Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇംഗ്ലിഷ് കാറ്റിൽ’ ആടിയുലഞ്ഞ കപ്പലിൽ ഇളകാതെ ‘കപ്പിത്താൻ കോഹ്‍ലി’

kohli-century-celebration സെഞ്ചുറി നേടിയ കോഹ്‍ലിയുടെ ആഹ്ലാദം.

ബർമിങ്ങാം ∙ 2014ൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യയിലെ കോഹ്‍ലിയിൽനിന്ന്, 2018ലെ പര്യടനത്തിൽ ടീമിന്റ അമരക്കാരനായി വന്ന വിരാട് കോഹ്‍ലിയിലേക്കുള്ള ദൂരമുണ്ടല്ലോ, എല്ലാംകൊണ്ടും ക്രിക്കറ്റ് താരമെന്ന നിലയിലുള്ള വിരാട് കോഹ്‍ലിയുടെ വളർച്ചയുടെ അളവുകോലാകുന്നുണ്ട് അത്. 2014ൽ വലിയ പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തി അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളിൽനിന്ന് 134 റൺസ് മാത്രം നേടി നാണംകെട്ട് മടങ്ങിയ കോഹ്‍ലിയെ ഓർമയില്ലേ? ഒരു അർധസെഞ്ചുറി പോലും നേടാനാകാതെ തലയും താഴ്ത്തി മടങ്ങിയ കോഹ്‍ലി, ഒറ്റ ഇന്നിങ്സുകൊണ്ട് എല്ലാവരെയും മാറ്റിപ്പറയിച്ചിരിക്കുന്നു. അതും അന്ന് 10 ഇന്നിങ്സുകൊണ്ടും സാധിക്കാതെ പോയത് ഇന്ന് ഒറ്റ ഇന്നിങ്സുകൊണ്ട് സ്വന്തം പേരിലാക്കിക്കൊണ്ട്.

തുണ നിൽക്കാൻ ആരുമില്ലാതിരുന്നിട്ടും സാം കുറാനും ബെൻ സ്റ്റോക്ക്സും നട്ടും ബോൾട്ടുമിളക്കിയ ഇന്ത്യൻ ബാറ്റിങ് നിരയെ ക്യാപ്റ്റൻ ആണിക്കല്ലു പോലെ ഉറച്ചു നിന്നു കാക്കുന്ന കാഴ്ച, സമീപകാലത്തെ ഏറ്റവും സുന്ദരമായ ക്രിക്കറ്റ് ദൃശ്യങ്ങളിലൊന്നായിരുന്നു. 172 പന്തിൽ 14 ബൗണ്ടറികളോടെയാണ് കോഹ്‍ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഇന്നിങ്സിലാകെ 225 പന്തുകൾ നേരിട്ട കോഹ്‍ലി, 22 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ നേടിയത് 149 റൺസ്. ടെസ്റ്റ് കരിയറിൽ കോഹ്‍ലിയുടെ 22–ാം സെഞ്ചുറിയാണിത്. അതേസമയം, ഇംഗ്ലണ്ട് മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയും!

വന്നു, കണ്ടു, കീഴടക്കി

ഇംഗ്ലണ്ടിനെ 287 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസിലെത്തിയതിന്റെ ആശ്വാസത്തിൽ ആരാധകർ പതം പറഞ്ഞിരിക്കുമ്പോഴാണ് കൊടുങ്കാറ്റിന്റെ രൂപത്തിൽ സാം കുറാൻ ആഞ്ഞടിക്കുന്നത്. ഇരുപതിന്റെ ചെറുപ്പാണെങ്കിലും ആക്രമണോത്സുകതയിൽ വലിയ അനുഭവസമ്പത്തു കാട്ടിയ താരം ആദ്യം മുരളി വിജയിനെയും ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം ലോകേഷ് രാഹുലിനെയും പവലിയനിലേക്ക് തിരിച്ചയച്ചു. ഇതോടെ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസ് എന്ന നിലയിൽനിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. കോഹ്‍ലി ക്രീസിലെത്തുന്നതും അപ്പോൾ. കോഹ്‍ലി നിലയുറപ്പിക്കും മുൻപ് ദുഃസൂചന നൽകി ധവാനും മടങ്ങി. അപ്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 59 റൺസ്!

തുടക്കത്തിൽത്തന്നെ കോഹ്‌ലി ഗള്ളിയിലേക്കു കളിച്ച പന്തിനായി ജോസ് ബട്‌ലർ ഡൈവ് ചെയ്തെങ്കിലും കയ്യിലൊതുക്കാനായില്ല. മികച്ച ലെങ്തിൽ പന്തെറിഞ്ഞ ആൻഡേഴ്സൺ ആദ്യം വിഷമിപ്പിച്ചെങ്കിലും കോഹ്‌ലി പിടിച്ചു നിന്നു. 28–ാം ഓവറിൽ ഇന്ത്യ നൂറു കടന്നെങ്കിലും ഒട്ടും ആധികാരികമായിരുന്നില്ല കോഹ്‌ലി–രഹാനെ സഖ്യത്തിന്റെ ബാറ്റിങ്. ഒടുവിൽ സ്റ്റോക്ക്സിന്റെ സ്വിങ് മനസ്സിലാക്കാതെ ബാറ്റുവച്ച രഹാനെ (15) മൂന്നാം സ്ലിപ്പിൽ ജെന്നിങ്സിനു ക്യാച്ച് നൽകി. രണ്ട് ഓവറിനു ശേഷം സ്റ്റോക്ക്സിന്റെ മറ്റൊരു ഇൻസ്വിങറിൽ ദിനേശ് കാർത്തികിന്റെ സ്റ്റംപ് തെറിച്ചു.

ആറാം വിക്കറ്റിൽ ഹാർദികിനൊപ്പം (22) 48 റൺസ് നേടിയതോടെ കോഹ്‌ലിയുടെ ആത്മവിശ്വാസം കൂടി. അശ്വിൻ (15), ഇഷാന്ത് (അഞ്ച്) എന്നിവരുടെ ചെറിയ കൂട്ടിൽ സ്കോർ ഉയർത്തിയ കോഹ്‌ലി 65–ാം ഓവറിന്റെ നാലാം പന്തിൽ സ്റ്റോക്ക്സിന്റെ പന്ത് പോയിന്റ് ബൗണ്ടറിയിലേക്കു പായിച്ച് വിലപിടിപ്പുള്ള സെഞ്ചുറി തികച്ചു. മാലയിൽ കൊരുത്തിയിട്ട വിവാഹമോതിരത്തിൽ ചുംബിച്ച് ആഹ്ലാദിച്ച കോഹ്‌ലി അടുത്ത പന്തും ബൗണ്ടറിയിലേക്കു പായിച്ച് ആഘോഷിച്ചു.

കോഹ്‍ലിക്കും യാദവിനും പത്തിൽ പത്ത്!

ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും സുന്ദരവും ബൃഹത്തുമായ കൂട്ടുകെട്ട് അവസാന വിക്കറ്റിലേക്ക് കാത്തുവച്ച കോഹ്‍ലി ഇംഗ്ലണ്ടിനെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ചു. ഒൻപതാമനായി ഇഷാന്ത് ശർമ ആദിൽ റഷീദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 217 റൺസ് മാത്രം. 22–ാം ടെസ്റ്റ് സെഞ്ചുറിക്ക് മൂന്നു റൺസ് അകലെയായിരുന്നു കോഹ‍്‌ലി അപ്പോൾ.

പിന്നീട് എജ്ബാസ്റ്റൻ കണ്ടത് സമാനതകളധികമില്ലാത്ത ആവേശപ്പോരാട്ടം. ഇംഗ്ലണ്ട് ബോളർമാരെ ഫലപ്രദമായി നേരിട്ടും ഉമേഷ് യാദവിനെ ഒരറ്റത്ത് സംരക്ഷിച്ചും കോഹ്‍ലി ആദ്യം സെ‍ഞ്ചുറി പൂർത്തിയാക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ഇംഗ്ലണ്ടിന്റെ ലീഡ് കുറച്ചു കുറച്ചു കൊണ്ടുവന്നു. ഒടുവിൽ സ്റ്റ്യുവാർട്ട് ബ്രോഡിന്റെ കൈകളിൽ ആ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനുണ്ടായിരുന്നത് വെറും 13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്!

അവസാന വിക്കറ്റിൽ ഉമേഷ് യാദവും കോഹ്‍ലിയും ചേർന്ന് കൂട്ടിച്ചേർത്തത് 57 റൺസ്. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഓപ്പണിങ് വിക്കറ്റിൽ മുരളി വിജയ്–ശിഖർ ധവാൻ കൂട്ടുകെട്ട് 50 റൺസ് നേടിയശേഷം ഇന്ത്യൻ ഇന്നിങ്സിൽ പിറന്ന ആദ്യ അർധസെഞ്ചുറി കൂട്ടുകെട്ട്. അതിൽ ഉമേഷ് യാദവിന്റെ സംഭാവന 16 പന്തിൽ ഒരു റൺ മാത്രം. ബാക്കി 56 റൺസും കോഹ്‍ലിയുടെ വക. ഒടുവിൽ ആദിൽ റഷീദിന്റെ പന്തിൽ സ്റ്റ്യുവാർട്ട് ബ്രോഡിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേക്കും ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് കളിച്ചുതീർത്തിരുന്നു, കോഹ്‍ലി!

ഇംഗ്ലണ്ടിനെതിരെ 1000 റൺസ്!

വ്യക്തിഗത സ്കോർ ഇരുപത്തിമൂന്നിൽ എത്തിയപ്പോൾ കോഹ്‍ലി മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ 1000 റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരം. 34–ാം ഓവറിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ സിംഗിൾ നേടിയാണ് കോഹ്‍ലി ചരിത്രനേട്ടം പിന്നിട്ടത്. ഈ സമയത്ത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇംഗ്ലണ്ട് സ്കോറിനേക്കാൾ 175 റൺസ് പിന്നിൽ.

ഇംഗ്ലണ്ടിനെതിരെ ഏറ്റവു കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നാമൻ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ തന്നെ. ഏഴു സെഞ്ചുറിയും 13 അർധസെഞ്ചുറിയും സഹിതം 51.73 റൺസ് ശരാശരിയിൽ സച്ചിൻ നേടിയത് 2535 റൺസ്.

സച്ചിനും കോഹ്‍ലിക്കും പുറമെ സുനിൽ ഗാവസ്കർ (2483), രാഹുൽ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വനാഥ് (1880), ദിലീപ് വെങ്സർക്കാർ (1589), കപിൽ ദേവ് (1355), മുഹമ്മദ് അസ്ഹറുദ്ദീൻ (1278), വിജയ് മഞ്ചരേക്കർ (1181), മഹേന്ദ്രസിങ് ധോണി (1157), ഫാറൂഖ് എൻജിനീയർ (1113), ചേതേശ്വർ പൂജാര (1061), രവി ശാസ്ത്രി (1026) എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ 1000 റൺസ് പൂർത്തിയാക്കിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.

അന്ന് ഭുവിക്കും മിശ്രയ്ക്കും പിന്നിൽ!

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തിളങ്ങുന്ന കരിയറിലെ കറുത്ത പാടായിരുന്നു 2014ലെ ഇംഗ്ലണ്ട് പര്യടനം. ടീമിന്റെ നട്ടെല്ലായി മാറുമെന്ന് ആരാധകർ കരുതിയ കോഹ്‍ലി അന്നത്തെ പര്യടനത്തിൽ സമ്പൂർണ പരാജയമായി മാറി. ഭുവനേശ്വർ കുമാറും അമിത് മിശ്രയും പോലും കോഹ്‍ലിയേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തു അന്ന്. അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളിൽനിന്നായി കോഹ്‍ലിക്കു നേടാനായത് വെറും 134 റൺസ്! 13.40 ആയിരുന്നു ശരാശരി. 10 ഇന്നിങ്സുകളിൽ നാലു തവണയും പേസ് ബോളർ ജയിംസ് ആൻഡേഴ്സനു മുന്നിലാണ് കോഹ്‍ലി കീഴടങ്ങിയത്. ഇക്കുറി പോരാട്ടം കോഹ്‍ലിയും ആൻഡേഴ്സനും തമ്മിലാകുമെന്ന് പറഞ്ഞത് വെറുതെയാണോ?

അന്ന് ടീമിലെ ഏറ്റവും മികച്ച ‘ബാറ്റ്സ്മാൻമാരിൽ’ ഒരാളായി മാറിയ ഭുവി, അഞ്ച് ടെസ്റ്റുകളിൽനിന്ന് 27.44 റൺസ് ശരാശരിയിൽ അടിച്ചുകൂട്ടിയത് 247 റൺസ്. മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പടെയാണിത്. കോഹ്‍‌ലിക്ക് ആ പരമ്പരയിൽ 10 ഇന്നിങ്സുകളിൽനിന്ന് ഒരു അർധസെഞ്ചുറി പോലും നേടാനായിരുന്നില്ലെന്ന് ഓർക്കണം!

അ‍ഞ്ചിൽ രണ്ടു ടെസ്റ്റിൽ മാത്രം അവസരം ലഭിച്ച ലെഗ് സ്പിന്നർ അമിത് മിശ്രയും നേടി കോഹ്‍ലിയേക്കാൾ റൺസ്! നാല് ഇന്നിങ്സുകളിൽ മാത്രം ബാറ്റു ചെയ്യാൻ അവസരം ലഭിച്ച മിശ്ര നേടിയത് 153 റൺസ്! അതും 38.25 റൺസ് ശരാശരിയിൽ. അതിൽ, ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ 84 റൺസും ഉൾപ്പെടുന്നു.

എജ്ബാസ്റ്റണിലെ ശാപമോക്ഷം

എജ്ബാസ്റ്റണിലെ ഇന്നിങ്സോടെ ഒരു കാര്യം വ്യക്തം. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന്റെ പേരുപറഞ്ഞ് പരിഹസിച്ചവരുടെ കുത്തുവാക്കുകളുടെ മുനയൊടിച്ചിരിക്കുന്നു കോഹ്‍ലി. അതും തനി കോഹ്‍ലി സ്റ്റൈലിൽ. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ആരാധകരെ മോഹിപ്പിച്ച് നിരാശപ്പെടുത്തിയതിന്റെ പാപക്കറകളും താരം കഴുകിക്കളഞ്ഞിരിക്കുന്നു.

എജ്ബാസ്റ്റനിൽ നേടിയ സെഞ്ചുറിയുടെ മൂല്യം അളക്കേണ്ടത് നേടിയ റണ്ണുകളുടെ എണ്ണം കൊണ്ടു മാത്രമല്ല. അതു നേടിയ സാഹചര്യവും അതിന്റെ ‘ചരിത്രപര’മായ പ്രാധാന്യവും എല്ലാം പരിഗണിക്കണം. ടീം ഇന്ത്യയിൽ കോഹ്‍ലിക്ക് ഉറച്ച പിന്തുണ നൽകാൻ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം. കോഹ്‍ലിയുടെ 149 റൺസ് കഴഞ്ഞാൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ ശിഖർ ധവാൻ നേടിയ 26 റണ്‍സായിരുന്നു!

ഭാഗ്യം ധീരനെ (കോഹ്‍ലിയെ) കാക്കും

ഭാഗ്യം ധീര‍ൻമാരെ തുണയ്ക്കും എന്ന പഴമൊഴി എത്രയോ ശരി! എജ്ബാസ്റ്റനിലെ ചരിത്രം കുറിച്ച ഇന്നിങ്സിനിടെ രണ്ടു തവണയാണ് കോഹ്‍ലി പുറത്താകലിൽനിന്ന് രക്ഷപ്പെട്ടത്. വ്യക്തിഗത സ്കോർ 21ൽ കോഹ്‌ലിയെ ജയിംസ് ആൻഡേഴ്സന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ  ഡേവിഡ് മാലൻ കൈവിട്ടു. അർധ സെഞ്ചുറി കടന്നയുടൻ അതേ പൊസിഷനിൽ ഒരിക്കൽക്കൂടി മാലൻ കോഹ്‌ലിക്കു ലൈഫ് നൽകി. ഇക്കുറി ബെൻ സ്റ്റോക്സായിരുന്നു നിർഭാഗ്യവനായ ബോളറുടെ സ്ഥാനത്ത്.

കൈവിട്ട ക്യാച്ചുകളിൽനിന്നും ഊതിക്കാച്ചിയെടുത്ത ഇന്നിങ്സ് ആണെന്നതൊന്നും ആ ഇന്നിങ്സിന്റെ മാറ്റ് കുറയ്ക്കുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളുടെ കൂട്ടത്തിൽ എണ്ണേണ്ടതുതന്നെ ഇത്.

‘മൈക്ക് ഡ്രോപ് ’ ആഘോഷം, മോതിരത്തിൽ ചുംബനം

ഇംഗ്ലണ്ടിലെ കന്നി സെഞ്ചുറിനേട്ടം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ആഘോഷിച്ചത് കഴുത്തിലെ ചെയിനിൽ കൊരുത്തിട്ട വിവാഹ മോതിരത്തിൽ ചുംബിച്ച്.  മുൻപു പലവട്ടവും വിവാഹ മോതിരത്തിൽ ചുംബിച്ചു ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയ്ക്കു കോഹ്‌ലി സെഞ്ചുറി നേട്ടം സമർപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ റണ്ണൗട്ടാക്കിയതിനു ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ‘മൈക്ക് ഡ്രോപ്’ (മൈക്ക് താഴേക്കിടുന്ന ആംഗ്യത്തോടുകൂടിയുള്ള) ആഘോഷവും സമൂഹ മാധ്യമങ്ങളിൽ തരംഗമായി തുടരുകയാണ്. ആദ്യ ദിനം 80 റൺസെടുത്ത ജോ റൂട്ട് റണ്ണൗട്ടായി മടങ്ങുമ്പോഴായിരുന്നു കോഹ്‌ലിയുടെ ആഘോഷം. പവിലിയനിലേക്ക് വിരൽ ചൂണ്ടി ചുംബനത്തിന്റെ ആംഗ്യമാണു കോഹ്‌ലി ആദ്യം പുറത്തെടുത്തത്. പിന്നീടിത് മൈക്ക് ഡ്രോപ്പിലേക്കു വഴിമാറുകയായിരുന്നു.

വിജയിച്ചതായി കണക്കാക്കി സംസാരം അവസാനിച്ചിരിക്കുന്നു എന്നു പ്രകടമാക്കുംവിധം മൈക്ക് താഴേക്കിടുന്ന ആംഗ്യത്തെയാണു മൈക്ക് ഡ്രോപ് എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര നേട്ടം റൂട്ട് ആഘോഷിച്ചതും മൈക്ക് ഡ്രോപ് ആംഗ്യത്തിലൂടെയാണ്. ഇതിനുള്ള മറുമരുന്നായിരുന്നു കോഹ്‌ലിയുടെ ആഘോഷം.

related stories