Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ലോകം ചോദിക്കുന്നു; റൂട്ടേ, കോഹ്‍ലിയോടാണോ കളി!

Root-Vs-Kohli 1. കോഹ്‍ലിയുടെ നേരിട്ടുള്ള ഏറിൽ റൂട്ടിന്റെ വിക്കറ്റ് തെറിക്കുന്നതാണ് ഇടതുവശത്തെ മുകളിലെ ചിത്രം. 2. താഴെയുള്ളത് മൂന്നാം ഏകദിനത്തിൽ റൂട്ട് ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ നടത്തുമ്പോൾ തുറിച്ചുനോക്കുന്ന കോഹ്‍ലി. 3. ആദ്യ ഇന്നിങ്സിൽ റൂട്ട് പുറത്തായപ്പോൾ കോഹ്‍ലിയുടെ ആഹ്ലാദം.

ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ഏറ്റവും സുവർണ നിമിഷം ഏതായിരിക്കും? ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം, അതു വിരാട് കോഹ്‍ലിയുടെ ‘മൈക്ക് ഡ്രോപ് സെലബ്രേഷന’ല്ലാതെ മറ്റൊന്നുമാകാൻ വഴിയില്ല. ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിച്ച മൂന്നാം ഏകദിനത്തിലെ സെഞ്ചുറിക്കുശേഷം ജോ റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷനെ’ പരിഹസിച്ചാണ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽത്തന്നെ കോഹ്‍ലി ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ അനുകരിച്ചത്. അതും നേരിട്ടുള്ള ഏറിൽ റൂട്ടിനെ റണ്ണൗട്ടാക്കിയശേഷം!

ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ സെഞ്ചുറി നേടി കോഹ്‍ലിപ്പടയെ നിസാരരാക്കിയശേഷം ജോ റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഹ്‍ലി നോക്കിനിൽക്കെ ബാറ്റ് താഴെയിട്ട് റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ ചെറിയ തോതിൽ വിവാദമാവുകയും ചെയ്തു. ഇതോടെ, തന്റെ പ്രവർത്തി ശരിയായില്ലെന്ന് റൂട്ട് സമ്മതിക്കുകയും ചെയ്തു.

റൂട്ടിന്റെ ആഘോഷം ഇന്ത്യൻ ക്യാപ്റ്റന് ഒട്ടും രസിച്ചില്ലെന്ന് അന്നേ വ്യക്തമായിരുന്നു. ബാറ്റ് താഴെയിട്ട് റൂട്ട് ആഘോഷിക്കുമ്പോൾ പശ്ചത്തലത്തിൽ ക്രുദ്ധനായി നോക്കിനിൽക്കുന്ന കോഹ്‍ലിയുടെ ചിത്രം ആ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്തായാലും, ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന്റെ ആദ്യ ദിനത്തിൽത്തന്നെ അതിന് മറുപടി നൽകാൻ കോഹ്‍ലിക്ക് അവസരമൊരുങ്ങുകയായിരുന്നു.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ 63–ാം ഓവറിലാണ് സംഭവം. ഈ സമയത്ത് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 215 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സ്കോർ 26ൽ നിൽക്കെ അലസ്റ്റയർ കുക്കിനെ നഷ്ടമായശേഷം ജെന്നിങ്സിനൊപ്പം ഇന്നിങ്സ് കരുപ്പിടിപ്പിച്ച റൂട്ട് സെഞ്ചുറിയിലേക്കുള്ള വഴിയിലായിരുന്നു, രണ്ടാം വിക്കറ്റിൽ ജെന്നിങ്സിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത റൂട്ട്, നാലാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയ്ക്കൊപ്പം കൂട്ടിച്ചേർത്തത് 104 റൺസ്.

എന്നാൽ അശ്വിൻ എറിഞ്ഞ 63–ാം ഓവറിലെ മൂന്നാം പന്തിൽ എല്ലാം മാറിമറിഞ്ഞു. ഈ സമയത്ത് 156 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 80 റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. കൂട്ടിന് 78 പന്തിൽ 60 റൺസുമായി ജോണി ബെയർസ്റ്റോയും. അശ്വിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ടശേഷം ഒരു റൺ പൂർത്തിയാക്കിയ റൂട്ട്–ബെയർസ്റ്റോ സഖ്യം രണ്ടാം റണ്ണിനു ശ്രമിച്ചതാണ് വിനയായത്. പന്ത് കൈക്കലാക്കിയ കോഹ്‍ലിയുടെ നേരിട്ടുള്ള ത്രോ കുറ്റി തെറിപ്പിക്കുമ്പോൾ, ക്രീസിന് അടുത്തെങ്ങുമുണ്ടായിരുന്നില്ല റൂട്ട്. പന്ത് എറിഞ്ഞശേഷം കോഹ്‍‌ലി വീണുപോവുകയും ചെയ്തു. കോഹ്‍ലിയുടെ ഏറ് നേരിട്ട് സ്റ്റംപിൽ കൊണ്ടിരുന്നില്ലെങ്കിൽപ്പോലും വിക്കറ്റ് തെറിപ്പിക്കാമെന്ന അവസ്ഥ.

പിന്നെ സംഭവിച്ചത് പറയാനുണ്ടോ! ചരിത്രമാകേണ്ടിയിരുന്ന ഒരു സെഞ്ചുറി ഇല്ലാത്ത റണ്ണിനോടി വലിച്ചെറിഞ്ഞതിന്റെ നിരാശയിൽ റൂട്ട് തിരിഞ്ഞുനടക്കുമ്പോൾ കോഹ്‍ലി ആകാശത്തേക്ക് പറക്കുംചുംബനങ്ങളെറിഞ്ഞു. പിന്നാലെ പക കാത്തുവച്ചവന്റെ മനസ്സോടെ റൂട്ടിന്റെ ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ പരിഹാസപൂർവം അനുകരിച്ചു. ബാറ്റ് താഴേക്കെറിഞ്ഞ റൂട്ടിനെ ഓർമിപ്പിച്ച് ‘മൈക്ക് ഡ്രോപ് സെലബ്രേഷൻ’ അനുകരിക്കുമ്പോൾ കോഹ്‍ലിയുടെ കണ്ണുകൾ കത്തുകയായിരുന്നു. അത്രയ്ക്കായിരുന്നു പക! പിന്നെ പതിവുള്ള കുറേ ചീത്തവിളിയും.

എന്തായാലും റൂട്ടിന്റെ റണ്ണൗട്ട് മൽസരത്തിലെ വഴിത്തിരിവായി. റൂട്ടിനുശേഷം ക്രീസിലെത്തിയവർക്ക് തൊട്ടതെല്ലാം പിഴച്ചു. കൂറ്റൻ സ്കോർ സ്വപ്നം കണ്ട് കുതിച്ച ഇംഗ്ലണ്ടിന് തുടർന്ന് 67 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഷ്ടമായത് നിർണായകമായ അഞ്ചു വിക്കറ്റുകൾ. ആദ്യ രണ്ടു സെഷനിലും പിന്നോക്കം പോയ ഇന്ത്യയ്ക്ക് ജീവശ്വാസം പകർന്നു ഈ പുറത്താകലെന്നു വ്യക്തം. ആദ്യദിനം എല്ലാവരും പുറത്താകുന്നതിൽനിന്ന് ഇംഗ്ലണ്ട് രക്ഷപ്പെട്ടതുപോലും ഭാഗ്യം കൊണ്ടു മാത്രം. എന്തായാലും ഇംഗ്ലണ്ടുകാർക്ക് ഇതോടെ ഒരു കാര്യം വ്യക്തമായിരിക്കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും റൂട്ടിന്. കോഹ്‍ലിയോട് കളിച്ചാൽ....

related stories