Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ ഇരട്ടസെഞ്ചുറി ‘തടഞ്ഞ’ ദ്രാവിഡ് നായകനോ വില്ലനോ?

sachin-dravid സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മാന്യനായ താരം ആരാണ്? ഭൂരിപക്ഷം പേരും രാഹുൽ ദ്രാവിഡിന്റെ പേരു പറയുമെന്ന് നൂറുവട്ടം. കളിക്കാരനെന്ന നിലയിലും ഇപ്പോൾ ജൂനിയർ ടീമുകളുടെ പരിശീലകനെന്ന നിലയിലും ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയിട്ടുള്ളതും ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്.

എന്നാൽ, ഇതേ ദ്രാവിഡുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന്റെയും പിറവി. 2004ൽ ഇന്ത്യ നടത്തിയ പാക്കിസ്ഥാൻ പര്യടനത്തിനിടെ മുൾട്ടാനിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തെൻഡുൽക്കർ 194ൽ നിൽക്കെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്ന രാഹുൽ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്.

മൂന്നു ടെസ്റ്റുകൾ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മൽസരമായിരുന്നു മുൾട്ടാനിൽ നടന്നുവന്നത്. വീരേന്ദർ സേവാഗ് ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയെന്ന റെക്കോർഡ് കുറിച്ച മൽസരം കൂടിയായിരുന്നു ഇത്. രണ്ടാം ദിനത്തിലെ കളി അവസാന സെഷനിൽ എത്തിയപ്പോഴാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഡിക്ലറേഷൻ സംഭവിച്ചത്. ഈ സമയത്ത് 161.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 675 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സച്ചിൻ 194 റൺസുമായി ബാറ്റു ചെയ്യുന്നു. എന്നാൽ, 162–ാം ഓവറിന്റെ അഞ്ചാം പന്തിൽ യുവരാജ് സിങ് പുറത്തായതോടെയാണ് ദ്രാവിഡ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇന്ത്യ ഇന്നിങ്സിനും 52 റൺസിനും ജയിച്ച ഈ മൽസരം ഒരു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് അവസാനിച്ചത്.

ക്രിക്കറ്റ് ദൈവം ഇരട്ടസെഞ്ചുറി എന്ന അതുല്യ നേട്ടത്തിന്റെ വക്കിൽ നിൽക്കെ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ‘ടീമിന്റെ വിജയമാണ് പ്രധാനം, വ്യക്തികളുടെ നേട്ടമല്ല’ എന്നൊക്കെ ചൂണ്ടിക്കാട്ടി ചിലർ പ്രതിരോധിച്ചെങ്കിലും, ആരാധകരെല്ലാം സച്ചിനൊപ്പമായിരുന്നു. മാന്യതയുടെ മറുരൂപമായ സച്ചിനും ഈ തീരുമാനത്തിൽ കടുത്ത അമർഷമുണ്ടായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.

ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ദ്രാവിഡിന്റെ തീരുമാനം തന്നിൽ കടുത്ത നിരാശ ഉളവാക്കിയെന്ന് പിന്നീട് സച്ചിൻ തന്റെ ആത്മകഥയിൽ എഴുതുകയും ചെയ്തു. ‘ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇരട്ടസെഞ്ചുറി നഷ്ടമാക്കിയെങ്കിലും അതിന്റെ വിഷമം കളത്തിൽ പ്രകടിപ്പിക്കില്ലെന്ന് ഞാൻ രാഹുലിന് വാക്കുകൊടുത്തു. എങ്കിലും, സംഭവിച്ച കാര്യങ്ങളോട് മാനസികമായി പൊരുത്തപ്പെടുന്നതു വരെ കളത്തിനു പുറത്ത് ഒറ്റയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടു’ – സച്ചിൻ എഴുതി.

അന്നു നടന്ന സംഭവത്തെക്കുറിച്ച് സച്ചിൻ തന്റെ ആത്മകഥയിൽ എഴുതിയതിങ്ങനെ:

സൗരവ് ഗാംഗുലി പുറംവേദന മൂലം മാറിനിന്നതിനാൽ രാഹുലായിരുന്നു അന്ന് ടീമിനെ നയിച്ചിരുന്നത്. രണ്ടാം ദിനം ചായയ്ക്ക് പിരിഞ്ഞപ്പോൾ ഞാൻ ദ്രാവിഡിന്റെയും പരിശീലകൻ ജോൺ റൈറ്റിന്റെയും അടുത്തുചെന്നു. ടീമിന് മികച്ച ടോട്ടൽ ഉണ്ടായിരുന്നതിനാൽ എന്താണ് പ്ലാനെന്നു ചോദിച്ചു. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പാക്കിസ്ഥാനെ ബാറ്റു ചെയ്യാൻ അനുവദിക്കണമെന്ന് അവർ പറഞ്ഞു. ഏതാണ്ട് 15 ഓവർ ലഭിക്കുന്ന വിധത്തിൽ പാക്കിസ്ഥാനെ ബാറ്റിങ്ങിന് വിട്ട് പരമാവധി വിക്കറ്റുകൾ വീഴ്ത്തി അവരെ സമ്മർദ്ദത്തിലാക്കുകയെന്നതായിരുന്നു തന്ത്രം. അതാണ് നല്ലതെന്ന് പറഞ്ഞ് ഞാൻ ചായയ്ക്കു ശേഷം ക്രീസിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാൽ, ചായയ്ക്കുശേഷം അരമണിക്കൂർ പിന്നിട്ടപ്പോൾ പകരക്കാരൻ താരം രമേഷ് പൊവാർ കളത്തിലേക്കു വന്നു. ഇന്നിങ്സിന് വേഗം കൂട്ടാൻ ക്യാപ്റ്റനും പരിശീലകനും നിർദ്ദേശിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്നിങ്സിന് വേഗത കൂട്ടേണ്ട സമയമാണെന്ന് എനിക്ക് അറിയാമെങ്കിലും ഫീൽഡർമാർ ബൗണ്ടറിയിലേക്ക് ഇറങ്ങി ഫീൽഡ് ചെയ്യുന്ന സാഹചര്യത്തിൽ റൺ കണ്ടെത്താൻ വിഷമമാണെന്ന് ഞാൻ തമാശരൂപേണ രമേഷിനോട് പറയുകയും ചെയ്തു.

കുറച്ചുകൂടി കഴിഞ്ഞപ്പോൾ രമേഷ് വീണ്ടും ക്രീസിലേക്ക് വന്നു. അപ്പോൾ 194 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു ‍‍ഞാൻ. അടുത്ത ഓവറിനുള്ളിൽ ഇരട്ടസെഞ്ചുറി പൂർത്തിയാക്കണമെന്നും ആ ഓവറോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാണ് ടീമിന്റെ തീരുമാനമെന്നും പവാർ അറിയിച്ചു. കുറഞ്ഞത് രണ്ട് ഓവറെങ്കിലും ബാറ്റ് ചെയ്യാൻ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ‍ഞാൻ. കാരണം അതിനുശേഷവും മുൻപ് അറിയിച്ചിരുന്നതുപോലെ അന്ന് ബോൾ ചെയ്യാൻ 15 ഓവറുകൾ ബാക്കിയുണ്ടായിരുന്നു.

സംഭവിച്ചതെന്താണെന്നു വച്ചാൽ, ആ ഓവറിൽ ക്രീസിലുണ്ടായിരുന്ന യുവരാജിന് സ്ട്രൈക്ക് കൈമാറാനായില്ല. ബോൾ ചെയ്തത് ഇമ്രാൻ ഫർഹത്തായിരുന്നു. ആദ്യ രണ്ടു പന്തുകളിൽ യുവിക്ക് സ്കോർ ചെയ്യാനായില്ല. മൂന്നാം പന്തിൽ ഡബിളെടുത്തു. നാലാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ യുവരാജ്, അഞ്ചാം പന്തിൽ പുറത്തായി.

അടുത്ത ബാറ്റ്സ്മാനായ പാർഥിവ് പട്ടേൽ കളത്തിലിറങ്ങാൻ ഒരുങ്ങുമ്പോൾ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തതായി ആംഗ്യം കാട്ടുന്ന കണ്ടു. തിരിച്ചുവരാനായിരുന്നു നിർദ്ദേശം. രണ്ടാം ദിനം ബോൾ ചെയ്യാൻ 16 ഓവർ ബാക്കിനിൽക്കെയാണ് ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ചായ സമയത്ത് എന്നോടു പറഞ്ഞതിനേക്കാൾ ഒരു ഓവർ കൂടുതൽ.

ദേഷ്യം അണപൊട്ടി, എങ്കിലും നിയന്ത്രിച്ചു

ടീമിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാക്കാത്ത ദ്രാവിഡിന്റെ തീരുമാനം വലിയ മണ്ടത്തരമാണെന്നാണ് എനിക്കു തോന്നിയത്. അതുകൊണ്ടുതന്നെ എനിക്കത് വലിയ ഷോക്കായി. അന്ന് സിഡ്‌നിയിൽ സംഭവിച്ചതുപോലെ അത് ടെസ്റ്റിന്റെ നാലാം ദിനമൊന്നുമായിരുന്നില്ലെന്ന് ഓർക്കണം. മറിച്ച് രണ്ടാം ദിനമായിരുന്നു.

കടുത്ത നിരാശയോടെ ഡ്രസിങ് റൂമിൽ മടങ്ങിയെത്തുമ്പോൾ, ദ്രാവിഡിന്റെ തീരുമാനത്തിൽ ഞെട്ടി നിൽക്കുകയായിരുന്നു മറ്റുള്ള താരങ്ങൾ. കടുത്ത ദേഷ്യം മൂലം ഞാൻ ബാറ്റും മറ്റും വലിച്ചെറിഞ്ഞ് അവിടെ വലിയൊരു ‘സീൻ’ സൃഷ്ടിക്കുമെന്ന് അവരിൽ പലരും കരുതിയിരിക്കണം. എന്റെ സ്വഭാവം അതല്ലാത്തതുകൊണ്ട് അങ്ങനെയൊന്നും പ്രതികരിക്കാൻ പോയില്ല. ആ സംഭവത്തെക്കുറിച്ച് ആരോടും സംസാരിക്കേണ്ടെന്നായിരുന്നു തീരുമാനം.

ബാറ്റ് ഡ്രസിങ് റൂമിൽവച്ച ഞാൻ ഫീൽഡ് ചെയ്യാൻ ഇറങ്ങും മുൻപ് എനിക്ക് അൽപം സമയം വേണമെന്ന് ജോൺ റൈറ്റിനോട് ആവശ്യപ്പെട്ടു. പുറമേയ്ക്ക് ദേഷ്യം പ്രകടിപ്പിച്ചില്ലെങ്കിലും അകത്ത് ഞാൻ കത്തുകയായിരുന്നു.

റൈറ്റ് ആദ്യം വന്ന് ക്ഷമ പറഞ്ഞു

സംഭവത്തെക്കുറിച്ച് സംസാരിക്കാൻ ആദ്യം എന്റെ പക്കലെത്തിയത് പരിശീലകൻ ജോൺ റൈറ്റാണ്. ഇരട്ടസെഞ്ചുറിക്ക് തൊട്ടരികെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നതിൽ അദ്ദേഹം ക്ഷമ ചോദിച്ചു. ഡിക്ലറേഷൻ തീരുമാനത്തിൽ തനിക്കു പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിങ് റൂമിൽ മുഖം കഴുകുമ്പോഴാണ് അദ്ദേഹം അടുത്തെത്തിയത്. എങ്കിലും, ടീമുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു തീരുമാനത്തിൽ തനിക്കു പങ്കില്ലെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ എനിക്ക് ആശ്ചര്യകരമായി തോന്നി. ശരിയായ കാര്യമാണ് സംഭവിച്ചതെങ്കിൽ അദ്ദേഹം ക്ഷമ ചോദിക്കേണ്ടതില്ലെന്നായിരുന്നു എന്റെ നിലപാട്.

ക്ഷമ ചോദിച്ച് ഗാംഗുലിയും

തൊട്ടുപിന്നാലെ വിശദീകരണവുമായി ക്യാപ്റ്റൻ ഗാംഗുലിയുമെത്തി. ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ടെന്നും ഡിക്ലയർ ചെയ്യാനുള്ള തീരുമാനം തന്റേതല്ലെന്നും അറിയിച്ചു. ഡിക്ലയർ ചെയ്യാനുള്ള തീരുമാനം താൽക്കാലിക ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് പ്രഖ്യാപിക്കുമ്പോൾ, ടീമിന്റെ യഥാർഥ ക്യാപ്റ്റനായ ഗാംഗുലിക്ക് അതേക്കുറിച്ച് മനസ്സറിവുണ്ടായിരുന്നില്ലെന്ന തീരുമാനം എന്നെ അതിശയിപ്പിച്ചു. എന്തായാലും ഇതേക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ല എന്നു പറഞ്ഞ് ഞാൻ സൗരവിനെ മടക്കി.

പിന്നാലെ ദ്രാവിഡുമെത്തി, വിശദീകരണവുമായി

റൈറ്റിനും ഗാംഗുലിക്കും ശേഷം വിശദീകരവുമായി വന്നത് സാക്ഷാൽ ദ്രാവിഡ് തന്നെ. ടീമിന്റെ താൽപര്യം മുൻനിർത്തിയാണ് തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കളിയാണ് പ്രധാനപ്പെട്ടതെന്നും വിജയമാണ് ലക്ഷ്യമെന്നും വ്യക്തമാക്കുകയായിരുന്നു താനെന്നും ദ്രാവിഡ് വിശദീകരിച്ചു. എങ്കിലും എനിക്ക് ആ വിശദീകരണം അത്ര തൃപ്തികരമായി തോന്നിയില്ല.

ഒന്നാമത്തെ കാര്യം, ഞാൻ ടീമിനും ടീമിന്റെ താൽപര്യത്തിനും വേണ്ടിത്തന്നെയാണ് ബാറ്റു ചെയ്തിരുന്നത്. ഞാൻ നേടിയ 194 റൺസ് ടീമിനുവേണ്ടിയായിരുന്നു. ടീമിനുള്ള എന്റെ സംഭാവനയായിരുന്നു അതെന്നും ഞാൻ ദ്രാവിഡിനോട് പറഞ്ഞു.

മാത്രമല്ല, ഏതാനും മാസങ്ങൾക്കു മുൻപ് സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റിന്റെ കാര്യവും ഞാൻ ദ്രാവിഡിനെ ഓർമിപ്പിച്ചു. മൽസരത്തിന്റെ നാലാം ദിനം വൈകുന്നേരും ഞങ്ങൾ ബാറ്റു ചെയ്യുമ്പോൾ എപ്പോഴാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്യേണ്ടതെന്ന് ചോദിച്ച് സൗരവ് രണ്ടോ മൂന്നോ തവണ താരങ്ങളെ അയച്ചു. എങ്കിലും പ്രത്യേകിച്ച് മറുപടിയൊന്നും നൽകാതെ ദ്രാവിഡ് ബാറ്റിങ് തുടർന്നു. ഈ രണ്ടു സാഹചര്യങ്ങളും സമാനമായിരുന്നു. ശരിക്കു നോക്കിയാൽ ഒന്നുകൂടി പ്രധാനപ്പെട്ടത് സിഡ്നിയിലെ ഡിക്ലറേഷനായിരുന്നു. അന്ന് ഡിക്ലറേഷൻ വൈകിയതുകൊണ്ട് മാത്രം നമ്മൾ വിജയവും പരമ്പരയും കൈവിട്ടു. ടീമിന്റെ താൽപര്യം നോക്കിയ ദ്രാവിഡിന്റെ അതേ ആവേശം സിഡ്നിയിലും കാട്ടേണ്ടതായിരുന്നുവെന്നും ‍ഞാൻ ചൂണ്ടിക്കാട്ടി.

(മുകളിൽ പ്രതിപാദിച്ച സിഡ്നി ടെസ്റ്റിൽ സച്ചിന്റെ ഇരട്ടസെഞ്ചുറിയുടെയും ലക്ഷ്മണിന്റെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 705 റൺസ്. ഓസ്ട്രേലിയ 474 റൺസിന് പുറത്തായി. 231 റൺസ് ലീഡുണ്ടായിട്ടും രണ്ടാം ഇന്നിങ്സിലും 211 റൺസ് നേടിയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 443 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കാൻ ഇന്ത്യയ്ക്കായില്ല. ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്ത് നിൽക്കെ മൽസരം അവസാനിച്ചു)

ഈ സംഭവം ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല

ഇന്ത്യൻ ക്രിക്കറ്റിൽ വിവാദമായി മാറിയ ഈ സംഭവം പക്ഷേ ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. തുടർന്നും കളത്തിലും പുറത്തും ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി തുടർന്നു. കരിയറിന്റെ അവസാനം വരെ അത് അങ്ങനെതന്നെ നിന്നു. തുടർന്നും കളത്തിൽ ഞങ്ങൾ മികച്ച കൂട്ടുകെട്ടുകളുമുണ്ടാക്കി.

related stories