Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രഥമ വനിത’ മുന്നിൽ, ഉപനായകൻ പിന്നിൽ; അനുഷ്കയെന്ന് ഇന്ത്യൻ ടീമിലെത്തിയെന്ന് സോഷ്യൽ മീഡിയ

indian-team-at-london-high-commission ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ വിരുന്നിനുശേഷം ഇന്ത്യൻ ടീം ചിത്രത്തിന് പോസ് ചെയ്യുന്നു. ബിസിസിഐ ട്വീറ്റ് ചെയ്ത ഈ ചിത്രത്തിൽ കോഹ്‍ലിയുടെ ഭാര്യ അനുഷ്ക ശർമ മുന്നിലും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പിന്നിലും നിൽക്കുന്നതാണ് വൃത്തങ്ങളിൽ.

ലണ്ടന്‍∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലിയുടെ ഭാര്യയെന്ന നിലയിൽ ടീമിന്റെ ‘പ്രഥമ വനിത’യാണോ ബോളിവുഡ് നടി അനുഷ്ക ശർമ? ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകിയ വിരുന്നിനുശേഷമെടുത്ത ചിത്രത്തിൽ ടീമിന്റെ മുൻനിരയിൽ കോഹ്‍ലിക്കൊപ്പം അനുഷ്കയെയും കണ്ടതോടെയാണ് ഈ ചോദ്യമുയർന്നത്. ടീമിലെ മറ്റു താരങ്ങളുടെ ഭാര്യമാരാരും ചിത്രത്തിലില്ലതാനും! വിരുന്നിനു പിന്നാലെ ബിസിസിഐയാണ്, ‘ഇന്ത്യൻ ടീം അംഗങ്ങൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ’ എന്ന കുറിപ്പോടെ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് അനുഷ്ക ടീം ഇന്ത്യയുടെ ‘പ്രഥമ വനിത’യാണോ എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായത്. അതേസമയം, മൂന്നാം ടെസ്റ്റ് കഴിയുന്നതുവരെ ഭാര്യമാരെയും വനിതാ സുഹൃത്തുക്കളെയും ഇംഗ്ലണ്ടിലേക്കു കൊണ്ടുവരുന്നതിന് താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതായും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിലും കോഹ്‍ലിയുടെ ഭാര്യ മാത്രം എങ്ങനെ ടീമിനൊപ്പമെത്തി എന്നും ആരാധകർ ചോദിക്കുന്നു.

ഇന്ത്യൻ ടീമിന് ഔദ്യോഗികമായി ഹൈക്കമ്മിഷൻ നൽകിയ വിരുന്നിൽ കോഹ്‍ലിയുെട ഭാര്യ എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യവും ചിലർ ഉയർത്തുന്നു. അതിന് ടീം മാനേജ്മെന്റ് അനുമതി നൽകിയതാണെങ്കില്‍ മറ്റു താരങ്ങളുടെ ഭാര്യമാർ എവിടെയെന്നാണ് ഇവരുടെ മറുചോദ്യം.

അനുഷ്ക ശർമ എന്നുമുതലാണ് ഇന്ത്യയ്ക്കായി കളിക്കാൻ തുടങ്ങിയതെന്ന പരിഹാസം ഉയർത്തുന്നവരും കുറവല്ല. ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ബിസിസിഐയുടെ ഉള്ള വിശ്വാസ്യതകൂടി നഷ്ടമായെന്നാണ് ചില ആരാധകരുടെ ട്വീറ്റ്.

ഇതിനെല്ലാം പുറമെ, ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെ ചിത്രമെടുക്കുമ്പോൾ ഏറ്റവും പിന്നിൽ നിർത്തിയതിന്റെ സാംഗത്യത്തെയും ചിലർ ചോദ്യം ചെയ്യുന്നു. ക്യാപ്റ്റൻ കോഹ്‍ലി, പരിശീലകൻ രവി ശാസ്ത്രി, ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ തുടങ്ങിയവർക്ക് മുൻനിരയിൽ ഇടമുള്ളപ്പോഴാണ് വൈസ് ക്യാപ്റ്റൻ രഹാനെയെ ഏറ്റവും പിന്നിൽ കൊണ്ടുപോയി നിർത്തിയതെന്നാണ് ഇവരുടെ വിമർശനം.

related stories