട് രാജ്യാന്തര ക്രിക്കറ്റിൽ. ബൗണ്‍സർ തലയിൽ പതിച്ച് അകാലത്തിൽ ജീവൻ പൊലിഞ്ഞ ഓസീസ് യുവതാരം ഫിൽ ഹ്യൂഗ്സിനെ മറക്കാനാകുമോ ആരാധകർക്ക്. പരുക്ക് കരിയർ അവസാനിപ്പിച്ച മറ്റു ചില താരങ്ങളിതാ...

സാബാ കരീം 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും രാജ്യാന്തര ക്രിക്കറ്റിൽ കഴിവു തെളിയിക്കാൻ സാധിക്കാത്ത താരമാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബാ കരീം. ദീർഘകാലം നയൻ മോംഗിയയുടെ നിഴലിൽ ടീമിൽ അവസരം ലഭിക്കാതെ പുറത്തുനിന്നു. അവസരം ലഭിച്ചപ്പോൾ വില്ലനായത് പരുക്ക്. 120 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്ന് 56 റൺസ് ശരാശരിയിൽ 7310 റൺസ് നേടിയ സാബാ കരീമിന്റെ കരിയർ ഒരു ടെസ്റ്റിലും 34 ഏകദിനങ്ങളിലും മാത്രമേ ഇന്ത്യൻ വേഷമണിഞ്ഞുള്ളൂ.

ധാക്കയിൽ നടന്ന ഏഷ്യാകപ്പിനിടെ അനിൽ കുംബ്ലെയുടെ പന്ത് വലതു കണ്ണിൽ കൊണ്ടത് അദ്ദേഹത്തിന്റെ കരിയർ തന്നെ തീർത്തു കളഞ്ഞു. ബംഗ്ലദേശ് താരം ഹബീബുൽ ബാഷറിന്റെ ദേഹത്തുതട്ടി ഗതിമാറിയെത്തിയ പന്ത് സാബാ കരീമിന്റെ കണ്ണിലിടിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. കാഴ്ച പഴയപടി ആകാതെ പോയതോടെ സാബാ കരിം കരിയർ അവസാനിപ്പിച്ചു.

ഷെയ്ൻ ബോണ്ട് 

പേസ് ബോളിങ്ങിലെ ഇതിഹാസങ്ങളിലൊരാളാവേണ്ടിയിരുന്ന താരമാണ് ഷെയ്ൻ ബോണ്ട്. പേസും സ്വിങ്ങുംകൊണ്ട് ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നം. കണ്ണും തുറക്കും വേഗത്തിൽ കുറ്റിയറുക്കുന്ന ബോണ്ടിന്റെ തനി സ്വരൂപം കണ്ടത് ഓസ്ട്രേലിയക്കാരാണ്. ഓസീസിനെതിരെ കളിക്കുമ്പോൾ പതിവിലും വീര്യമായിരുന്നു അദ്ദേഹത്തിന്. ഓസ്ട്രേലിയയ്ക്കെതിരെ മാത്രം ബോണ്ടിന് 15.79 റൺസ് ശരാശരിയിൽ 44 ഏകദിന വിക്കറ്റുകളുണ്ട്. പേസിന്റെ രാജാവിനു പക്ഷേ വേഗം തന്നെയായിരുന്നു ശത്രുവും.

അതിവേഗത്തിലുള്ള ഏറ് ബോണ്ടിനെ പരുക്കിന്റെ തോഴനാക്കി മാറ്റി. കളിച്ചതിലും ഏറെ പരുക്കേറ്റ് പുറത്തിരിക്കാനായിരുന്നു വിധി. കരിയറിനു 18 ടെസ്റ്റിന്റെ ആയുസ്സേ കിട്ടിയുള്ളൂ. 22 റൺസ് ശരാശരിയിൽ 87 വിക്കറ്റ് പിഴുതു. 82 ഏകദിനങ്ങളിൽ നിന്ന് 147 വിക്കറ്റും. ബോണ്ടിനു കുറച്ചുകൂടി കളിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ക്രിക്കറ്റ് ആരാധകർ എന്നും ആശിക്കുന്ന കാര്യമാണ്.

ക്രെയ്ഗ് കീസ്‌വെറ്റർ

ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളർന്നതുമെങ്കിലും ഇംഗ്ലണ്ടിനായി കളിക്കാൻ താൽപര്യപ്പെട്ട വ്യക്തിയാണ് കീസ്‌വെറ്റർ. കൗണ്ടി ക്രിക്കറ്റിലും സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. 2014ൽ നോർത്താംഷയറിനെതിരെ സോമർസെറ്റിനുവേണ്ടി കളിക്കുമ്പോഴാണ് കീസ്‌വെറ്ററിന് ഗുരുതരമായി പരുക്കേറ്റത്.

ബാറ്റിങ്ങിനിടെ ഹെൽമറ്റ് തകർത്തെത്തിയ പന്ത് പതിച്ചത് കീസ്‍‌വെറ്ററിന്റെ മുഖത്ത്. മൂക്കിന്റെ പാലം തകർന്നുപോയ കീസ്‍വെറ്റർ ചോര നിറഞ്ഞ മുഖത്തോടെയാണ് മൈതാനം വിട്ടത്. പരുക്ക് കാഴ്ചയെ ബാധിച്ചതോടെ കീസ്‍വെറ്റർ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടു.

മാർക്ക് ബൗച്ചർ

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായിരുന്ന മാർക്ക് ബൗച്ചറിനെ അറിയാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ? ദക്ഷിണാഫ്രിക്കൻ ടീമിന്റെ 2012ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബൗച്ചറിന്റെ കരിയറിന് അകാല വിരാമമിട്ട പരുക്കേറ്റത്. കൗണ്ടി ടീമായ സോമർസെറ്റിനെതിരെ ആയിരുന്നു മൽസരം.

ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിന്റെ പന്ത് തട്ടിത്തെറിച്ച ബെയ്‍ലാണ് മുഖത്തടിച്ച് ബൗച്ചറിന്റെ കരിയർ അവസാനിപ്പിച്ചത്. കണ്ണിൽനിന്നും ചോരയൊലിക്കുന്ന നിലയിലാണ് ബൗച്ചർ അന്ന് മൈതാനം വിട്ടത്. പരുക്ക് കാഴ്ചയെ ബാധിച്ചതോടെ തൊട്ടുപിന്നാലെ ബൗച്ചർ വിരമിക്കൽ പ്രഖ്യാപിച്ചു.

നരി കോണ്‍ട്രാക്ടർ

പരുക്കുമൂലം കരിയർ അവസാനിപ്പിക്കേണ്ടി വന്ന ആദ്യകാല താരങ്ങളിലൊരാളാണ് ഇന്ത്യയുടെ നരി കോൺട്രാക്ടർ. 1960കളിലായിരുന്നു സംഭവം. വെസ്റ്റ് ഇൻഡീസുമായുള്ള മൽസരത്തിനിടെ പേസ് ബോളർ ചാർലി ഗ്രിഫിത്തിന്റെ പന്ത് തലയിൽ പതിച്ചാണ് കോൺട്രാക്ടർക്ക് പരുക്കേറ്റത്.

പന്തു തലയിൽ പതിച്ചതിനു പിന്നാലെ അബോധാവസ്ഥയിലായ കോൺട്രാക്ടർ, ആറു ദിവസത്തോളം അതേ അവസ്ഥയിൽ ആശുപത്രിയിൽ തുടർന്നു അദ്ദേഹം. നീണ്ട ചികിൽസയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അദ്ദേഹം പിന്നീട് രാജ്യാന്തര ക്രിക്കറ്റിൽ തുടർന്നില്ല.

സാഹയ്ക്ക് സംഭവിച്ചത്...

പെരുവിരലിനേറ്റ പരുക്കു ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്നാണ് സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിലായത്. ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോ അശ്രദ്ധമായി കൈകാര്യം ചെയ്താണ് പരുക്ക് വഷളാക്കിയത്. വിരലിലെ പരുക്കിന് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമായി. അടുത്ത മാസം സാഹയെ ഇംഗ്ലണ്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. ഈ വർഷം ഒടുവിൽ നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കു പോലും ടീമിലേക്കു തിരിച്ചെത്താൻ സാഹയ്ക്കു കഴിയില്ല.

‘‘ വിരലിലെ പരുക്കിനുള്ള ചികിൽസ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ അശ്രദ്ധമായാണു കൈകാര്യം ചെയ്തത്. ഫിസിയോ ഇക്കാര്യത്തിൽ അലംഭാവം കാട്ടി. ഇനി ശസ്ത്രക്രിയയിലൂടെയേ പരിഹാരം കാണാനാവൂ. രണ്ടു മാസം ബാറ്റ് തൊടാൻ പോലും കഴിയില്ല. അതിനു ശേഷം വേണം തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്താൻ’’– സീനിയർ ബിസിസിഐ അംഗം പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരത്തിനിടെയാണു സാഹയ്ക്കു പരുക്കേറ്റത്. തുടർന്ന് ഇന്ത്യൻ ടീമിനൊപ്പമുള്ള മൽസരങ്ങളിൽ നിന്നു വിട്ടുനിന്നു. ഏറെ വൈകാതെ തിരിച്ചെത്താമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് എന്നു തിരിച്ചുവരാൻ കഴിയുമെന്നുറപ്പിക്കാൻ പോലും കഴിയാത്ത വിധം പരുക്ക് ചികിൽസിച്ചു വഷളാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സാഹയെ ഉൾപ്പെടുത്തിയിരുന്നില്ല.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ ക്യാച്ചെടുക്കുമ്പോൾ സാഹയുടെ തോളിനു പരുക്കേറ്റിരുന്നു. പക്ഷേ, ഏറെയൊന്നും വിഷമിപ്പിച്ചില്ല. എന്നാൽ പേശീവലിവിനെത്തുടർന്നു സാഹയ്ക്ക് പരമ്പരയ്ക്കിടെ മടങ്ങേണ്ടി വന്നു. ഐപിഎല്ലിൽ പരുക്കോടെയാണു സാഹ കളിച്ചത്. അപ്പോഴും വേദന തുടർന്നതുകൊണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോയുടെ കീഴിലുള്ള പ്രത്യേക പരിശീലനത്തിലൂടെ ഇംഗ്ലണ്ട് പര്യടനത്തിനു ടീമിൽ തിരിച്ചെത്താമെന്നായിരുന്നു സാഹയുടെ പ്രതീക്ഷ. എന്നാൽ ഈ നീക്കം ഫിസിയോയുടെ പിടിപ്പുകേടു കൊണ്ട് തിരിച്ചടിച്ചു.

ടീം ഇന്ത്യയുടെ മുൻ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെട്ട ഫിസിയോ, സാഹയുടെ പരുക്കിന്റെ ഗൗരവം സംബന്ധിച്ചു കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവോയെന്ന സംശയവും ഉയരുന്നുണ്ട്. സിലക്‌ഷൻ കമ്മിറ്റി യോഗങ്ങൾക്കു മുന്നേ ടീമംഗങ്ങളുടെ കായികക്ഷമത സംബന്ധിച്ച റിപ്പോർട്ട് സിലക്‌ഷൻ കമ്മിറ്റി കൺവീനർക്കു സമർപ്പിക്കണമെന്നാണു ചട്ടം. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായും കണക്കാക്കപ്പെടുന്നു. 

related stories