Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴപ്പെയ്ത്തിനിടെ ആകെ കിട്ടിയത് 35.2 ഓവർ; അതിനിടെ ഇന്ത്യയെ 107ന് എറിഞ്ഞിട്ടു

james-anderson ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക് സാം കറന്റെ പന്തിൽ ക്ലീൻ‌ ബോൾഡായപ്പോൾ.

ലോർഡ്സ്∙ ആദ്യ ദിവസം ലോർഡ്സിൽ ഉഗ്രപ്രതാപത്തിൽ പെയ്തിറങ്ങിയ മഴ രണ്ടാം ദിനത്തിന്റെ ആദ്യ രണ്ടു സെഷനുകളയും കൊണ്ടുപോയി. തകർത്തു പെയ്ത മഴയ്ക്കിടെ വീണുകിട്ടിയ 36 ഓവറുകളിൽ ഇംഗ്ലണ്ട് പേസർമാർ ലോർഡ്സിൽ തീയുണ്ടകൾ തീർത്തതോടെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 107നു പുറത്ത്. ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേർസൻ അഞ്ചും, ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി. എജ്ബാസ്റ്റനിലെ ആദ്യ ടെസ്റ്റ് 31 റൺസിനു ജയിച്ച ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1–0നു മുന്നിലാണ്.

പിച്ചിൽ നിലനിൽക്കുന്ന ഈർപ്പം ബോളർമാർക്കു സഹായകമാകും എന്നതിനാൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. രാവിലെ മഴ അകന്നുനിന്നതോടെ പിച്ച് പരിശോധനയും ടോസും പൂർത്തിയാക്കി രണ്ടാം ദിനം കൃത്യസമയത്തുതന്നെ കളി തുടങ്ങി. ചേതേശ്വർ പുജാര ടീമിലേക്കു മടങ്ങിയെത്തിയപ്പോൾ ശിഖർ ധവാൻ ടീമിനു പുറത്തായി. കെ.എൽ. രാഹുലാണ് മുരളി വിജയ്ക്കൊപ്പം ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യാനത്തിയത്.

ലോർഡ്സിൽ മികച്ച റെക്കോർഡുള്ള ജയിംസ് ആൻഡേഴ്സൻ എറിഞ്ഞ ആദ്യ ഓവറിലെ സ്വപ്നതുല്യമായ അഞ്ചാം പന്ത് വിജയ്‌യുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. മിഡിൽ സ്റ്റംപ് ലൈനിൽവന്ന ആൻഡേഴ്സന്റെ ഫുൾ ലെങ്ത് ബോൾ ഇടതുവശത്തേക്ക് തെന്നിമാറി വിജയ്‌യുടെ ബാറ്റിന്റെ ഓരം ചേർന്നു മൂളിപ്പാഞ്ഞ് ഓഫ്സ്റ്റംപെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ പൂജാരയ്ക്കെതിരെ അഞ്ചു സ്ലിപ് ഫീൽഡർമാരെയാണു റൂട്ട് വിന്യസിച്ചത്.

ആൻഡേഴ്സനൊപ്പം പന്തെറിയാനെത്തിയ സ്റ്റുവർട്ട് ബ്രോഡും പന്തു നന്നായി സ്വിങ് ചെയ്യിച്ചതോടെ രാഹുലും പുജാരയും കുഴങ്ങി. ഏഴാം ഓവറിൽ രാഹുലിനെയും (8) ആൻഡേഴ്സൻ മടക്കി. ഓഫ് സ്റ്റംപ് ലൈനിൽ വന്ന പന്ത് രാഹുലിന്റെ ബാറ്റിന്റെ വശത്ത് ഉരസി സ്ലിപിൽ നിലയുറപ്പിച്ച ജോണി ബെയർസ്റ്റോയുടെ കൈകളിൽ. ആൻഡേർസന്റെ 350–ാം ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

നാലാമനായി ഇറങ്ങിയ നായകൻ വിരാട് കോഹ്‌ലിയും പൂജാരയും ബാറ്റു ചെയ്യുന്നതിനിടെ മഴയെത്തിയതോടെ കളി തടസപ്പെട്ടു. 6.3 ഓവറിൽ രണ്ടു വിക്കറ്റിനു 11 ആയിരുന്നു ഇന്ത്യൻ സ്കോർ. രണ്ടു മണിക്കൂറിനുശേഷം കളി പുനരാരംഭിക്കാനായെങ്കിലും രണ്ട് ഓവറുകൾക്കു ശേഷം ഓട്ടത്തിനിടെയുള്ള ആശയക്കുഴപ്പത്തിനിടെ പുജാര(1) റണ്ണൗട്ടായതോടെ വീണ്ടും മഴയെത്തി.

പിന്നീടു മൽസരം പുനരാരംഭിച്ചത് മൂന്നര മണിക്കൂറുകൾക്കു ശേഷം. ക്രിസ് വോക്സിന്റെ പന്തിൽ ബട്‌ലർക്കു ക്യാച്ച് നൽകി കോഹ്‌ലിയും (23) മടങ്ങി. ഹാർദികിനും (11), ദിനേഷ് കാർത്തികിനും ഇംഗ്ലിഷ് പേസർമാർക്കുമുന്നിൽ പിടിച്ചു നിൽക്കാനായില്ല. വിക്കറ്റിന്റെ ഒരറ്റം കാത്ത രഹാനയെയും (11) ബട്‌ലറുടെ കൈകളിലെത്തിച്ച് ആൻഡേഴ്സൻ മടക്കി. പൊരുതി നിന്ന അശ്വിനെ (29) ബ്രോഡ് മടക്കിയപ്പോൾ കുൽദീപിനെയും ഇഷാന്തിനെയും പൂജ്യത്തിനു മടക്കി ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് നേട്ടം തികച്ചു.

related stories