Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 ദിവസം അവധി കിട്ടിയപ്പോൾ കളിക്കാർ യൂറോപ്പിൽ പോയി: വിമർശനവുമായി ഗാവസ്കർ

Sunil Gavaskar

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനു മുൻപുള്ള ഇന്ത്യൻ ടീമിന്റെ തയാറെടുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ നായകൻ സുനിൽ ഗാവസ്കർ. എട്ടു ദിവസത്തെ പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങൾ (ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യും, അയർലന്‍ഡിനെതിരെ രണ്ട് ട്വന്റി20) മാത്രമാണ് ഇന്ത്യ കളിച്ചത്. അതിനുശേഷം അഞ്ചു ദിവസം താരങ്ങൾക്ക് അവധി കൊടുത്തു. അവർ യൂറോപ്യൻ പര്യടനത്തിനു പോയി. ഇത് തയാറെടുപ്പല്ല. ഒരു പരമ്പര കഴിയുമ്പോൾ മറ്റൊരു ഫോർമാറ്റിലേക്കു മാറുന്നതിനു മുൻപു വിശ്രമം വേണമെന്നത് മനസിലാകും. എന്നാൽ അഞ്ചു ദിവസത്തെ ഇടവേള നൽകുന്നതു മോശമാണ്.

മൽസരങ്ങൾ തമ്മിൽ മൂന്നു ദിവസത്തെ ഇടവേളയാണ് അനുയോജ്യം. –ഗാവസ്കർ പറഞ്ഞു. ആദ്യ ഔദ്യോഗിക ഫസ്റ്റ് ക്ലാസ് മൽസരത്തെ വെറും പരിശീലന അവസരമായി കണ്ടതിനെയും ഗാവസ്കർ വിമർശിച്ചു. 18 താരങ്ങൾ ത്രിദിന മൽസരത്തിൽ പങ്കെടുത്തിരുന്നു. ‘‘ 11 പേരെ ഉൾപ്പെടുത്തി രണ്ടു ഫസ്റ്റ് ക്ലാസ് മൽസരങ്ങളെങ്കിലും ടീം കളിക്കണമായിരുന്നു.’’– ഗാവസ്കർ പറഞ്ഞു.

പേസും ബൗണ്‍സുമുള്ള പിച്ചിൽ വേഗതയേറിയ പന്തുകൾ കളിക്കുന്നതിൽ ഇന്ത്യൻ താരങ്ങൾക്കുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം ആദ്യ ടെസ്റ്റോടെ വെളിപ്പെട്ടതായും ഗാവസ്കർ ചൂണ്ടിക്കാട്ടി. ഒരു പരമ്പരയ്ക്കുശേഷം അടുത്ത ഫോർമാറ്റിലേക്ക് മാറുന്നതിനു മുൻപ് ചെറിയ ഇടവേള വേണമെന്നത് മനസ്സിലാക്കാം. തുടർച്ചയായി അഞ്ചു ദിവസം ഇടവേള നൽകുന്നതിന്റെ സാംഗത്യമെന്താണ്? മൽസരങ്ങളുടെ ഇടവേളകളിൽ മൂന്നു ദിവസം വീതം ഇടവേള നൽകാമെന്നതല്ലാതെ ഒരുമിച്ച് അഞ്ചു ദിവസത്തെ ഇടവേള അനുവദിക്കുന്നത് ശരിയല്ല – ഗാവസ്കർ പറഞ്ഞു.

പരിശീലന മൽസരങ്ങളെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കമായിത്തന്നെ കാണണം. അതേ ഗൗരവത്തിൽ വേണം പരിശീലന മൽസരങ്ങളെ കാണാൻ. ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചത് എന്താണ്? ആകെയുള്ള പരിശീലന മൽസരം തന്നെ റദ്ദാക്കി. ഫലം രണ്ടു ടെസ്റ്റുകളിൽ തോറ്റ് പരമ്പരയും അടിയറവുവച്ചു – ഗാവസ്കർ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഒരു മാസത്തെ പരിചയമുണ്ടെന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ലെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. അടുത്ത ടെസ്റ്റിനുള്ള ടീമിൽ ഒരു അധിക ബാറ്റ്സ്മാനെ കൂടി ഉൾപ്പെടുത്തണമെന്നും ഗാവസ്കർ നിർദ്ദേശിച്ചു. വിദേശ പിച്ചുകളിൽ ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. തങ്ങളിൽ തന്നെ വിശ്വസിക്കുകയാണ് താരങ്ങള്‍ ചെയ്യേണ്ടത്. എനിക്ക് ഈ ടീമിൽ വിശ്വാസമുണ്ട് – ഗാവസ്കർ പറഞ്ഞു.

related stories