Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിയുടെ ക്യാപ്റ്റൻസിയും തോൽവിക്ക് കാരണമായി: നാസർ ഹുസൈൻ

hussain-kohli നാസർ ഹുസൈൻ, വിരാട് കോഹ്‍ലി.

ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഐതിഹാസിക പ്രകടനത്തെ പുകഴ്ത്തുമ്പോഴും, 31 റൺസ് തോൽവിയിൽ ക്യാപ്റ്റനെ നിലയിൽ കോഹ്‍ലിക്കും വ്യക്തമായ പങ്കുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. തോൽവിയുടെ ഉത്തരവാദിത്തം കോഹ്‍ലി കൂടി ഏറ്റെടുക്കണമെന്നും നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു.

കളിയിൽ കോഹ്‌ലിയുടെ പ്രകടനം ഉജ്വലമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനം കോ‍ഹ്‍ലിയുടെ ടീമിനെ വിജയികളുടെ പക്ഷത്ത് നിർത്തേണ്ടതായിരുന്നു. കളിയിൽ പിന്നാക്കം പോയ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന് പൊരുതാവുന്ന നിലയിലെത്തിച്ചത് കോഹ്‍ലി ഒറ്റയ്ക്കാണ്. എങ്കിലും തോൽവിയിലും കോഹ്‍ലിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ പക്ഷം – ഹുസൈൻ പറഞ്ഞു.

രണ്ടാം ഇന്നിങ്സിൽ ആദിൽ റഷീദും സാം കറനും ബാറ്റു ചെയ്യാനെത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഈ സമയത്താണ് എന്തോ കാരണത്താൽ ഒരു മണിക്കൂറോളം ബോളിങ്ങിൽനിന്ന് രവിചന്ദ്രൻ അശ്വിനെ മാറ്റിനിർത്തിയത്. അശ്വിൻ തിരിച്ചെത്തിയപ്പോഴേക്കും ഇരുവരും ക്രീസിൽ നിലയുറപ്പിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് കോഹ്‍ലി ശരിക്ക് ചിന്തിക്കണം. ഇരുപതു വയസ്സു മാത്രം പ്രായമുള്ള ഒരു ഇടംകയ്യൻ താരം ക്രീസിൽ നിൽക്കുമ്പോൾ, ഇടംകയ്യൻമാർക്കെതിരെ മികച്ച റെക്കോർഡുള്ള അശ്വിനെ ബോൾ ചെയ്യിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? – നാസർ ഹുസൈൻ ചോദിക്കുന്നു.

ഇന്ത്യയ്ക്കെതിരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച സാം കറനെയും ഹുസൈൻ വാനോളം പുകഴ്ത്തി. ഒന്നാം ടെസ്റ്റിൽ കോഹ്‍ലി 200 റൺസ് നേടിയെന്ന് ഇന്ത്യക്കാർ പറഞ്ഞേക്കാം. എങ്കിലും ഈ മൽസരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് ആരാണ്? വെറും ഇരുപതു വയസ്സ് മാത്രം പ്രായമുള്ളൊരു പയ്യൻ. അതൊരു വലിയ നേട്ടമാണ്. രണ്ട് ഇന്നിങ്സിന്റെയും ദിശ മാറ്റിയതും കറനായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസ് എടുത്തപ്പോഴാണ് കറൻ ബോൾ ചെയ്യാനെത്തുന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു. രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ ഏഴിന് 87 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിന്റെ രക്ഷകനായതും കറൻ തന്നെ – ഹുസൈൻ ചൂണ്ടിക്കാട്ടി.

related stories