Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാംഗുലിയുടെ റൂമിൽ വെള്ളം കോരി നിറച്ച സച്ചിൻ, കൂട്ടിന് കാംബ്ലിയും !

Ganguly and Sachin

ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച താരങ്ങളാണ് സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും. കളത്തിലും പുറത്തും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചവർ. ഏകദിന മൽസരങ്ങളിൽ ഇന്ത്യയ്ക്കായി ഇരുവരും ഓപ്പൺ ചെയ്തിരുന്ന കാലം ഓർക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ നിർണായകമായിരുന്നു ഈ ഇടംകൈ–വലംകൈ കൂട്ടുകെട്ട്.

അടുത്തിടെ ഒരു ടിവി ചാറ്റ് ഷോയിൽ സച്ചിനുമായുള്ള ബന്ധത്തെക്കുറിച്ചും സച്ചിനെ പരിചയപ്പെട്ടതിനെക്കുറിച്ചുമെല്ലാം ഗാംഗുലി വെളിപ്പെടുത്തി. ഇരുവരും തമ്മിലുള്ള ഹൃദയബന്ധവും ആരാധകർക്കായി അദ്ദേഹം തുറന്നുപറഞ്ഞു.

സച്ചിന്റെ ക്രിക്കറ്റ് കരിയർ തൊട്ടടുത്ത് നിന്ന് കാണാൻ ഭാഗ്യം ലഭിച്ച ആളാണു ഞാൻ. 14–ാം വയസ്സു മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ അടുപ്പം. പിന്നീട് ഒട്ടേറെ മൽസരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഇന്ത്യയ്ക്കായി ഇന്നിങ്സുകൾ ഓപ്പൺ ചെയ്തു. അതുകൊണ്ടുതന്നെ സച്ചിന്റെ ഉള്ളറിയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ക്രീസിൽ അദ്ദേഹം ചെയ്യാൻ പോകുന്ന കാര്യങ്ങൾ, എവിടെ കളിക്കാനാണ് കൂടുതൽ താൽപര്യം, അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യങ്ങൾ... അങ്ങനെ എല്ലാം എനിക്ക് വ്യക്തമായി അറിയാം – ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുടെ വാക്കുകളിലൂടെ:

∙ പരിചയപ്പെട്ട വഴി

ഒരു ദേശീയ ക്യാംപിൽവച്ചാണ് ആദ്യമായി സച്ചിനെ കാണുന്നത്. അന്ന് എനിക്ക് 14 വയസ്സേയുള്ളൂ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരുന്നതിനാൽ ഞാനും റൂമിലുള്ള സഹതാരവും ഉറങ്ങാൻ പോയി. വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ എഴുന്നേൽക്കുമ്പോൾ റൂമിലാകെ വെള്ളം. എന്റെ സ്യൂട്ട്കേസ് എല്ലാം വെള്ളത്തിൽ ഒഴുകി നടക്കുകയാണ്. റൂമിലെ പൈപ്പ് പൊട്ടിയതാകുമെന്നാണ് ആദ്യം കരുതിയത്. നോക്കുമ്പോൾ പൈപ്പിന് തകരാറില്ല. വാതിൽ തുറന്നുനോക്കിയപ്പോൾ കണ്ട കാഴ്ച! സച്ചിനും വിനോദ് കാംബ്ലിയും കൂടി ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് റൂമിലേക്ക് ഒഴിച്ചുവിടുന്നു. വാതിൽ തുറക്കുമ്പോൾ അടുത്ത ബക്കറ്റ് വെള്ളം റൂമിലേക്ക് കമത്താനുള്ള ശ്രമത്തിലായിരുന്നു അവർ.

എന്താണ് ഈ കാണിക്കുന്നതെന്ന് ഞാൻ ചോദിച്ചു. വൈകുന്നേരം കിടന്നുറങ്ങുന്നത് എന്തിനെന്ന മറുചോദ്യമായിരുന്നു മറുപടി. ഉച്ചകഴിഞ്‍ ഉറങ്ങുന്നത് ഗുരുതരമായ തെറ്റുവല്ലതുമാണോയെന്ന് ഞാൻ ചോദിച്ചു. ‘വരൂ, ടെന്നിസ് ബോളുകൊണ്ട് ക്രിക്കറ്റ് കളിക്കാം’ എന്ന് അവർ പറഞ്ഞു. നിങ്ങൾക്ക് വാതിലിൽ മുട്ടി എന്നെ ഉണർത്താമായിരുന്നില്ലേയെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.

സച്ചിനെ ഞാൻ അന്ന് ആദ്യമായി കാണുകയായിരുന്നു. നീളൻ മുടിയൊക്കെയുള്ള ഒരു പയ്യൻ. ബോംബെയിൽനിന്നുള്ള ആ ‘താരം’ അന്നുതന്നെ പ്രശസ്തനായിരുന്നു. നെറ്റ്സിൽ പരിശീലിക്കാൻ പോയാൽ സച്ചിനെ തിരിച്ചുകൊണ്ടു വരാൻ അന്നേ പാടാണ്. എപ്പോഴും സച്ചിൻ തന്നെ ബാറ്റ് ചെയ്യും. മറ്റുള്ളവർക്കു കൂടി ബാറ്റു ചെയ്യാനാണ് ദേശീയ ക്യാംപെന്ന് പറഞ്ഞ് പരിശീലകർ നിർബന്ധിച്ച് മാറ്റിനിർത്തുകയാണ് പതിവ്. മറ്റുള്ളവരിൽ വ്യത്യസ്തനാണ് സച്ചിനെന്ന് എനിക്കന്ന് തന്നെ തോന്നിയിരുന്നു.

∙ സച്ചിനെന്ന സ്വപ്നാടകൻ

ഇംഗ്ലണ്ടിലെ ഒരു പര്യടനത്തിൽ എന്റെ റൂം മേറ്റായിരുന്നു സച്ചിൻ. ഒരു ദിവസം രാത്രിയിൽ ഞെട്ടിയുണർന്ന ഞാൻ സച്ചിൻ റൂമിലൂടെ നടക്കുന്നതു കണ്ടു. ബാത് റൂമിൽ പോയതായിരിക്കുമെന്നു കരുതി ഞാൻ തിരിഞ്ഞുകിടന്നു. അതേക്കുറിച്ച് ഒന്നും ചോദിച്ചുമില്ല. രണ്ടാമത്തെ ദിവസവും രാത്രിയിൽ സച്ചിൻ റൂമിലൂടെ നടക്കുന്നതു കണ്ടു. വാച്ചിൽ നോക്കുമ്പോൾ സമയം പുലർച്ചെ 1.30. ഈ സമയം സച്ചിൻ എന്തു ചെയ്യുകയാണെന്ന് ഞാൻ അതിശയിച്ചു. എഴുന്നേറ്റ് റൂമിൽ ചുറ്റി നടന്ന സച്ചിൻ കുറച്ചുനേരം കസേരയിൽ പോയിരുന്നു. പിന്നെ എഴുന്നേറ്റ് വന്ന് ഒന്നും മിണ്ടാതെ എന്റെ സമീപത്തു കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പോൾ തന്നെ രാത്രിയിലെ കാര്യം ഞാൻ ചോദിച്ചു. പാതിരാത്രി എഴുന്നേറ്റിരുന്ന് എന്തു ചെയ്യുകയാണെന്ന് ചോദിച്ചപ്പോൾ സച്ചിന്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന് രാത്രിയിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടത്രേ.

∙ രാത്രിയിലെ പ്രാക്ടിസ്

കളത്തിൽ അധികം റൺസ് സ്കോർ ചെയ്യാൻ സാധിക്കാതെ പോകുന്ന ദിവസങ്ങളിൽ സച്ചിന് വല്ലാത്ത സങ്കടമായിരുന്നു. എന്റെ കനം കൂടിയ ബാറ്റ് ഉപയോഗിച്ചൊക്കെ നിരന്തരം പരിശീലന‍ം നടത്തും. 1991–92ലെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ സമയത്ത് എന്റെ റൂം മേറ്റ് സച്ചിനായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും സച്ചിന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

പിറ്റേന്നുമുതൽ ഞാൻ നോക്കുമ്പോൾ സച്ചിൻ പുലർച്ചെ രണ്ടു മണിക്ക് എഴുന്നേറ്റ് റൂമിനുള്ളിൽ ബാറ്റിങ് പരിശീലനം നടത്തുന്നതാണ് കണ്ടത്. ആ ദിവസങ്ങളിലെല്ലാം അതു തുടർന്നു. തുടർച്ചയായി ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയത് സച്ചിനെ അത്രയേറെ വിഷമിപ്പിച്ചിരുന്നു. എന്തായാലും സിഡ്നിയിൽ നടന്ന അടുത്ത ടെസ്റ്റിൽ സച്ചിൻ സെ‍ഞ്ചുറി നേടുകയും ചെയ്തു!