ക്രിസ് വോക്സിന് കന്നി ടെസ്റ്റ് സെഞ്ചുറി; രണ്ടാം മൽസരത്തിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ലണ്ടൻ ∙ മഴ ദൈവങ്ങളും ക്രിക്കറ്റ് ദൈവങ്ങളും ലോർഡ്സ് ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യയെ കൈവിട്ടു. ലോർഡ്സിലെ പേസ് വിക്കറ്റിൽ കരുതലോടെ ബാറ്റുചെയ്ത ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരത്തിലും കുതിക്കുന്നു. വെളിച്ചക്കുറവു മൂലം നേരത്തെ അവസാനിപ്പിച്ച മൂന്നാം ദിവസത്തെ കളിയിൽ ഇംഗ്ലണ്ട് 6 വിക്കറ്റിന് 357 റൺസെടുത്തു. ഒന്നാം ഇന്നിങ്ങ്സിൽ 250 റൺസ് ലീഡുണ്ട് ഇംഗ്ലണ്ടിനിപ്പോൾ. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ ക്രിസ് വോക്സും (120 ബാറ്റിങ്ങ്), ജോണി ബെയർസ്റ്റോയുമാണ് (93) മൽസരം ഇന്ത്യയിൽനിന്നു തട്ടിയെടുത്തത്.

    131 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ബെയർസ്റ്റോ– വോക്സ് സഖ്യം ആറാം വിക്കറ്റിൽ  സഖ്യം 189 റൺസ് ചേർത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സ് 107 റൺസിന് അവസാനിച്ചിരുന്നു. രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ മൽസരം രക്ഷിച്ചെടുക്കണമെങ്കിൽ രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു കാര്യമായി അധ്വാനിക്കേണ്ടിവരും

ആദ്യ സെഷനിൽ ഇന്ത്യ 

എട്ടാം ഓവറിൽ ഇംഗ്ലണ്ട് ഓപ്പണർ കീറ്റൻ ജെന്നിങ്ങിസിനെ (11) മടക്കിയ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ആശിച്ച തുടക്കമാണു നൽകിയത്.  ഓഫ് സ്റ്റ്ംപിനു പുറത്തു പിച്ച് ചെയ്ത ഷമിയുടെ ഇൻസ്വിങ്ങർ ജെന്നിങ്ങ്സിന്റെ മുട്ടിലിടിച്ചോടെ അംപയർ ഔട്ട് വിധിച്ചു. ഇംഗ്ലണ്ട് റിവ്യൂവിനു പോയെങ്കിലും ഫലമുണ്ടായില്ല. തകർപ്പൻ ഫോമിൽ കളിച്ചിരുന്ന അലയ്സ്റ്റർ കുക്കും (21) തൊട്ടടുത്ത ഓവറിൽ പുറത്തായി. 

വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമയാണു കുക്കിനെ മടക്കിയത്.പന്ത് മികച്ച രീതിയിൽ സ്വിങ് ചെയ്യിച്ച മുഹമ്മദ് ഷമിക്കെതിരെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അരങ്ങേറ്റക്കാരൻ ഒലി പോപ്പും വളരെ ശ്രദ്ധിച്ചാണു പിന്നീടു ബാറ്റു വീശിയത്. ഇരു ബാറ്റ്സ്മാൻമാരും ഷമിയെ പ്രതിരോധിച്ചു തുടങ്ങിയതോടെ കോഹ്‌ലി കുൽദീപ് യാദവിനെ പന്തേൽപ്പിച്ചു, പക്ഷേ ഫലമുണ്ടായില്ല. 

പക്ഷേ കുൽദീപിനൊപ്പം പന്തെറിയാനെത്തിയ ഹാർദിക് പോപ്പിനെ (28) വീഴ്ത്തി. ഹാർദികിന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പോപ്പ് പുറത്ത്. ഇംഗ്ലണ്ട് രണ്ടാം വട്ടവും റിവ്യുവിനു പോയെങ്കിലും കാര്യമുണ്ടായില്ല. മികച്ച രീതിയിൽ ബാറ്റുചെയ്തിരുന്ന റൂട്ട് ഉച്ചഭക്ഷണത്തിനു മുൻപുള്ള അവസാന പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. മുഹമ്മദ് ഷമിക്കുതന്നെയായിരുന്നു വിക്കറ്റ്. 4–89 എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിപ്പിച്ചതോടെ ഇന്ത്യയും പ്രതീക്ഷയിലായി.

തിരിച്ചടിച്ച് ഇംഗ്ലണ്ട്

ജോസ് ബ‌ട്‌ലറുടെ ഇന്നിങ്ങ്സും (24) അധികം നീണ്ടില്ല. ഷമിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ബട്‌ലർ പുറത്താകുമ്പോൾ 5–131 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. വാലറ്റത്തെ ചുരുട്ടിക്കെട്ടി ഇംഗ്ലണ്ടിന്റെ ലീഡ് നില കുറയ്ക്കാമെന്നുള്ള കോഹ്‌ലിയുടെ കണക്കുകൂട്ടൽ പൂർണമായും തെറ്റുകയായിരുന്നു പിന്നീട്. ഒരറ്റത്തു പിടിച്ചുനിന്നിരുന്ന ബെയർസ്റ്റോയ്ക്കൊപ്പം ക്രിസ് വോക്സ് ഒത്തുചേർന്നതോടെ ഇന്ത്യൻ ബോളർമാരുടെ മേൽക്കൈ നഷ്ടമായി. പേസർമാർക്കെതിരെ കരുതലോടെ ബാറ്റുചെയ്ത സഖ്യം റൺസ് നേടിത്തുടങ്ങിയതോടെ ഇന്ത്യ അങ്കലാപ്പിലായി. 

സ്പിന്നർമാരായെ അശ്വിനെയും കുൽദീപ് യാദവിനെയും സഖ്യം അനായാസം നേരിട്ടതോടെ കോഹ്‌ലി ബോളർമാരെ അടിക്കടി മാറ്റി. കുൽദീപിനെ ബൗണ്ടറി കടത്തി ബെയർസ്റ്റോ മൽസരത്തിലെ ആദ്യ അർധ സെഞ്ചുറി സ്വന്തമാക്കി. തൊട്ടു പിന്നാലെ വോക്സും അർധ സെഞ്ചുറി തികച്ചതോടെ 5–230 എന്ന നിലയിൽ ഇംഗ്ലണ്ട് ചായയ്ക്കു പിരിഞ്ഞു. ചായയ്ക്കുശേഷം സഖ്യം സ്കോറിങ് വേഗത കൂട്ടിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ്നിലയും ഉയർന്നുതുടങ്ങി. ഇതിനിടെ വോക്സ് ടെസ്റ്റിലെ കന്നി സെഞ്ചുറിയും തികച്ചു. സെഞ്ചുറിയിലേക്കു കുതിച്ച ബെയർസ്റ്റോയെ ഹാർദിക് മടക്കിയെങ്കിലും അതിനകം ഇംഗ്ലണ്ട് സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു. സാം കറനാണ്(22) വോക്സിനൊപ്പം ക്രീസിൽ.