Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്ത് സച്ചിൻ പണ്ടേ ബെസ്റ്റ്, ഇപ്പോൾ കോഹ്‍ലിയും; ‘ചതി’ക്കുന്നത് കൂടെയുള്ളവർ

sachin-kohli സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‍ലി

ഇന്ത്യ പരാജയമേറ്റു വാങ്ങിയ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സ്കോർ ബോർഡ് ശ്രദ്ധിച്ചവർക്കറിയാം, ഈ മൽസരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നില്ല. മറിച്ച് കോഹ്‍ലിയും ഇംഗ്ലണ്ടും തമ്മിലായിരുന്നു! ഒന്നാം ടെസ്റ്റിൽ ഇന്ത്യ ആകെ നേടിയ 436 റൺസിൽ 200 റൺസും കോഹ്‍ലിയുടെ സംഭാവന. ബാക്കി പത്തുപേർ ചേർന്ന് നേടിയത് 214 റൺസ്. ഇനിയും മിച്ചമുള്ള 22 റൺസ് എക്സ്ട്രാ ഇനത്തിൽ ഇംഗ്ലണ്ട് ബോളർമാർ നൽകിയ സംഭാവന! ടീം ഗെയിമെന്ന നിലയിൽ ക്രിക്കറ്റിനെ പരിഗണിക്കുമ്പോൾ, ഇന്ത്യൻ ടീമിന്റേത് ഒട്ടും ആശാവഹമായ പ്രകടനമല്ല.

ഇന്ത്യൻ ടീമെന്നാൽ കോഹ്‍ലിയും ബാക്കിയുള്ളവരും എന്ന നിലയിൽ പ്രകടമായ വ്യത്യാസമാണ് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റോടെ വെളിപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പുലികളായ താരങ്ങൾ ഏറെയുണ്ടെങ്കിലും മറ്റു വിദേശ രാജ്യങ്ങളിൽ തീർത്തും ദയനീയമാണ് കോഹ്‍ലി ഒഴികെയുള്ളവരുടെ പ്രകടനം. കോഹ്‍ലിയുടെ പ്രകടനത്തോട് അൽപമെങ്കിലും തുലനം ചെയ്യാവുന്ന പ്രകടനം ഉപനായകൻ അജിങ്ക്യ രഹാനെയുടേതു മാത്രം. രഹാനെയാകട്ടെ, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തീർത്തും നിറം മങ്ങുകയും ചെയ്തു.

വർഷങ്ങളായി ക്രിക്കറ്റിനെ ശ്രദ്ധിക്കുന്നവർക്കറിയാം, 1990കളിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ വഹിച്ച റോളാണ് ഇന്നത്തെ ഇന്ത്യൻ ടീമിൽ കോഹ്‍‌ലിയുടേത്. ഏഷ്യയ്ക്കു പുറത്തുള്ള വിദേശരാജ്യങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ സച്ചിൻ ടീമിന്റെ രക്ഷകനാകുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ താരങ്ങൾ ടീമിലുള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. സച്ചിനൊപ്പമെത്തില്ലെങ്കിലും ബാക്കിയുള്ളവരെ വച്ചുനോക്കുമ്പോൾ ഭേദമായിരുന്നു ഗാംഗുലിയും ദ്രാവിഡും.

1990കളിലെ ഇന്ത്യ അഥവാ സച്ചിൻ

1991 നവംബർ മുതൽ 2001 ഡിംസബർ വരെയുള്ള കാലഘട്ടത്തിലാണ് ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യൻ ടീമെന്നാൽ സച്ചിൻ മാത്രമായി ഒതുങ്ങിയത്. ഈ കാലയളവിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ‘നരക’ത്തിൽ സച്ചിൻ കളിച്ചത് 23 ടെസ്റ്റ് മൽസരങ്ങളാണ്. 2013 ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങി ഇതുവരെയുള്ള കാലയളവിൽ ഇതേ രാജ്യങ്ങളിൽ വിരാട് കോഹ്‍ലി കളിച്ച 17 ടെസ്റ്റ് മൽസരങ്ങളെ ഇതുമായി തുലനം ചെയ്യണം. അതിശയിപ്പിക്കുന്ന ചില സമാനതകൾ നമുക്കു കാണാം.

ഈ കാലയളവിൽ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ സച്ചിൻ കളിച്ച 23 ടെസ്റ്റുകളിൽനിന്ന് 52.39 റൺസ് ശരാശരിയിൽ ആകെ നേടിയത് 1991 റൺസ്. ഒൻപതു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ഈ കാലയളവിൽ ടീം നേടിയ ആകെ റൺസിന്റെ 20.2 ശതമാനവും സച്ചിന്റെ സംഭാവനയായിരുന്നു.

ഇന്ത്യ നിലവിൽ കോഹ്‍ലി

ഇനി കോഹ്‍ലിയുെട കാര്യം. 2013 ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനം മുതലിങ്ങോട്ട് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലായി കളിച്ച 17 ടെസ്റ്റുകളിൽനിന്ന് 54.48 റൺസ് ശരാശരിയിൽ കോഹ്‍ലി നേടിയത് 1798 റൺസ്. എട്ട് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ളൾപ്പെടെയാണിത്. ഈ കാലയളവിൽ ടീം ആകെ നേടിയ റൺസിന്റെ 20.2 ശതമാനവും വന്നത് കോഹ്‍ലിയുടെ ബാറ്റിൽനിന്നുതന്നെ.

റൺശരാശരിയിൽ സച്ചിനേക്കാൾ അൽപം മുന്‍പിലാണ് കോഹ്‍ലിയെങ്കിലും ഈ കാലയളവിൽ ടീം ടോട്ടലിലേക്കുള്ള ഇവരുടെ സംഭാവനകൾ തമ്മിലുള്ള അതിശയകരമായ സമാനത കാണുക. ഇന്ത്യൻ ടീമിനെ ഇരുവരും ചുമലിലേറ്റിയ രീതിയിലുണ്ട്, അവരുടെ സർവ മഹത്വവും.

(കാര്യം ഇങ്ങനെയാണെങ്കിലും ‘റിസൾട്ട്’ ഉണ്ടാക്കുന്ന കാര്യത്തിൽ കോഹ്‍ലിയുടെ ടീമാണ് കുറച്ചുകൂടി മികച്ചത്. ഈ കാലയളവിൽ കോഹ്‍ലി കളിച്ച 17 മൽസരങ്ങളിൽ ഇന്ത്യ രണ്ടെണ്ണം ജയിച്ചപ്പോൾ 10 മൽസരങ്ങളാണ് തോറ്റത്. മറുവശത്ത് സച്ചിന്‍ കളിച്ച 23 ടെസ്റ്റുകളിൽ ഒന്നുപോലും ഇന്ത്യ ജയിച്ചില്ല. 13 എണ്ണം തോൽക്കുകയും ചെയ്തു.)

സ്ഥിരതയിൽ മുന്നിൽ സച്ചിൻ

കോഹ്‍ലി, സച്ചിൻ എന്നിവരുടെ ഇക്കാലയളവിലെ പ്രകടനത്തിൽ സച്ചിനെ വേറിട്ടുനിർത്തുന്ന ഘടകം സ്ഥിരതയാണ്. ഇരുവരും കളിച്ച വിദേശ പര്യടനങ്ങളിലെ റൺ ശരാശരി പരിഗണിച്ചാൽ ഈ വ്യത്യാസം മനസ്സിലാക്കാവുന്നതേയുള്ളൂ. സച്ചിന്റെ കാര്യത്തിൽ, 1994ൽ ന്യൂസീലൻഡിൽ കളിച്ച ഏക ടെസ്റ്റ് പരമ്പര ഒഴിച്ചുനിർത്തിയാൽ എല്ലാ പരമ്പരയിലും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും സച്ചിൻ നേടിയിട്ടുണ്ട്.

അതേസമയം, കോഹ്‍ലിയുടെ കരിയറിലെ ഏറ്റവും മോശം പരമ്പരയായ 2014ലെ ഇംഗ്ലണ്ട് പര്യടനമാണ് ഇക്കാര്യത്തിൽ കോഹ്‍ലിയെ സച്ചിനേക്കാൾ പിന്നോട്ടടിക്കുന്നത്. ഈ പരമ്പര ഒഴിച്ചുനിർത്തിയാൽ, ഈ കാലയളവിൽ ടീമിന്റെ ആകെ റൺസിൽ 25.45 ശതമാനം റൺസും കോഹ്‍ലിയുെട സംഭാവന തന്നെ.

കോഹ്‍ലിയുടെ പ്രകടനം ഇങ്ങനെ (പരമ്പര, ശരാശരി)

∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക (2013–14) – 68

∙ ഇന്ത്യ–ന്യൂസീലൻഡ് (2013–14) – 71.33

∙ ഇന്ത്യ–ഇംഗ്ലണ്ട് (2014) – 13.4

∙ ഇന്ത്യ–ഓസ്ട്രേലിയ (2014–15) – 86.5

∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക (2017–18) – 47.66

∙ ഇന്ത്യ–ഇംഗ്ലണ്ട് (2018) – 100

സച്ചിന്റെ പ്രകടനം ഇങ്ങനെ (പരമ്പര, ശരാശരി)

∙ ഇന്ത്യ–ഓസ്ട്രേലിയ (1991–92) – 46.00

∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക (1992–93) – 33.66

∙ ഇന്ത്യ–ഇംഗ്ലണ്ട് (1996) – 85.60

∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക (1996–97) – 40.16

∙ ഇന്ത്യ–ന്യൂസീലൻഡ് (1998–99) – 75.66

∙ ഇന്ത്യ–ഓസ്ട്രേലിയ (1999–2000) – 46.33

∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക (2001–02) – 64.33

‘ബാക്കിയുള്ളവരുടെ’ വഞ്ചന

വ്യക്തിഗത മികവിൽ ആകാശമുയരെ നിൽക്കുമ്പോഴും മിക്കപ്പോഴും ഇവരെ പരാജിതരുടെ പക്ഷത്തു നിർത്തുന്നത് ടീമിലെ മറ്റു താരങ്ങളുടെ തോൽവിയാണ്. ഇവരുടെ പ്രകടനവും ടീമിലെ ബാക്കിയുള്ളവരുടെ മൊത്തം പ്രകടനവും താരതമ്യം ചെയ്യുന്നതിലുണ്ട് ഈ വ്യത്യാസം.

മേൽപ്പറഞ്ഞ 17 ടെസ്റ്റുകളിൽ കോഹ്‍ലിയുടെ ബാറ്റിങ് ശരാശരി 54.48 റൺസായിരുന്നു. അതേസമയം, ഈ ടെസ്റ്റ് മൽസരങ്ങളിൽ കോഹ്‍ലി ഒഴികെയുള്ള ആദ്യ ഏഴു ബാറ്റ്സ്മാൻമാരുടെ ശരാശരി 28.13 റൺസ് മാത്രം. അതായത് ഇവരേക്കാൾ 1.94 ഇരട്ടിയാണ് കോഹ്‍ലിയുടെ റൺ ശരാശരി. മാത്രമല്ല, ഏഴു മുൻനിര ബാറ്റ്സ്മാൻ നേടിയതിനൊപ്പം സെഞ്ചുറി കോഹ്‍ലി ഒറ്റയ്ക്ക് നേടിയിട്ടുണ്ട്.

സച്ചിന്റെ കാര്യവും ഏതാണ്ട് സമാനമാണ്. സച്ചിനൊപ്പം ടീമിലുണ്ടായിരുന്ന ആദ്യ ഏഴു താരങ്ങളുടെ ഈ മൽസരങ്ങളിലെ ശരാശരിയേക്കാൾ 1.97 ഇരട്ടിയാണ് സച്ചിന്റെ ശരാശരി. ഈ 23 ടെസ്റ്റുകളിൽ സച്ചിന്റെ റൺ ശരാശരി 54.48 ആയിരുന്നെങ്കിലും ആദ്യ എട്ടിലെ ബാക്കി ഏഴു പേരുടെ റൺ ശരാശരി 28.13 മാത്രം.

ഇനി വ്യക്തികളെ പരിഗണിച്ചാൽ, സച്ചിനൊപ്പം കളിച്ചവരിൽ രാഹുൽ ദ്രാവിഡ്, സൗരവ്‍ ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ 40നു മുകളിൽ ശരാശരി നിലനിർത്തിയവരാണ്. അതേസമയം, മുഹമ്മദ് അസ്ഹറുദ്ദീൻ (25.24), സഞ്ജയ് മഞ്ജരേക്കർ (23.94), നവ്ജ്യോത് സിങ് സിദ്ധു (23.45), ദിലീപ് വെങ്സർക്കാർ (17.55) തുടങ്ങിയവർ തീർത്തും നിരാശപ്പെടുത്തി.

കോഹ്‍ലിയുടെ കാര്യം പരിഗണിച്ചാൽ, ഈ മൽസരങ്ങളിൽ 40ന് മുകളിൽ റൺ ശരാശരിയുള്ളത് അജിങ്ക്യ രഹാനെയ്ക്കു മാത്രം. മുരളി വിജയ് ഭേദപ്പെട്ടു നിൽക്കുന്നെങ്കിലും ശരാശരി 35.52 മാത്രം. ചേതേശ്വർ പൂജാര (28.76), ശിഖർ ധവാന്‍ (27.12), മഹേന്ദ്രസിങ് ധോണി (31.05) എന്നിങ്ങനെയാണ് ഇവരുടെ പ്രകടനം. ബോളറായ ഭുവനേശ്വർ കുമാറിന് 30.61 റൺ ശരാശരിയുണ്ടെന്ന് ഓർക്കുക.

(ക്രിക് ഇൻഫോയിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ അധികരിച്ച് തയാറാക്കിയത്)