Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റിലെ ഒന്നാം റാങ്കിൽ ഏഴ് ഇന്ത്യക്കാർ; ഏറ്റവുമുയരെ കോഹ്‍ലി

sachin-kohli

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്തെടുത്ത ഉജ്വല പ്രകടനത്തിനു പിന്നാലെ, ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയിരിക്കുന്നു. രണ്ടര വർഷത്തിലധികമായി ഈ നേട്ടം കൈവശം വച്ചിരുന്ന ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‍ലി ഒന്നാമനായത്. 2011ൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ഒന്നാം സ്ഥാനത്തെത്തിയശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുന്നു കോഹ്‍ലി.

സച്ചിനും കോഹ്‍ലിക്കും മുൻപേ സുനിൽ ഗാവസ്കർ, ദിലീപ് വെങ്‌സർക്കാർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ എന്നിവർ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയിട്ടുണ്ട്. എങ്കിലും ഇവരേക്കാളെല്ലാം ഉയരത്തിലാണ് കോഹ്‍ലിയുടെ സ്ഥാനം. കാരണം, ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റോടെ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യക്കാരനാണ് കോഹ്‍ലി.

ഗാവസ്കറിന് 916, കോഹ്‍ലിക്ക് 934

കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‍ലി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്. ശനിയാഴ്ച സമാപിച്ച എജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് തോറ്റെങ്കിലും, കോഹ്‍ലി പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ടെസ്റ്റ് കരിയറിലെ 22–ാം സെഞ്ചുറി നേടിയ കോഹ്‍ലി, രണ്ടാം ഇന്നിങ്സിൽ 17–ാം അർധസെഞ്ചുറിയും നേടി തകർപ്പൻ ഫോമിലായിരുന്നു. ഇംഗ്ലണ്ട് മണ്ണിൽ കോഹ്‍ലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്.

Indian Test Players-World Ranking

ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോൾ റാങ്കിങ്ങിൽ രണ്ടാമതായിരുന്നു കോഹ്‍ലി. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ സസ്പെൻഷൻ നേരിടുന്ന സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാമത്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പ്രകടനം കോഹ്‍ലിയെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചു. അതേസമയം, രണ്ടാം റാങ്കിലുള്ള സ്മിത്ത് സസ്പെൻഷൻ മൂലം കഴിഞ്ഞ മാർച്ച് മാസത്തിനുശേഷം കളത്തിലിറങ്ങിയിട്ടില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ കേപ്ടൗൺ ടെസ്റ്റിനിടെയാണ് പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് സ്മിത്ത് സസ്പെൻഷനിലായത്. അതേസമയം, ഇക്കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മൽസരം കളിച്ചശേഷം ഇന്ത്യ ടെസ്റ്റ് കളിക്കുന്നതും ഇതാദ്യം.

ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിങ് പോയിന്റിലെത്തിയിട്ടുള്ള താരം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാനാണ്. 961 പോയിന്റ്. ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ കോഹ്‍ലിക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് ഈ പട്ടികയിലും രണ്ടാമതുണ്ട്. 947 പോയിന്റാണ് സ്മിത്ത് ഒരു ഘട്ടത്തിൽ നേടിയത്.

ആദ്യപത്തിൽ മാറ്റമില്ല, നേട്ടമുണ്ടാക്കി കറൻ

കോഹ്‍ലി സ്മിത്തിനെ മറികടന്നതല്ലാതെ പുതിയ റാങ്കിങ്ങിലെ ആദ്യ പത്തിൽ മറ്റു മാറ്റങ്ങളില്ല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് പട്ടികയിൽ മൂന്നാമൻ. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ നാലാമതും ഓസീസ് താരം ഡേവിഡ് വാർണർ അഞ്ചാമതുമുണ്ട്. ആദ്യ പത്തിൽ മാറ്റമില്ലെങ്കിലും ഒന്നാം ടെസ്റ്റിലെ മോശം പ്രകടനം ഇന്ത്യൻ താരങ്ങളുടെ റാങ്കിങ്ങിൽ ഇടിവു വരുത്തി. ലോകേഷ് രാഹുൽ ഒരു സ്ഥാനം പിന്നോട്ടിറങ്ങി പത്തൊൻപതാമനായി. അജിങ്ക്യ രഹാനെ മൂന്നു സ്ഥാനം പിന്നിൽ ഇരുപത്തിരണ്ടാമതുമായി. രണ്ടു സ്ഥാനം പിന്നോട്ടിറങ്ങിയ മുരളി വിജയും ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ ശിഖർ ധവാനും 25–ാം സ്ഥാനം പങ്കിടുന്നു.

അതേസമയം, ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത ജോണി ബെയർസ്റ്റോ നാലു സ്ഥാനം കയറി പന്ത്രണ്ടാമതെത്തി. വെസ്റ്റ് ഇൻഡീസ് താരം ക്രെയ്ഗ് ബ്രാത്‌വയ്റ്റും പന്ത്രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ സാം കറനും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച ഇരുപതുകാരൻ കറൻ, 80 സ്ഥാനങ്ങൾ കയറി 72ലെത്തി. ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയും എഴുപത്തിരണ്ടാം റാങ്കിലുണ്ട്. കോഹ്‍ലിക്കു പുറമെ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ഡ്യ 10 സ്ഥാനം കയറി 57–ാം റാങ്കിലെത്തി.

റാങ്കിങ്ങിൽ അഞ്ചാമൻ, ടീമിന് പുറത്ത്

ബോളർമാരിൽ ജയിംസ് ആന്‍ഡേഴ്സൻ ഒന്നമതു തുടരുന്നു. കഗീസോ റബാഡ രണ്ടാമതും ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന രവീന്ദ്ര ജഡേജ മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്കൻ താരം വെർനോൻ ഫിലാൻഡർ നാലാമതും രവിചന്ദ്രൻ അശ്വിൻ അഞ്ചാം റാങ്കിലുമാണ്. ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ഒന്നാമത് ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസനാണ്. ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ രണ്ടാമതും രവിചന്ദ്രൻ അശ്വിൻ നാലാമതുമുണ്ട്.

ടീമുകളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ്, സിംബാബ്‌വെ എന്നിവരാണ് രണ്ടു മുതൽ 10 വരെ സ്ഥാനങ്ങളിൽ.

related stories