Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെട്ടും തിരുത്തും വേണ്ട; ടീമിനെ വിശ്വസിക്കൂ: കോഹ്‍ലിയോട് ഗാംഗുലി

kohli-ganguly

കൊൽക്കത്ത∙ ആദ്യ ടെസ്റ്റിലെ തോൽവിയുടെ പേരിൽ ടീമിനെ പൂർണമായും ഉടച്ചുവാർക്കാൻ പോയാൽ അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്. ടീമംഗങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് തോറ്റ സാഹചര്യത്തിൽ ടീമിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ടെസ്റ്റ് മൽസരത്തിൽ ജയിക്കണമെങ്കിൽ എല്ലാവരും സ്കോർ ചെയ്തേ മതിയാകൂ എന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിലെ ഒരു മൽസരം മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഇനിയും നാലു മൽസരങ്ങൾ നടക്കാനുണ്ട്. തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ ടീമിന് സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം – ഗാംഗുലി ഇൻസറ്റഗ്രാമിൽ കുറിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള മുരളി വിജയും അജിങ്ക്യ രഹാനെയും കുറച്ചുകൂടി നിശ്ചയദാർഢ്യം കാട്ടണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ട ഓപ്പണർ മുരളി വിജയ് 20, ആറ് എന്നിങ്ങനെയാണ് എജ്ബാസ്റ്റനിൽ സ്കോർ ചെയ്തത്. 15, രണ്ട് എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്കോറുകൾ.

ക്യാപ്റ്റനാണ് തോൽവിക്കു കാരണമെന്ന് താൻ കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. ആരു ക്യാപ്റ്റനായാലും വിജയങ്ങളിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നതുപോലെ പരാജയങ്ങളിൽ വിമർശനങ്ങളും സ്വാഭാവികമാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.

തന്റെ ടീമിലുള്ളവർക്ക് മികവു കാട്ടാൻ കൂടുതൽ അവസരം നൽകുകയാണ് കോഹ്‍ലി ചെയ്യേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ഫോമില്ലായ്മയുടെ പേരിൽ താരങ്ങളെ പുറത്തിരുത്തും മുൻപ് അവർക്ക് മതിയായ അവസരം നൽകണം. പേസിനും സ്വിങ്ങിനും ആവശ്യത്തിലധികം പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിൽ ടീമിൽനിന്നും പുറത്താക്കുന്നത് ശരിയല്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇതുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് – ഗാംഗുലി കുറിച്ചു.

അതേസമയം, എപ്പോഴും ഇത്തരം ഒഴികഴിവുകൾക്ക് സ്ഥാനമില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. 2011ലും 2014ലും നമുക്ക് ഇവിടെ പരമ്പര നഷ്ടമായിരുന്നു. ഇക്കുറി നാമത് നേടിയേ തീരൂ. ബാറ്റിങ് നിര താളം കണ്ടെത്തണം. ഓസ്ട്രേലിയൻ പിച്ചുകളിൽ പേസ് ലഭിക്കുന്നതുപോലെ ഇംഗ്ലണ്ടിൽ സ്വിങ് ലഭിക്കുമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. – ഗാംഗുലി ചൂണ്ടിക്കാട്ടി.

ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ക്യാപ്റ്റന് സാധിക്കണം. ഇത് ക്യാപ്റ്റന്റെ ടീമാണ്. താരങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കാൻ അയാൾക്കേ കഴിയൂ. സഹതാരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച്, തനിക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കുമെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. എല്ലാവർക്കും മതിയായ സമയം നൽകാനും ധൈര്യപൂർവം കളിക്കാനുള്ള ആത്മവിശ്വാസം പകരാനും ക്യാപ്റ്റനു സാധിക്കണം – ഗാംഗുലി ചൂണ്ടിക്കാട്ടി.

ഒരു കളിയിലെ പരാജയത്തിന്റെ പേരിൽ പുറത്തിരുത്തിയാൽ, തന്നിൽ ടീം മാനേജമെന്റിന് വിശ്വാസമില്ലെന്ന തോന്നൽ കളിക്കാർക്ക് വന്നേക്കാമെന്നും ഗാംഗുലി മുന്നറിയിപ്പു നൽകി. ഒറ്റക്കെട്ടായി നിന്ന് വിജയത്തിനായി ശ്രമിക്കണം. ഇതിന് വിദേശ പരമ്പരളിൽ മികവുകാട്ടിയിട്ടുള്ള മുൻ ടീമുകളെ മാതൃകയാക്കാം. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് എന്നിവർക്കൊപ്പം താനും കൂടി ചേർന്ന് നേടിയിട്ടുള്ള വിജയങ്ങൾ പ്രചോദനമാകണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.