Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗാർക്കർ വരെ സെഞ്ചുറിയടിച്ച ഗ്രൗണ്ടാണ്, എന്നാലും...; ഇന്ത്യ ടെൻഷനിലാണ്

indian-team-lords ലോർഡ്സ് ക്രിക്കറ്റ് മൈതാനത്തേക്ക് പരിശീലനത്തിന് എത്തുന്ന ഇന്ത്യൻ താരങ്ങൾ.

ലണ്ടൻ ∙ ‘സച്ചിൻ തെൻഡുൽക്കർ വലിയ ബാറ്റ്സ്മാനായിരിക്കാം. പക്ഷേ ലോർഡ്സിലെ ഓണേഴ്സ് ബോർഡിൽ അദ്ദേഹത്തിന്റെ പേരില്ലല്ലോ..?– മുൻ ഇംഗ്ലിഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ട് ഒരിക്കൽ പറഞ്ഞു. ലോർഡ്സിൽ സെ​ഞ്ചുറിയോ ഇന്നിങ്സിൽ അഞ്ചു വിക്കറ്റോ മൽസരത്തിൽ പത്തു വിക്കറ്റോ നേടുന്നവരാണ് ഓണേഴ്സ് ബോർഡിൽ ഇടം പിടിക്കുക. ഉരുളക്കുപ്പേരി പോലെ ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ബോയ്ക്കോട്ടിനു മറുപടി നൽകി: ‘ആരുടെ നഷ്ടമാണത്. സച്ചിന്റെയോ അതോ ലോർഡ്സിന്റെയോ..?.

ഭോഗ്‌ലെ അങ്ങനെ പറഞ്ഞെങ്കിലും ലോർഡ്സിൽ ഒരു സെഞ്ചുറി എന്നത് സച്ചിന്റെ കരിയറിലെ അപൂർണത തന്നെയാണ്. ലോകത്തെ ഏതു മൈതാനത്തു നേടുന്നതിലും കനം കൂടും ഇവിടെയൊരു സെഞ്ചുറി നേടുന്നതിന്. അതു കൊണ്ടാണ് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സാർക്കർ പറഞ്ഞത്: ‘എവിടെപ്പോയി കളിക്കുമ്പോഴും ഈ പിച്ചും കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നു’. ലോർഡ്സിൽ മൂന്നു സെഞ്ചുറികൾ നേടിയ വീരനാണ് വെങ്സാർക്കർ. സൗരവ് ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിലേക്ക് ബാറ്റു കുത്തിയതു തന്നെ ഇവിടെ സെഞ്ചുറിയടിച്ചാണ്. എന്തിന് അജിത് അഗാർക്കർക്കു വരെയുണ്ട് ഇവിടെ ഒരു സെഞ്ചുറി!

പക്ഷേ, ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഇന്നു ലോർഡ്സിൽ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കു പ്രചോദനമേകുന്നത് പിച്ചിലെ ഈ ഓർമചിത്രങ്ങളല്ല; ലോർഡ്സ് ബാൽക്കണിയിൽ നിന്നുള്ള രണ്ട് ദൃശ്യങ്ങളാണ്. 1983ൽ ഏകദിന ലോകകപ്പിൽ കപിൽ ദേവ് കിരീടമുയർത്തിയത് ഇവിടെയാണ്. 2002 നാറ്റ്‌വെസ്റ്റ് ചാംപ്യൻഷിപ്പിലെ വീരോചിത വിജയത്തിനുശേഷം സൗരവ് ഗാംഗുലി ജഴ്സിയൂരി വീശിയതും ഇവിടെ. ലോർഡ്സ് വിരാട് കോഹ്‌ലിക്കു കാത്തു വച്ചിരിക്കുന്നത് എന്താകും? ഇന്ത്യൻ സമയം 3.30 മുതലാണ് മൽസരം. 

∙ മൂന്നാമതൊരാൾ

ഇന്ത്യ ഉറ്റു നോക്കുന്നത് ഒരു സെഞ്ചുറിക്കല്ല, സെഞ്ചുറികൾക്കാണ്. എജ്ബാസ്റ്റനിലെ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലി സെ​ഞ്ചുറിയടിച്ചിട്ടും ഇന്ത്യ തോറ്റു. ഒപ്പം ഒരാളെങ്കിലും സെഞ്ചുറിയടിച്ചിരുന്നെങ്കിൽ അന്നു ജയിച്ചേനെ. ആരു ഫോമാകും എന്നതിനൊപ്പം ആരെ ഇറക്കും എന്നതും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും കോച്ച് രവി ശാസ്ത്രിയെയും അലട്ടുന്നുണ്ട്. കാലങ്ങളായി തുടരുന്ന വൺഡൗൺ പൊസിഷനിലെ പരീക്ഷണം ഇന്ത്യ ഇത്തവണയും തുടർന്നേക്കാം.

എജ്ബാസ്റ്റനിൽ ചേതേശ്വർ പൂജാരയെ പുറത്തിരുത്തി കെ.എൽ.രാഹുലിനെയാണ് കോഹ്‌ലി ഇറക്കിയത്. ഫോമിലല്ലാത്ത ശിഖർ ധവാനെ ഓപ്പണിങ് സ്ഥാനത്ത് നിലനിർത്തുകയും ചെയ്തു. പൂജാര അത്ര പോലും ഫോമിലല്ലാത്തതാണ് ധവാനു തുണയായത്. ഓസ്ട്രേലിയയിൽ കളിച്ച മൂന്നു ടെസ്റ്റുകളിൽ 201 റൺസ് മാത്രമാണ് പൂജാര നേടിയത്. സ്ട്രൈക്ക് റേറ്റും ഒട്ടും ആശാവഹമല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ ജമൈക്ക ടെസ്റ്റിൽ പൂജാര 46 റൺസ് നേടിയത് 223 പന്തിൽ; സ്ട്രൈക്ക് റേറ്റ് വെറും 28.93.

യോർക്ക്ഷെറിനു വേണ്ടി സീസണിൽ കൗണ്ടി ക്രിക്കറ്റ് കളിച്ചതാണ് പൂജാരയ്ക്കുള്ള ആനുകൂല്യം. അവിടെയും തിളങ്ങിയില്ലെങ്കിലും മൽസരപരിചയം ഇന്ത്യ വിലമതിച്ചേക്കാം. പക്ഷേ എജ്ബാസ്റ്റനിലേത് ബാറ്റിങ്ങിനെ അത്ര തുണക്കാത്ത പിച്ചായിരുന്നതിനാൽ ധവാനും രാഹുലിനും ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത കൂടുതൽ. 26, 13 എന്നിങ്ങനെയായിരുന്നു ആദ്യ ടെസ്റ്റിൽ ധവാന്റെ സ്കോർ. രാഹുൽ നാല്, 13 എന്നിങ്ങനെ. 

∙ റൂട്ട് ക്ലിയർ

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് അത്ര തലവേദനയില്ല. ഡേവിഡ് മാലൻ പുറത്തായി. ബെൻ സ്റ്റോക്സ് അടിപിടിക്കേസിൽ വിചാരണയിലാണ്. രണ്ടു സ്പിന്നർമാരെ കളിപ്പിക്കണോ വേണ്ടയോ എന്നതു മാത്രമാണ് റൂട്ടിനു തീരുമാനിക്കേണ്ടി വരിക. യെസ് എന്നാണ് ഉത്തരമെങ്കിൽ മൊയീൻ അലി ടീമിലെത്തും. ഇരുപതുകാരൻ ബാറ്റ്സ്മാൻ ഒളിവർ പോപ്പിന് അരങ്ങേറ്റം ലഭിക്കാനും സാധ്യത. ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, സാം കറൻ എന്നിവർ പേസ് ആക്രമണം നയിക്കും.

എജ്ബാസ്റ്റനിലേതിനെക്കാളും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാകും ലോർഡ്സിലേത് എന്നാണ് വിലയിരുത്തൽ. അതിനാൽ ഇന്ത്യയും രണ്ടു സ്പിന്നർമാരെ കളിപ്പിച്ചേക്കാം. 2014ൽ അവസാനമായി ഇന്ത്യ ഇവിടെ ജയിച്ചപ്പോൾ ഓൾറൗണ്ട് മികവുമായി രവീന്ദ്ര ജഡേജ തിളങ്ങിയിരുന്നു. എന്നാൽ കുൽദീപ് യാദവ് ഇപ്പോഴും ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർക്കു പിടികിട്ടാത്ത ആയുധമായി ഇന്ത്യയുടെ ആവനാഴിയിലുണ്ട്.

ഇന്നലെ നെറ്റ്സിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ കുൽദീപ് ഏറെ നേരം പന്തെറിഞ്ഞിരുന്നു. പലവട്ടം ക്യാപ്റ്റനെ കബളിപ്പിക്കുകയും ചെയ്തു. അപ്പോഴൊക്കെയും കോഹ്‌ലി കുൽദീപിനു നേരെ കൈ കൊണ്ട് ‘ലൈക്ക്’ അടിച്ചു. ടീമിലേക്കുള്ള വിളി കൂടിയാണോ അത്? ഇന്ത്യൻ സമയം 3.30നാണ് മൽസരത്തിനു തുടക്കം. 

ടീം ഇവരിൽ നിന്ന്:

ഇന്ത്യ– വിരാട് കോഹ്‍‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത്, കരുൺ നായർ, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി

ഇംഗ്ലണ്ട്– ജോ റൂട്ട് (ക്യാപ്റ്റൻ), അലസ്റ്റയർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ, ഒളിവർ പോപ്പ്, മൊയീൻ അലി, ആദിൽ റാഷിദ്, ജാമി പോർട്ടർ, സാം കറൻ, ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.