Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലി അജയ്യനല്ല, ഞങ്ങൾ പുറത്താക്കും: ആൻഡേഴ്സൻ

anderson-kohli ജയിംസ് ആന്‍ഡേഴ്സൻ, വിരാട് കോഹ്‍ലി.

ബിർമിങ്ങാം∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അജയ്യനൊന്നുമല്ലെന്ന് ഇംഗ്ലണ്ടിന്റെ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബോളർ ജയിംസ് ആന്‍ഡേഴ്സൻ. ഇംഗ്ലിഷ് ബോളർമാർക്ക് പുറത്താക്കാൻ പറ്റാത്ത താരമൊന്നുമല്ല കോഹ്‍ലി. സ്ലിപ്പിലെ ഫീൽഡർമാർ കൈവിട്ടതുകൊണ്ടാണ് ഒന്നാം ഇന്നിങ്സിൽ കോഹ്‍ലി സെ‍ഞ്ചുറി നേടിയതെന്നും ആൻഡേഴ്സൻ അഭിപ്രായപ്പെട്ടു. ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളിക്കുശേഷമാണ് ആൻഡേഴ്സന്റെ പ്രതികരണം.

ലോക രണ്ടാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായ വിരാട് കോഹ്‍ലിയും ഒന്നാം നമ്പർ ടെസ്റ്റ് ബോളറായ ജയിംസ് ആൻഡേഴ്സനും തമ്മിലുള്ള പോരാട്ടമാകും ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് മാനസിക മുൻതൂക്കം ലക്ഷ്യമിട്ട് ആൻഡേഴ്സന്റെ ആക്രമണം. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെ‍ഞ്ചുറി നേടിയ കോഹ്‍ലിയെ രണ്ടു തവണ ഇംഗ്ലിഷ് ഫീൽഡര്‍മാർ കൈവിട്ടിരുന്നു. വ്യക്തിഗത സ്കോർ 21ൽ നിൽക്കെ ജയിംസ് ആന്‍ഡേഴ്സന്റെ പന്തിലും 51ൽ നിൽക്കെ ബെൻ സ്റ്റോക്സിന്റെ പന്തിലും സ്ലിപ്പിൽ ഡേവിഡ് മാലനാണ് കോഹ്‍ലിയെ കൈവിട്ടത്.

തുടർന്ന് സെഞ്ചുറിയിലേക്കു കുതിച്ച കോഹ്‍ലി ഒടുവിൽ 149 റൺസെടുത്താണ് പുറത്തായത്. കൂട്ടത്തകർത്തകർച്ച നേരിട്ട ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങിനിർത്തിയ കോഹ്‍ലി ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 287 റൺസിന് 13 റൺസ് അകലെവരെ ഇന്ത്യയെ എത്തിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ മുൻനിര കൂട്ടത്തോടെ തകർന്നെങ്കിലും 43 റൺസുമായി ക്രീസിലുള്ള കോഹ്‍ലിയെ പുറത്താക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല. 84 റൺസ് കൂടി വിജയത്തിലേക്ക് വേണമെന്നിരിക്കെ, അഞ്ച് വിക്കറ്റ് കൈവശമുള്ള ഇന്ത്യയുടെ പ്രതീക്ഷയത്രെയും ക്യാപ്റ്റൻ കോഹ്‍ലിയിലാണ്.

ഒന്നാം ടെസ്റ്റിൽ കോഹ്‍ലിക്കെതിരെ ഇതുവരെ ബോൾ ചെയ്ത രീതിയിൽ ഞാൻ പൂർണ തൃപ്തനാണ്. ഒന്നാം ഇന്നിങ്സിൽ ഒന്നുരണ്ടു തവണ കോഹ്‍ലിയെ പുറത്താക്കുന്നതിന്റെ വക്കിലെത്തിയതാണ് ഞാൻ. കഴിഞ്ഞ ദിവസം കോഹ്‍ലിയെ 20 റൺസിൽ പുറത്താക്കാൻ അവസരം ലഭിച്ചതാണ്. അതുകൊണ്ട് എത്ര മികച്ച താരമാണ് കോഹ്‍ലിയെന്നതിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല – ആൻഡേഴ്സൻ പറഞ്ഞു.

വ്യക്തിഗത സ്കോർ 21ൽ നിൽക്കെ കോഹ്‍ലിയെ കൈവിടുന്നത് ഒരുവിധത്തിലും നല്ലതല്ല. കാരണം സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അയാൾ. ഒരു അവസരം കൊടുത്താൽ അതു മുതലാക്കാൻ കോഹ്‍ലിക്ക് സാധിക്കും. ഒന്നാം ഇന്നിങ്സിൽ കണ്ടതും അതുതന്നെ. അവസരങ്ങൾ വേണ്ടവിധത്തിൽ മുതലെടുത്തിരുന്നെങ്കിൽ ഈ ടെസ്റ്റിൽ തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ നിൽക്കേണ്ട ടീമാണ് ഇംഗ്ലണ്ട്. എന്തായാലും ലോക ക്രിക്കറ്റിൽ അജയ്യരായി ആരുമില്ല. കോഹ്‍ലിയെ പുറത്താക്കാൻ ഞങ്ങൾക്കു കഴിയും – ആൻഡേഴ്സൻ പറഞ്ഞു.

വാലറ്റത്തെ സംരക്ഷിച്ചുനിർത്തി ബാറ്റു ചെയ്യാൻ അറിയാവുന്ന താരമാണ് കോഹ്‍ലിയെന്നും ആൻഡേഴ്സൻ ചൂണ്ടിക്കാട്ടി. ഒന്നാം ഇന്നിങ്സിൽ നമ്മളത് കണ്ടതാണ്. അതുകൊണ്ടുതന്നെ ജയിക്കുന്നതിന് കോഹ്‍ലിയെ എത്രയും വേഗം പുറത്തേക്കണ്ടത് ആവശ്യമാണ്.

ഈ മൽസരം ജയിക്കാനുള്ള സുവർണാവസരമാണ് ഞങ്ങൾക്കു മുന്നിലുള്ളത്. എല്ലാ ക്ഷീണവും മാറ്റി രാവിലെ കളത്തിലിറങ്ങുമ്പോൾ എത്രയും വേഗം ഇന്ത്യയെ ചുരുട്ടിക്കെട്ടാൻ തന്നെയാകും ശ്രമം. പരമാവധി 25–30 ഓവറിനുള്ളിൽ മൽസരം തീർക്കണം – ആൻഡേഴ്സൻ പറഞ്ഞു.

ഒന്നാം ഇന്നിങ്സിലേതിനു സമാനമായി ബാറ്റു ചെയ്യാൻ കോഹ്‍ലിക്കു സാധിച്ചാൽ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പാണ്. വാലറ്റക്കാരോടൊപ്പം ബാറ്റു ചെയ്യുമ്പോൾ പോലും കോഹ്‍ലി അനായാസം ഗ്യാപ്പുകൾ കണ്ടെത്തി കളിച്ചു. അന്ന് കോഹ്‍ലി കളിച്ച കളി മികച്ചതായിരുന്നുവെന്ന് സമ്മതിച്ചേ തീരൂ.

ഞങ്ങൾക്ക് ഇനി വേണ്ടത് അഞ്ച് വിക്കറ്റുകളാണ്. അത് എത്രയും േവഗം നേടുകയും വേണം. അല്ലെങ്കിൽ ഇന്ത്യ ആവശ്യമായ റൺസ് കണ്ടെത്തും. ആദ്യ 15–20 ഓവറിൽത്തന്നെ കഴിയുന്നത്ര വേഗത്തിൽ എല്ലാവരെയും പുറത്താക്കാനാണ് ശ്രമം. ആവേശകരമായ മൽസരം തന്നെയാകും നാലാം ദിനം നടക്കുകയെന്നും ആൻഡേഴ്സൻ അഭിപ്രായപ്പെട്ടു.

related stories